കാലാവസ്ഥാവ്യതിയാനവും മനുഷ്യാവകാശ സമസ്യകളും
റജിമോൻ കുട്ടപ്പൻ
കഴിഞ്ഞയാഴ്ച ഉത്തരേന്ത്യ അനുഭവിച്ചത് ഭീകര കാലവർഷക്കെടുതികളാണ്. മൂന്നു ദിവസത്തോളം നീണ്ടുനിന്ന മഴയും പ്രളയവും മണ്ണിടിച്ചിലും മൂലം നാൽപ്പത്തിയൊമ്പതു പേർക്ക് ജീവഹാനി സംഭവിച്ചതായാണ് വാർത്തകൾ. ഉത്തരേന്ത്യയെ കാലവർഷം ഗുരുതരമായി ബാധിച്ചതോടെ രാജ്യതലസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിൽ പലയിടങ്ങളിലെയും റോഡുകൾ വെള്ളത്തിനടിയിലാണ്. അസഹ്യ ഉഷ്ണതരംഗത്തിനുശേഷമാണ് ഇവിടെ പ്രളയം ബാധിച്ചിരിക്കുന്നത്. തീവ്രമായ കാലവർഷത്താൽ നിരവധി നാശനഷ്ടങ്ങളും മരണങ്ങളും ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യുകയുണ്ടായി. അതേസമയം, പല സ്ഥലങ്ങളിലേക്കും എത്തിച്ചേരാനുള്ള മാർഗങ്ങളും തടസപ്പെട്ടിരിക്കുകയാണ്.
ഹിമാചൽ പ്രദേശിനെയും കാലവർഷം വളരെ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. മിന്നൽ പ്രളയത്താലും മണ്ണിടിച്ചിലിനാലും കെട്ടിടങ്ങളും വാഹനങ്ങളും റോഡുകളും പാലങ്ങളുമടക്കം വെള്ളത്തിൽ ഒഴുകിപ്പോകുന്ന കാഴ്ചകളാണ് ദൃശ്യമാധ്യമങ്ങളിൽ നിറയുന്നത്. സാധാരണ ലഭിക്കുന്ന മഴയേക്കാൾ രണ്ടു ശതമാനം കൂടുതൽ മഴ ജൂലൈ ആദ്യവാരത്തിൽതന്നെ ലഭിച്ചിട്ടുണ്ടെന്നാണ് രാജ്യത്തെ കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകൾ. വരും ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ, ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങൾ ദക്ഷിണേഷ്യയിൽ ഇന്ത്യയെ മാത്രമല്ല ബാധിക്കുന്നതെന്ന വാർത്ത പ്രകൃതിയിലെ മനുഷ്യ ഇടപെടലുകളെക്കുറിച്ച് പുനർവിചിന്തനം ആവശ്യപ്പെടുന്നുണ്ട്.
ജൂൺ ഇരുപത്തിയഞ്ചോടെ ആരംഭിച്ച കാലവർഷത്താൽ പാകിസ്താനിൽ എട്ടു കുട്ടികളടക്കം അൻപതു പേർ മരണപ്പെട്ടതായാണ് ദുരന്ത നിവാരണ വിഭാഗത്തിൽ നിന്നുള്ള വിവരങ്ങൾ. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത കിഴക്കൻ പഞ്ചാബിൽ, വൈദ്യുതാഘാതത്താലും തകർന്ന കെട്ടിടങ്ങൾക്കിടയിൽ പെട്ടുമാണ് ഭൂരിഭാഗം മരണങ്ങളുമുണ്ടായത്. ഈ പ്രദേശങ്ങളിൽ വേനൽക്കാലത്ത് ശക്തമായ മഴ സാധാരണമാണെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാലാവസ്ഥാവ്യതിയാനത്താൽ ഇവിടെ നടക്കുന്ന പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തിയും തീവ്രതയും വർധിച്ചതായാണ് വിദഗ്ധാഭിപ്രായം. സാധാരണ ലഭിക്കുന്ന മഴയേക്കാൾ എട്ടു മടങ്ങ് അധികം മഴയാണ് കഴിഞ്ഞ വർഷം പാകിസ്താനിൽ ലഭിച്ചത്. ഇത് പ്രളയത്തിനു കാരണമായി. ഈ പ്രളയത്തിൽ ആയിരത്തിലധികം പേർ മരണപ്പെടുകയും 1.7 ലക്ഷം വീടുകൾ നശിക്കുകയും ചെയ്തു.
