HOME
DETAILS

പ്രതിസന്ധിക്കിടയിലും വാനോളംപ്രതീക്ഷ; കാറ്റുവീശുന്നതാർക്കൊപ്പം

  
backup
July 15 2023 | 18:07 PM

todays-article-by-c-v-sreejith

സി.വി ശ്രീജിത്ത്

മണ്ണൊരുങ്ങി. ഇനി പ്രതിപക്ഷ പാർട്ടികളുടെ മനസാണൊരുങ്ങേണ്ടത്. അതിനാണവർ ജൂലൈ 17നും 18നും ബംഗളൂരുവിൽ ഒത്തുചേരുന്നത്. പട്‌നാ യോഗം പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വലിയ ഊർജമാണ് പകർന്നത്. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ മഹാരാഷ്ട്രയിൽ എൻ.സി.പിയെ പിളർത്തി ഒരു കൂട്ടരെ ഒപ്പം ചേർത്ത് ബി.ജെ.പി പ്രതിപക്ഷത്തെ ഞെട്ടിച്ചു. ഇതാദ്യമല്ല, പ്രതിപക്ഷത്തെ പിളർത്തി ബി.ജെ.പി ശക്തി വർധിപ്പിക്കുന്നത്.


മധ്യപ്രദേശിലും ഗോവയിലും നേരത്തെ കർണാടകയിലും ഇതേ രീതിയിലാണ് ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിച്ചത്. അവരുടെ രാഷ്ട്രീയ തന്ത്രങ്ങളെ അതിജീവിച്ചു വേണം പ്രതിപക്ഷത്തിന് ലക്ഷ്യത്തിലെത്താൻ. തരംപോലെ വർഗീയ കാർഡും വിദ്വേഷ പ്രചാരണവും ഒപ്പം ഇ.ഡിയും സി.ബി.ഐയും ചേർന്ന പ്രയോഗത്തിലൂടെയുമാണ് ബി.ജെ.പി മാജിക് നമ്പർ തികയ്ക്കുക. ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ സമീപനം പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഉണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നതും.


ഇതിനായി കശ്മിർ മുതൽ കന്യാകുമാരി വരെ ഓരോ സംസ്ഥാനത്തും ഏറ്റവും അനുയോജ്യമായ അടവുനയങ്ങൾ രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾക്കാവണം. ചില സംസ്ഥാനങ്ങളിൽ ഒരു വിധത്തിലും സഖ്യമായി മാറാനുള്ള സാഹചര്യമില്ലെന്ന തിരിച്ചറിവോടെ തന്നെ, അവിടങ്ങളിൽ ബി.ജെ.പിയെ പ്രതിരോധിക്കാനുള്ള ധാരണകൾ രൂപപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിയേണ്ടതുണ്ട്. ഇക്കാര്യത്തിലുൾപ്പെടെ വലുപ്പചെറുപ്പമില്ലാതെ വിട്ടുവീഴ്ച ചെയ്യാനുള്ള മനസാണ് പ്രതിപക്ഷ പാർട്ടികൾ ആദ്യം കാട്ടേണ്ടത്. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ധാരണ രൂപപ്പെടുത്താനായി ഓരോ സംസ്ഥാനത്തും ദേശീയ നേതാക്കൾ നേരിട്ടെത്തി പ്രത്യേക 'ഓപറേഷൻ' തന്നെ നടത്തേണ്ടി വരും.

