ഇനി ജന്മനാട്ടിൽ വിശ്രമം; സംസ്കാരം ഇന്ന്
കരുതലിന്റെ കാവൽക്കാരന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴിയേകി ജനത്തിരയേറ്റം. കണ്ണേ… കരളേ… കുഞ്ഞൂഞ്ഞേ, ഇല്ല, ഇല്ല, മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ… വിങ്ങിപ്പൊട്ടുമ്പോഴും പ്രവര്‍ത്തകര്‍ പ്രിയനേതാവിന് മുദ്രാവാക്യത്താൽ കടലിരമ്പം സൃഷ്ടിച്ചു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ചാരത്തെത്തുന്ന ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന വികാരനിമിഷങ്ങളുടെ അണമുറിയാത്ത കാഴ്ചകളാണ് എം.സി റോഡ് നിറയെ. പാതയ്ക്ക് ഇരുവശവും തിങ്ങിനില്‍ക്കുന്ന ജനസാഗരത്തിനിടയിലൂടെ മണിക്കുറുകള്‍ നീണ്ട യാത്രയ്ക്കു ശേഷം ജനനായകന്‍ ജന്മനാട്ടിലെത്തി.
ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിന് മുമ്പായി ഉറ്റവരെയും ഉടയവരെയും കണ്ടശേഷം പുതുപ്പള്ളിയിലെ ദേവാലയങ്ങളില്‍ പ്രാര്‍ഥന നടത്തിയശേഷമാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് തിരുവനന്തപുരത്തേക്ക് പോയത്. ആരോഗ്യം വീണ്ടെടുത്ത് തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് മുന്നിലേക്ക് എട്ട് മാസത്തിനു ശേഷം നിശ്ചലനായി, നിശബ്ദനായി എത്തിയത് ഹൃദയവേദനയായി.
ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാളാകാന്‍ എപ്പോഴും ശ്രമിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്രയും അത്തരത്തിലായിരുന്നു. ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മന്‍, മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവരും കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളും വിലാപയാത്രയില്‍ പൂര്‍ണസമയം ഒപ്പമുണ്ടായിരുന്നു.
അര്‍ധരാത്രിയോടെ അക്ഷരനഗരിയിലെത്തിയ വിലാപയാത്രയ്ക്ക് ഡി.സി.സി ഓഫിസിലും തിരുനക്കര മൈതാനത്തും ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. പിന്നീട് വിലാപയാത്ര പുലര്‍ച്ചെ ജന്മഗൃഹമായ പുതുപ്പള്ളിയിലെ കരോട്ട് വള്ളകാലിലെത്തി. ഇന്ന് വികസനനായകന് വികാരനിര്‍ഭരമായ യാത്രാമൊഴിയേകും. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതി ചടങ്ങുകള്‍ ഒഴിവാക്കിയാണ് സംസ്‌കാരം.
ഉച്ചയ്ക്ക് 12ന് പുതുപ്പള്ളി കവലയിലെ നിര്‍മാണം നടക്കുന്ന ഭവനത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഇതര ക്രൈസ്തവ സഭകളിലെ മെത്രാപ്പോലീത്താമാരും ബിഷപ്പുമാരും സഹകാര്‍മികത്വം വഹിക്കും. പുതുപ്പള്ളി പള്ളി വികാരി ഫാ. വര്‍ഗീസ് വര്‍ഗീസ് നേതൃത്വം നല്‍കും.
ഒരു മണിയോടെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലേക്ക് ഭൗതികശരീരമെത്തിക്കും. രണ്ട് മണി മുതല്‍ 3.30 വരെ പള്ളിയില്‍ സജ്ജമാക്കിയ പന്തലില്‍ പൊതുദര്‍ശനമുണ്ടാകും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും.
3.30ന് സമാപനശുശ്രൂഷകള്‍ ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. സഭയിലെ 24 മെത്രാപ്പോലീത്താമാരും സഹകാര്‍മികത്വം വഹിക്കും.
Content Highlights:Today's Article About Oomen Chandy updates
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."