ഇതോടെ രാജ്യ ജനസംഖ്യയുടെ പതിനഞ്ചു ശതമാനത്തോളം പേർക്ക് പാർപ്പിടം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടാക്കി.
കഴിഞ്ഞയാഴ്ച ചൈനയിലുണ്ടായത് അസാധാരണ ഉഷ്ണതരംഗമായിരുന്നു. ബെയ്ജിങ്ങിൽ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തിയെന്നു മാത്രമല്ല, ഇതേത്തുടർന്ന് തെക്കൻ ചൈനയിൽ ശക്തമായ മഴയുമുണ്ടായി. ഈ പേമാരിയിൽ പതിനഞ്ചോളം പേർ മരണപ്പെടുകയും പതിനായിരത്തോളം പേർക്ക് പാർപ്പിടം നഷ്ടമാവുകയും ചെയ്തു. കാലാവസ്ഥയുടെ ഭാഗമായി ചൈനയിൽ വെള്ളപ്പൊക്കം പതിവാണെങ്കിലും കഴിഞ്ഞ കാലത്തേക്കാൾ നീണ്ടുനിൽക്കുന്നതും ശക്തവുമായിരുന്നു ഇത്തവണത്തെ പ്രളയമെന്നാണ് വിവരങ്ങൾ. ചൈനയുടെ വടക്കൻ മേഖലകളിൽ കഴിഞ്ഞ അൻപതുവർഷങ്ങളിലെ തന്നെ ഏറ്റവും ശക്തമായ പ്രളയമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശക്തമായ മഴ തെക്കുപടിഞ്ഞാറൻ ജപ്പാനിനേയും മോശമായാണ് ബാധിച്ചിരിക്കുന്നത്. ഇവിടെ ഉരുൾപ്പൊട്ടലിലും മിന്നൽ പ്രളയത്തിലും പെട്ട് ആറു പേർ മരണപ്പെടുകയും ആറു പേരെ കാണാതാവുകയും ചെയ്തു. ജപ്പാനിലെ മൂന്നാമത്തെ വലിയ ദ്വീപായ വടക്കൻ ക്യുഷുവിലെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. എക്കാലത്തേയും കൂടിയ മഴയാണ് ഈ പ്രദേശത്ത് ഇത്തവണ ലഭിച്ചിരിക്കുന്നതെന്നാണ് ജപ്പാൻ കാലാവസ്ഥാ വിഭാഗത്തിൽ നിന്നുള്ള വിവരങ്ങൾ. അതേസമയം, മഴ ലഭ്യതയെക്കുറിച്ച് പ്രവചിക്കാൻ അസാധ്യമാണെന്നും ഇത് കഴിഞ്ഞ കാലങ്ങളിൽനിന്ന് വളരെ വ്യത്യസ്തമായാണ് സംഭവിക്കുന്നതെന്നുമാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിരീക്ഷണം.