ബംഗാളിൽ മമതയുടെ സ്വാധീനം മറച്ചുവച്ചുകൊണ്ടുള്ള സമീപനം കോൺഗ്രസും സി.പി.എമ്മും ഇനിയും സ്വീകരിക്കുന്നത് തികച്ചും ആത്മഹത്യാപരമായിരിക്കും. ബി.ജെ.പി അത്രയൊന്നും ശക്തിപ്പെടാത്ത കാലത്തെ രാഷ്ട്രീയ അടവ് ഇന്നും തുടരണമെന്ന നിലപാട് വിശാലാടിസ്ഥാനത്തിൽ ദേശീയ ബദലിന് അനുഗുണമാകില്ല. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മമത കൂടുതൽ കരുത്തയായി മാറി. ബി.ജെ.പിയാവട്ടെ തങ്ങളുടെ വോട്ടുനിലയും സീറ്റുകണക്കും വർധിപ്പിക്കുന്നുമുണ്ട്. എന്നാൽ, സി.പി.എമ്മും കോൺഗ്രസും ഒട്ടും മെച്ചമല്ലാത്ത നിലയിൽ തന്നെ തുടരുകയാണ്.

ഇനിയും പരസ്പരം മത്സരിച്ച് വോട്ട് ഭിന്നിപ്പിക്കണമോ എന്ന് ഡൽഹി ലക്ഷ്യം വയ്ക്കുന്ന പാർട്ടികളാണ് ആലോചിക്കേണ്ടത്. ബംഗാളിൽ ബി.ജെ.പിക്കെതിരേ ഒന്നിച്ചു നിൽക്കാനായാൽ അത് വലിയ സന്ദേശം തന്നെ രാജ്യത്തിന് നൽകും. ബി.ജെ.പിയുടെ സ്വാധീനമേഖലകളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള നിലപാടുകളാണ് സഖ്യരൂപീകരണത്തിൽ പ്രധാനമായും ഉണ്ടാവേണ്ടത്. ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും ബി.ജെ.പി പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും യു.പി, ഗുജറാത്ത് എന്നിവിടങ്ങളിൽ വലിയ തകർച്ചയുണ്ടാകാനിടയില്ല. എന്നാൽ, എസ്.പി, ബി.എസ്.പി, കോൺഗ്രസ് സഖ്യം ഒറ്റമനസോടെ യു.പിയിലിറങ്ങിയാൽ ബി.ജെ.പി വിയർക്കും.

അതേസമയം, യു.പിയിൽ സമാജ്‌വാദി പാർട്ടിയുടെ സ്വാധീനം വിസ്മരിച്ച് കോൺഗ്രസ് വിലപേശലിന് തയാറായാൽ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാവും.
മഹാരാഷ്ട്രയിൽ നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിക്കോ സഖ്യകക്ഷികൾക്കോ വലിയ നേട്ടമുണ്ടാക്കാനാകില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ഈസി വാക്കോവറാണെന്ന് ബി.ജെ.പി കരുതുന്നുമില്ല. ഹിമാചൽ, ഹരിയാന, ബിഹാർ, ചത്തീസ്ഗഡ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്നില്ല. ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ നിലവിലെ അവസ്ഥയിൽ മാറ്റമുണ്ടാക്കുന്ന സാഹചര്യം എന്തായാലും ഇപ്പോഴില്ല.

പ്രതിപക്ഷത്തിനൊപ്പമില്ലെങ്കിലും തെലങ്കാനയിലെ ബി.ആർ.എസും ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസും ബി.ജെ.പിക്ക് എതിരായ നിലപാടിലാണിപ്പോഴുമുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. ഫലത്തിൽ 15ൽ അധികം സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾക്ക് നിർണായകമായ സ്വാധീനമുണ്ട്. ബാക്കിയുള്ളിടത്താണെങ്കിൽ ബി.ജെ.പി പലവിധത്തിലുള്ള പ്രാദേശിക വെല്ലുവിളികളും നേരിടുന്നു. ജനമനസ് എതിരാണെന്ന നിശ്ചയമുള്ളതിനാലാണ്,

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ മത്സരിക്കാനുള്ള നീക്കം പോലും ബി.ജെ.പി കേന്ദ്രങ്ങൾ ആലോചിച്ചത്. കോൺഗ്രസിന് അവരുടെ സ്വാധീന മേഖലകൾ നിലനിർത്താനും മറ്റ് പാർട്ടികളുടെ മേഖലകളിൽ ആവശ്യമായ വിട്ടുവീഴ്ചയും അടവുനയങ്ങളും സ്വീകരിക്കാനുമായാൽ 2024 പ്രതീക്ഷ പകരുന്ന തെരഞ്ഞെടുപ്പായി മാറ്റാൻ കഴിയും.


ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ ഉത്തർപ്രദേശ് 80, മഹാരാഷ്ട്ര 48, പശ്ചിമ ബംഗാൾ 42, ബിഹാർ 40, തമിഴ്‌നാട് 39 എന്നിവ ചേർന്നാൽ ആകെ 249 സീറ്റാണ്. ഇതിൽ ഉത്തർപ്രദേശിലൊഴികെ മറ്റിടങ്ങളില്ലെല്ലാം പ്രതിപക്ഷത്തിന് വ്യക്തമായ സഖ്യങ്ങളും ധാരണകളുമുണ്ട്. പകുതിയോളം വരുന്ന ഈ സീറ്റുകളിൽ നിന്ന് എത്ര സമാഹരിക്കാനാകുന്നുവോ അത്രയും ബി.ജെ.പിയുടെ സാധ്യത മങ്ങും. പകരം പ്രതിപക്ഷത്തിന്റെ കരുത്ത് കൂടുകയും ചെയ്യും. ആളും അർഥവും മാത്രമല്ല, ഏറ്റവും താഴെതലം വരെ യന്ത്രസമാനമായി പ്രവർത്തിക്കുന്ന കേഡർമാരുള്ള ആർ.എസ്.എസിന്റെ സംഘടനാ സംവിധാനത്തെയും പ്രചാരണ തന്ത്രത്തെയും അതിജീവിച്ചുവേണം പ്രതിപക്ഷ പാർട്ടികൾക്ക് വിവിധ സംസ്ഥാനങ്ങളിൽ ജയിച്ചുകയറാൻ.

അതിനുള്ള സംഘടനാ സംവിധാനം പല കക്ഷികൾക്കും പലയിടത്തുമില്ല. ചില കക്ഷികൾക്ക് ചില സംസ്ഥാനങ്ങളിൽ നല്ല വേരോട്ടമുണ്ടെങ്കിലും പലയിടത്തും ബി.ജെ.പിയിതര പാർട്ടികളുമായുള്ള മത്സരത്തിലാണ് വോട്ടുഭിന്നിക്കുന്നതും ബി.ജെ.പി കയറിവരുന്നതും. ഈ സാഹചര്യമൊഴിവാക്കാനായി ഒട്ടും വൈകാതെയുള്ള പ്രാദേശിക ധാരണകൾക്ക് രൂപം കൊടുക്കേണ്ടതുണ്ട്.


മുദ്രാവാക്യങ്ങളുടെ പ്രസക്തി
കേവലഭൂരിപക്ഷ സർക്കാരിന് മാത്രമെ സുസ്ഥിര ഭരണം സാധ്യമാക്കാൻ സാധിക്കുകയുള്ളൂ എന്ന മുദ്രാവാക്യമാവും ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കുക. മുന്നണി സർക്കാരുകളുടെ പതനവും അതുണ്ടാക്കിയ രാഷ്ട്രീയ അസ്ഥിരതയും ചൂണ്ടിക്കാട്ടി തങ്ങൾക്കുമാത്രമെ സുസ്ഥിര ഭരണം നടത്താൻ സാധിക്കുകയുള്ളൂവെന്ന് ബി.ജെ.പി അവകാശപ്പെടും.

