കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല; പാര്‍ട്ടി തീരുമാനം എല്ലാവര്ക്കും ബാധകം: എം.വി ഗോവിന്ദന്
കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല; പാര്‍ട്ടി തീരുമാനം എല്ലാവര്ക്കും ബാധകം: എം.വി ഗോവിന്ദന്
കോഴിക്കോട്: ഏക സിവില്‍കോഡിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് പങ്കെടുക്കാത്തതിന് വ്യക്തമായ മറുപടി നല്‍കാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സി.പി.എം നടത്തുന്ന പരിപാടിയില്‍ എല്‍.ഡി.എഫ് കണ്‍വീനറെ ആരും ക്ഷണിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
'സെമിനാറിലേക്ക് ഇ പി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല. ജയരാജന് പങ്കെടുക്കാത്തതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. ആരെയും നിര്‍ബന്ധിക്കാന്‍ പറ്റില്ലല്ലോ. ക്ഷണിച്ചിട്ടല്ല ഞാന്‍ സെമിനാറിന് വന്നത്. പാര്‍ട്ടി സെക്രട്ടറിയെന്ന ഉത്തരവാദിത്തമുള്ളതുകൊണ്ട് വന്നു. ആര്‍ക്കും സെമിനാറിലേക്ക് വരാം, വരാതിരിക്കാം.'- എം വി ഗോവിന്ദന് പ്രതികരിച്ചു.
എല്‍.ഡി.എഫ് ജാഥ നടത്തിയപ്പോഴും പങ്കെടുക്കില്ലെന്ന് നിങ്ങള്‍( മാധ്യമങ്ങള്‍) പറഞ്ഞില്ലേ.. പിന്നെ അദ്ദേഹം പങ്കെടുത്തില്ലേ.. അതുപോലെ വേറെ പരിപാടികളില്‍ പങ്കെടുക്കും. നിരവധി പരിപാടികള്‍ ഇനി വരാന്‍ പോവുകയാണ്. അതില്‍ ജയരാജന് അടക്കമുള്ളവര്‍ പങ്കെടുക്കും. - അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ സെമിനാര്‍ ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ ആദ്യത്തെ പരിപാടിയാണ്. ഇടതുമുന്നണിയുടെ പരിപാടിയല്ല. ജയരാജന്റെ പേര് നോട്ടീസില്‍ ഉണ്ടായിരുന്നില്ല. മറ്റ് വിഷയങ്ങളില്‍ ആരെങ്കിലും ക്ഷണിച്ചിട്ടല്ല താന്‍ സെമിനാറില്‍ പങ്കെടുക്കുന്നതെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
അതേസമയം ജോര്‍ജ് എം. തോമസിനെതിരായ നടപടി സംഘടനാപരമാണെന്നും മാധ്യമങ്ങളോട് പറയാന്‍ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."