കാലാവസ്ഥാ വ്യതിയാനം കാലവർഷത്തെ ശക്തമാക്കുന്നതോടൊപ്പം അതിന്റെ സ്വഭാവത്തിലും മാറ്റമുണ്ടാക്കുന്നുണ്ട്. ഇത് കാലവർഷം മൂലമുണ്ടാകുന്ന പ്രളയത്തിന്റെ വ്യാപ്തിയെയും ഉഗ്രതയെയും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് എന്ന സംഘടന 2022ൽ ഇന്ത്യയിലെ തീവ്രമായ കാലാവസ്ഥാ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയുണ്ടായി. വർഷത്തിലെ 365 ദിവസങ്ങളിൽ 314 ദിവസങ്ങളിലും ഏറ്റവും ചുരുങ്ങിയത് ഇന്ത്യയുടെ ഏതെങ്കിലും ഒരു ഭാഗത്ത് തീവ്രമായ കാലാവസ്ഥാ പ്രശ്നങ്ങളുണ്ടെന്നാണ് ഇവർ കണ്ടെത്തിയത്. ഇത്തരം തീവ്ര കാലാവസ്ഥാ പ്രശ്നങ്ങളാൽ 2022ൽ മാത്രം 3000 മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, രണ്ട് ദശലക്ഷം ഹെക്ടർ കൃഷിഭൂമിയെ കാലാവസ്ഥാ പ്രശ്നങ്ങൾ പ്രതികൂലമായി ബാധിക്കുകയും 69,000 മൃഗങ്ങളുടെ ജീവഹാനിക്ക് കാരണമായെന്നും 420000 വീടുകൾ നശിച്ചതായും ഈ കണക്കുകൾ സൂചിപ്പിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഇന്റർഗവൺമെന്റൽ പാനൽ 2022ൽ പുറത്തുവിട്ട റിപ്പോർട്ട്, കാലാവസ്ഥാ ദുരന്തങ്ങൾ ബാധിച്ച ഇന്ത്യയുടെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്നതാണ്.
വരുന്ന രണ്ടു പതിറ്റാണ്ടുകളിലായി ഇതിലും തീവ്രമായ പ്രശ്നങ്ങളാണ് കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യ നേരിടാൻ പോകുന്നതെന്ന് ഈ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. 2030നകം ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറച്ചില്ലെങ്കിൽ ആസന്ന കാലാവസ്ഥാ ദുരന്തങ്ങളെ നേരിടാൻ ഇന്ത്യൻ ജനതക്ക് സാധിക്കില്ലെന്നാണ് ഇതിൽ വ്യക്തമാക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഭവിച്ചുകൊണ്ടിരിക്കുന്ന അതിശക്ത പ്രളയങ്ങൾ കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമാണെന്നാണ് അന്തരീക്ഷ ശാസ്ത്രജ്ഞരുടെ അഭിപ്രായം. ചൂടു കൂടുന്ന കാലാവസ്ഥയിൽ ഉണ്ടാവുന്ന കൊടുങ്കാറ്റുകൾ കൂടുതൽ ഈർപ്പം വഹിക്കുന്നതിനാൽ ശക്തമായ മഴക്ക് കാരണമാകും.
ഇനിയും താപനില കൂടുന്നത് ഈ അവസ്ഥയുടെ തീവ്രത വർധിപ്പിക്കുകയും ചെയ്യും. ഒരു സെൽഷ്യസ് അന്തരീക്ഷ താപനില വർധിക്കുമ്പോൾ അന്തരീക്ഷത്തിൽ എഴു ശതമാനത്തോളം ഈർപ്പം വർധിക്കും. ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് വ്യവസായ വിപ്ലവത്തിന്റെ ഫലമായി ഭൂമിയുടെ താപനില 1.1 സെൽഷ്യസ് വർധിച്ചിട്ടുണ്ടെന്നാണ്. അതേസമയം, ഭൂമിയുടെ വർധിത താപനില പാരിസ് ഉടമ്പടിയിൽ നിശ്ചയിച്ച 1.5 സെൽഷ്യസും ഭേദിക്കാനാണ് കൂടുതൽ സാധ്യതയെന്ന് യു.എൻ മുന്നറിയിപ്പ് നൽകുന്നു. മനുഷ്യനിർമിത കാർബൺ പ്രസരണവും എൽനിനോ പ്രതിഭാസവുമാണ് ഇവ്വിധത്തിൽ ഭൂമിയിൽ താപനില വർധിക്കുന്നതിന് കാരണമാവുന്നത്. എന്നാൽ, ഭൂമിയുടെ വർധിത താപനില 1.5 സെൽഷ്യസിൽ നിയന്ത്രിച്ച് നിർത്തുക എന്നത് ഈ അവസരത്തിലും സാധ്യമാണ്. എന്നാൽ ഉടനടിയുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ അതു സാധ്യമാവൂ എന്നാണ് ഈ കഴിഞ്ഞ ആഴ്ച നമ്മെ ഓർമിപ്പിക്കുന്നത്.
കാലാവസ്ഥാ ദുരന്തങ്ങളെ സംബന്ധിച്ച് ശക്തമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള അവസാന അവസരം ദുബൈയിൽ നടക്കാനിരിക്കുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടി COP28 മാത്രമാണ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രണാതീതമായിരിക്കുന്നു എന്നാണ് അനൗദ്യോഗിക വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ യു.എൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ഏഴു ദിവസങ്ങളിലായി രേഖപ്പെടുത്തിയ താപനില നിലവിലുള്ളതിലെ ഏറ്റവും ഉയർന്ന താപനിലയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി റെക്കോർഡ് താപനില രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞത്, ഇനിയും വേണ്ട നടപടികൾ നാം സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾ സംഭവിക്കുമെന്നാണ്. 17.18 സെൽഷ്യസാണ് കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തിയ ശരാശരി ആഗോള താപനില. തിങ്കളാഴ്ച രേഖപ്പെടുത്തിയ 17.01 സെൽഷ്യസും മറികടന്നാണ് ഇത് രേഖപ്പെടുത്തിയത്. അഥവാ, ബുധനാഴ്ച ആയപ്പോഴേക്കും ഭൂമിയുടെ ശരാശരി താപനില എന്നത്തേയും ഉയർന്ന താപനിലയായ 17.18 സെൽഷ്യസായി രേഖപ്പെടുത്തി.
കാലങ്ങളായി, കാലാവസ്ഥാവ്യതിയാനവും അനുബന്ധ പ്രവർത്തനങ്ങളും പാരിസ്ഥിതികമായ പ്രശ്നങ്ങളും പരിപാടികളുമായാണ് മനസിലാക്കിയിരുന്നത്. എന്നാൽ, ഈ മേഖലയ്ക്ക് മനുഷ്യാവകാശ പ്രശ്നങ്ങളുടെ തലം കൂടിയുണ്ടെന്ന ചർച്ച വന്നത് അടുത്ത കാലത്താണ്. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങൾ ദുരന്തങ്ങൾ വിതക്കുന്നതോടൊപ്പം അതിന്റെ അനന്തരഫലമെന്നോണം വ്യാപക സാമൂഹിക, സാമ്പത്തിക നഷ്ടങ്ങൾക്കു കൂടി കാരണമാകുന്നുണ്ട്.
ദ ഇന്റേണൽ ഡിസ്പ്ലേസ്മെന്റ് മോണിറ്ററി സെന്റർ കണക്കാക്കുന്നത് 2021ൽ മാത്രം ഏകദേശം 22.3 മില്യൻ ആളുകൾക്ക് കാലാവസ്ഥാ സംബന്ധമായ പ്രകൃതി ദുരന്തത്താൽ കിടപ്പാടം നഷ്ടമായിട്ടുണ്ടെന്നാണ്. കാലാവസ്ഥാപ്രശ്നങ്ങളാലുള്ള മനുഷ്യന്റെ പ്രതിസന്ധികൾക്കും നഷ്ടങ്ങൾക്കും വ്യക്തമായ നിർവചനം കണ്ടെത്താൻ സാധിച്ചേക്കില്ല. എന്നാൽ, ഇത്തരം ദുരന്തങ്ങളാൽ അഭയാർഥികളാവുന്നവരുണ്ട്. അതിനാൽ, സമയം പാഴാക്കാതെ കാലാവസ്ഥാവ്യതിയാനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ആഗോള പരിപാടികൾക്ക് മുൻതൂക്കം നൽകണം.
Content Highlights:Today's Article About Climate Change
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."