സംസ്ഥാനങ്ങളിൽ പരസ്പരം പോരടിക്കുന്നവർ എങ്ങനെ രാജ്യത്തെ നയിക്കാൻ ഒന്നിച്ചുനിൽക്കുമെന്നുള്ള പ്രചാരണം ഇക്കുറിയും പ്രതീക്ഷിക്കാം. തങ്ങൾക്ക് എതിരാളിയില്ലെന്ന് പരസ്യമായി പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് രീതിയായാണ് പലപ്പോഴും ബി.ജെ.പിയുടെ ആശയകേന്ദ്രങ്ങൾ തൊടുത്തുവിട്ടത്. അതിന് ബലമേകാനായി സുസ്ഥിര ഭരണം, തീവ്രദേശീയത, ഹിന്ദുത്വ തുടങ്ങിയ പതിവ് വാക്‌ധോരണികളും സംഘ് കേന്ദ്രങ്ങൾ രൂപപ്പെടുത്താറുണ്ട്.

2024ലും ഇതുതന്നെയാവും എൻ.ഡി.എ സഖ്യത്തിന്റെ പ്രധാനമുദ്രാവാക്യങ്ങൾ. എന്നാൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നിലമെച്ചപ്പെടുത്തിയാൽ മുദ്രാവാക്യത്തിൽ മാറ്റം വരുത്താൻ ബി.ജെ.പി നിർബന്ധിതരാവും. ഭരണവിരുദ്ധവികാരം മേഖലകൾ തിരിച്ച് ഏറിയും കുറഞ്ഞും മോദി സർക്കാരിനെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷക രോഷം, ദാരിദ്ര്യം, ജാതി വിവേചനം, ദലിതർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരായ ആക്രമണം, ജി.എസ്.ടി, മണിപ്പൂരുൾപ്പെടെ സംസ്ഥാനങ്ങളിൽ ആളിപ്പടരുന്ന കലാപങ്ങളോടുള്ള സമീപനം തുടങ്ങി നിരവധി പ്രതികൂല ഘടകങ്ങൾ കേന്ദ്രഭരണത്തിനെതിരായുണ്ട്.

ഈ സാഹചര്യത്തിൽ, കേവലം രാഷ്ട്രീയ മുദ്രാവാക്യങ്ങളിലഭയം തേടുന്ന പ്രവണത വിട്ട് ജനങ്ങളോടൊപ്പം നിന്ന് അവരുടെ പ്രശ്‌നപരിഹാരത്തിനായുള്ള ശബ്ദമായി മാറാൻ പ്രതിപക്ഷത്തിന് സാധിക്കണം. സുസ്ഥിരമായ സർക്കാരുണ്ടാക്കും എന്നതു പോലെ തന്നെ സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള പ്രതിബദ്ധതയും പ്രതിപക്ഷം പ്രകടമാക്കേണ്ടതുണ്ട്.


രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും വർത്തമാനകാല രാഷ്ട്രീയചിത്രം വിവരിക്കാനാകില്ലെങ്കിലും അവരെ തൊടുന്ന സാമൂഹികാവസ്ഥയെ പറ്റി വിശദമായി പറയാനാകും. അവരുടെ ജീവിത സാഹചര്യം, തൊഴിൽ, സമുദായ താൽപര്യം എന്നിവയുടെ കാര്യത്തിൽ ശരാശരി ഇന്ത്യക്കാരന്റെ ആകുലതകളെ കൃത്യമായി തിരിച്ചറിയാനും അവയെ അഭിസംബോധന ചെയ്യാനും കഴിയുന്ന മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷം തേടേണ്ടത്. സാമൂഹ്യഘടകങ്ങളിൽ ഏറ്റവും പ്രകടമായ രാഷ്ട്രീയ ബോധം പ്രയോഗിക്കുന്ന മധ്യവർഗമാണ് ജയപരാജയങ്ങൾ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്.

