ഖത്തറിന് നേട്ടം; ഭക്ഷ്യവിലക്കയറ്റം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ രാജ്യം
ഖത്തറിന് നേട്ടം; ഭക്ഷ്യവിലക്കയറ്റം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ രാജ്യം
ദോഹ: ഇന്ത്യയിൽ തക്കാളിക്കും പച്ചമുളകിനും തുടങ്ങി തൊട്ടതിനെല്ലാം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ഉണ്ടായത് വലിയ വിലക്കയറ്റമാണ്. സർക്കാരുകൾക്ക് പിടിച്ചുകെട്ടാനാവാത്ത വിലക്കയറ്റം കൊണ്ട് ഇവിടെ ജനം പൊറുതിമുട്ടുമ്പോൾ ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഖത്തർ. ആഗോള തലത്തിൽവച്ച് ഏറ്റവും കുറഞ്ഞ ഭക്ഷ്യ വിലക്കയറ്റ നിരക്കുകളിലൊന്നാണ് ഖത്തറിന്റേത്. ലോക ബാങ്കിന്റെ പുതിയ റിപ്പോർട്ട് പ്രകാരമാണ് ഖത്തർ മികച്ച നേട്ടം കൈവരിച്ചത്.
വർഷാടിസ്ഥാനത്തിൽ 2 ശതമാനത്തിൽ താഴെയാണ് ഖത്തറിലെ ഭക്ഷ്യ വിലക്കയറ്റം. 2022 ജുലൈയ്ക്കും 2023 മേയ്ക്കും ഇടയിലെ കണക്ക് പ്രകാരമാണ് ഖത്തർ കുറഞ്ഞ ഭക്ഷ്യ വിലക്കയറ്റമുള്ള രാജ്യമായി മാറിയത്. 2022 ജൂലൈയിൽ ഖത്തറിലെ ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റ നിരക്ക് 4.8 ശതമാനമായിരുന്നു. ഓഗസ്റ്റിൽ ഇത് 6.4 ശതമാനമായി മാറി. എന്നാൽ സെപ്റ്റംബറിൽ വീണ്ടും 4.6 ശതമാനത്തിലേക്ക് കുറഞ്ഞു. ഇതാണ് നിലവിൽ 2 ശതമാനത്തിൽ താഴേക്ക് എത്തിയത്.
രാജ്യാന്തര നാണയ നിധി നൽകുന്ന സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് ഭക്ഷ്യവിലക്കയറ്റ നിരക്കുകളുടെ കണക്കുകൾ തയാറാക്കുന്നത്. ലോക ബാങ്കിന്റെ ഗതാഗത സിഗ്നൽ ലൈറ്റ് ഗ്രാഫിക് സൂചിക പ്രകാരം പച്ച നിറമുള്ളവയുടെ പട്ടികയിലാണ് ഖത്തർ ഉള്ളത്. ഭക്ഷ്യ വിലക്കയറ്റ നിരക്ക് 2 ശതമാനത്തിൽ താഴെയാണ് എന്നതാണ് പച്ച നിറം സൂചിപ്പിക്കുന്നത്. വിലക്കയറ്റം രൂക്ഷമായ രാജ്യങ്ങളെല്ലാം ചുവപ്പ് നിറത്തിലെ പട്ടികയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."