ഗ്യാസ് പൈപ്പ് ലൈന്‍: ഭൂമി നഷ്ടപ്പെടുന്നവരുടെ സംയുക്ത സംഘടന പ്രതിഷേധത്തിനൊരുങ്ങുന്നു
തൃശൂര്‍: കൊച്ചി-സേലം പെട്രോളിയം ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവരുടെയും സമീപവാസികളുടെയും സംയുക്ത സംഘടന പ്രതിഷേധത്തിനൊരുങ്ങുന്നു. കൊച്ചിസേലം പെട്രോളിയം ഗ്യാസ് പൈപ്പ് ലൈന്‍ സുരക്ഷിതത്വ നഷ്ടപരിഹാര ജനകീയ സമിതിയാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കണ്‍വന്‍ഷന്‍ നടത്തുക.
തമിഴ്‌നാട് കരൂരിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ പൈപ്പ് ലൈന്‍ വഴി കൊണ്ടുപോകുന്നതിനായി ഭൂമി നല്‍കേണ്ടി വന്ന ഭൂവുടമകളുടെ നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍. കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം 2000ത്തിലാണ് 18 മീറ്റര്‍ വീതിയില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പെട്ട ഭൂവുടമകളില്‍ നിന്ന് 18 മീറ്റര്‍ വീതിയില്‍ ഭൂമിയേറ്റെടുത്തത്. എന്നാല്‍, അന്നത്തെ അടിസ്ഥാന ഭൂമി വിലയുടെ പത്ത് ശതമാനം മാത്രമാണ് ഇവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത്.
ഇതില്‍ അസംതൃപ്തി ഉയര്‍ന്നെങ്കിലും ഉടമസ്ഥര്‍ക്ക് തന്നെ ഭൂമി തിരിച്ചുകിട്ടുന്നതിനാല്‍ വലിയ പ്രശ്‌നങ്ങളില്ലാതെ അത് കെട്ടടങ്ങി. കിട്ടിയ ഭൂമിയില്‍ നിര്‍മാണ പ്രവൃത്തികളോ കൃഷിയോ ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടത്. യാതൊരു നഷ്ടപരിഹാരവും നല്‍കാതെ ഇപ്പോള്‍ ഈ ഭൂമിയിലൂടെ വീണ്ടും മറ്റൊരു ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അറിയിപ്പ് കൊച്ചിസേവം ഗ്യാസ് പൈപ്പ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നല്‍കിയിരിക്കുകയാണ്. നഷ്ടപരിഹാരം നല്‍കാതെ പൈപ്പ് ലൈനുകള്‍ വരുന്നതിന്റയും തങ്ങളുടെ ഭൂമി ഉപയോഗശൂന്യമാകുമെന്നതിന്റെയും ആശങ്കയിലാണ് ഭൂവുടമകളും സമീപവാസികളും. ഭൂവുടമകള്‍ക്ക് മുഴുവന്‍ ഭൂമിക്കും ഇന്നത്തെ മാര്‍ക്കറ്റ് വില അനുവദിക്കുക, ഭൂമി നഷ്ടപ്പെടുന്നതിന്റെ തോതനുസരിച്ച് കമ്പനിയുടെ ലാഭവിഹിതത്തില്‍ പങ്കാളികളാക്കുക, അപകട ഇന്‍ഷ്വറന്‍സും സേഫ്റ്റി അലവന്‍സും അനുവദിക്കുക, ഗ്യാസ് പൈപ്പ് ലൈന്‍ കമ്പനി പ്രാദേശികമായി ബിസിനസ് ആരംഭിക്കുന്ന മുറക്ക് ഭൂമി നഷ്ടപ്പെട്ടവരുടെ കൂട്ടായ്മക്ക് കമ്പനിയുടെ പ്രാദേശിക ബിസിനസ് നടത്താനുള്ള അവസരം നല്‍കുക, ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അടുത്ത മാസം ആദ്യ വാരം കണ്‍വന്‍ഷന്‍ നടത്തുക. വി.വി മുരളീധരന്‍, ഐസക് ഇടപ്പാറ, കെ.ആര്‍ വിജയകുമാര്‍, ബേബി ഉഴുന്നുംപുറം, ജോഫി ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."