അവരുടെ താൽപര്യങ്ങൾ ഏത് ഭാഗത്തേക്ക് ചായുന്നുവോ അവർ കണക്കിൽ മുമ്പിലെത്തും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അവർ ബി.ജെ.പിക്കൊപ്പമായിരുന്നു. മധ്യവർഗത്തിലെ നഗര വോട്ടർമാരിൽ കൂടുതലും ബി.ജെ.പിയെ പിന്തുണച്ചപ്പോൾ അൽപമെങ്കിലും പ്രതിപക്ഷത്തിന് ആശ്വാസം ലഭിച്ചത് ഗ്രാമങ്ങളിൽ നിന്നാണ്. എന്നാൽ, അതേ മധ്യവർഗം കഴിഞ്ഞ കുറച്ചു കാലമായി ബി.ജെ.പിയിൽ നിന്ന് അകലുകയാണ്. നോട്ടുനിരോധനം, വിലക്കയറ്റം, വർഗീയസാമുദായിക സംഘർഷം, തൊഴിൽ മേഖലയിലെ അരക്ഷിതാവസ്ഥ തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ മധ്യവർഗത്തിന്റെ മനംമാറ്റത്തിന് പിന്നിലുണ്ട്.

അതുകൊണ്ടുതന്നെ, അവരുടെ വികാരമുൾക്കൊള്ളുന്ന സമീപനം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിപ്പിടിച്ചാൽ മാത്രമെ അനുകൂലമായ ഫലം സാധ്യമാവുകയുള്ളൂ.
രണ്ടാം മോദി സർക്കാരിന്റെ ആരോഹണത്തിന് ശേഷം ഇന്ത്യയിൽ ഫലപ്രദമായ പ്രതിപക്ഷ ബദൽ സാധ്യമല്ലെന്ന് നിരീക്ഷണം നടത്തിയ വലതു രാഷ്ട്രീയ ചിന്തകർ പോലും പ്രതിപക്ഷത്തിന്റെ കാലത്തിനൊത്ത പരുവപ്പെടലിൽ അത്ഭുതം കൂറുന്നുണ്ട്.

മാറ്റപ്പെടാൻ നിർബന്ധിതമാക്കുന്ന രാഷ്ട്രീയ കാലാവസ്ഥ കൺമുന്നിൽ വന്നുനിൽക്കുമ്പോൾ അതിനൊത്ത, കരണീയമായ നിലപാടുകൾ സ്വീകരിച്ച് ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്നില്ലെങ്കിൽ കാലിനടിയിൽ മണ്ണുണ്ടാവില്ലെന്ന വലിയ യാഥാർഥ്യം ബംഗളൂരുവിലെത്തുന്ന ഓരോ പ്രതിപക്ഷ പാർട്ടികൾക്കുമുണ്ടാവണം.

രാജ്യത്തിന്റെ മഹിതമായ ജനാധിപത്യ പാരമ്പര്യവും മതേതര കാഴ്ചപ്പാടുകളും സംരക്ഷിച്ചു നിർത്താനും പുറന്തള്ളലല്ല, ഉൾച്ചേരലാണ് ഗാന്ധിജിയുടെ ഇന്ത്യ അനുധാവനം ചെയ്യുന്ന പ്രത്യയശാസ്ത്രമെന്ന് ഉറക്കെ പറയാനും പ്രതിപക്ഷ കക്ഷികൾ തയാറാവണം. ബഹുസ്വരതയെ അഭിമാനമായി ഉയർത്തിക്കാട്ടി, പൗരനും സമൂഹത്തിനും അന്തസ് ഉറപ്പാക്കുന്ന ഭരണഘടനയെ ദുർബലമാക്കുന്ന ശക്തികൾക്കെതിരായ പോരാട്ടത്തിൽ സന്ധിയില്ലെന്ന് വ്യക്തമാക്കാനും നിലപാടുകൊണ്ട് പ്രതിപക്ഷത്തിന് സാധിക്കണം.

എങ്കിൽ മാത്രമെ, കാലം അവരിൽ ഏൽപ്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റിയെന്ന് ചരിത്രത്തിൽ അടയാളപ്പെടുത്താനാകുകയുള്ളൂ.

Content Highlights:Today's Article By C.V Sreejith



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago