ഭക്ഷ്യവസ്തുക്കളുടെ 35.64 ശതമാനം സാംപിളുകളിലും കീടനാശിനി; കണ്ടെത്തിയത് ഉഗ്രവിഷാംശമുള്ള കുമിള്‍ നാശിനി ഉള്‍പെടെ
ഭക്ഷ്യവസ്തുക്കളുടെ 35.64 ശതമാനം സാംപിളുകളിലും കീടനാശിനി; കണ്ടെത്തിയത് ഉഗ്രവിഷാംശമുള്ള കുമിള്‍ നാശിനി ഉള്‍പെടെ
തിരുവനന്തപുരം: 'മായ'ങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ഇന്ന് മലയാളിയുടെ തീന്‍മേശകള്‍. നാം കഴിക്കുന്ന ഓരോ ഭക്ഷ്യവസ്തുവിലും ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് മായമടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇപ്പോഴിതാ ഭക്ഷ്യവസ്തുക്കളില്‍ നല്ല അളവില്‍ കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ 35.64 ശതമാനം സാംപിളുകളിലും പരിശോധനയില്‍ കീടനാശിനി കണ്ടെത്തിയിരിക്കുകയാണ്. സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി 2022 ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ വ്യത്യസ്തയിനം ഭക്ഷ്യവസ്തുക്കളുടെ 679 സാംപിള്‍ ഉപയോഗിച്ചു വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ ഗവേഷണ പരിശോധന ലബോറട്ടറിയില്‍ നടത്തിയ പഠനത്തിലാണ് 242 സാംപിളുകളില്‍ വിഷാംശമുണ്ടെന്ന കണ്ടെത്തല്‍. കൃഷി വകുപ്പാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പച്ചക്കറികള്‍ (32.31% സാംപിളില്‍ വിഷാംശം), പഴവര്‍ഗങ്ങള്‍ (44.2%), സുഗന്ധ വ്യഞ്ജനങ്ങള്‍ (66.67%), ഉണങ്ങിയ പഴവര്‍ഗങ്ങള്‍ (50%), മറ്റു ഭക്ഷ്യവസ്തുക്കള്‍ (14.28%) എന്നിവയാണ് പരിശോധിച്ചത്.
പൊതുവിപണിയില്‍ നിന്നു ശേഖരിച്ച 48.8% സാംപിളിലും ജൈവ പച്ചക്കറി മാര്‍ക്കറ്റിലെ 48.21% സാംപിളിലും വിഷാംശമുണ്ട്.
കര്‍ഷകരില്‍ നിന്നു നേരിട്ടു ശേഖരിച്ച പച്ചക്കറി സാംപിളിലാണ് കുറവ് വിഷാംശം 21.73%. സുഗന്ധ വ്യഞ്ജനങ്ങളിലാണ് കീടനാശിനി സാന്നിധ്യം കൂടുതല്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അസഫേറ്റ്, മോണോക്രോട്ടോഫോസ്,അസറ്റാമിപ്രിഡ്, ക്ലോറാന്ത്രാനിലിപ്രോള്‍, ടെബുകൊണസോള്‍, ട്രൈഫ്‌ലോക്‌സിസ്‌ട്രോബിന്‍, എത്തയോണ്‍ തുടങ്ങിയ ശുപാര്‍ശ ചെയ്തിട്ടില്ലാത്ത കീടനാശിനികളും കുമിള്‍നാശിനികളും ഉള്‍പ്പെടെ ഉഗ്ര വിഷാംശമുള്ളവയുടെ സാന്നിധ്യം പോലും പല ഭക്ഷണ വസ്തുക്കളിലും കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."