ഹിംസയുടെ പ്രത്യയശാസ്ത്രം ഇന്ത്യയെ കൊണ്ടെത്തിച്ചത്
കാസിം ഇരിക്കൂർ
ഇന്ത്യാവിഭജനത്തിന്റെ കരാളതകളും പലായനത്തിന്റെ വിഹ്വലതകളും ഇത്ര വികാരവിക്ഷോഭങ്ങളോടെ അവതരിപ്പിച്ച ഒരു കഥാകൃത്ത് സാദത്ത് ഹസൻ മൻതോവിനെപ്പോലെ വേറെയുണ്ടോയെന്ന് സംശയമാണ്. അത്തരം സൃഷ്ടികളിലൊന്നാണ് പലായനത്തിനിടയിൽ വർഗീയവാദികളുടെ കാപാലികതയ്ക്ക് ഇരയാവേണ്ടിവന്ന മുസ്‌ലിം യുവതിയുടെ ജീവിതദുരന്തം അവതരിപ്പിക്കുന്ന ‘ഖോൽ ദോ’ എന്ന കഥ. ആയിരക്കണക്കിന് യുവതികളുടെ ശരീരം ശത്രുക്കൾ പിച്ചിച്ചീന്തിയ ശപ്തയാമത്തിൽ കാമവെറിയന്മാരുടെ ക്രൂരതകളേറ്റ് പിടഞ്ഞ് തെരുവോരത്ത് ബോധമറ്റ് കിടന്ന ഒരു യുവതിയുടെ ദാരുണചിത്രം. ഒരു മനുഷ്യസ്‌നേഹി ജീവച്ഛവമായ ആ കോലത്തെ പണി പൂർത്തിയാകാത്ത വീടിന്റെ അകത്തളത്തിൽ താങ്ങിപ്പിടിച്ചുകിടത്തി. ജീവനുമായി മല്ലടിക്കുന്ന ആ സ്ത്രീയെ കാണാൻ തടിച്ചുകൂടിയ മനുഷ്യരോട് അൽപം മാറിനിൽക്കാൻ പറയുന്നുണ്ട് ആ നല്ല മനുഷ്യൻ. അൽപം ശബ്ദമുയർത്തി അദ്ദേഹം കൽപ്പിച്ചു: ‘ഖോൽ ദോ’(തുറക്കൂ).
അർധബോധാവസ്ഥയിൽ ആ സ്ത്രീയുടെ കൈകൾ മെല്ലെ താഴോട്ടേക്ക് ചലിച്ചു. ശരീരത്തിൽ ബാക്കിയുള്ള ശീലക്കഷ്ണം അരയുടെ ഭാഗത്തുനിന്ന് അവൾ നീക്കാൻശ്രമിക്കുകയായിരുന്നു. അതുവരെ കേട്ട ഭീകരസ്വരത്തിന്റെ തുടർച്ചയാണതെന്നാണ് ആ പാവം കരുതിയത്. ആ കാഴ്ച കണ്ട് ഞെട്ടിത്തെറിച്ച ആ മനുഷ്യസ്‌നേഹി വിളിച്ചുപറഞ്ഞു: മകളേ, അരുത്. മുറിയിലേക്ക് അൽപം കാറ്റ് കയറാൻ ജനൽ പാളികൾ തുറക്കാനാണ് ഞാനാവശ്യപ്പെട്ടത്!
രാഷ്ട്രീയത്തിന്റെ പേരിൽ ആധുനിക ചരിത്രത്തിൽ ഏറ്റവും ഭയാനക മാനുഷിക ദുരന്തങ്ങൾ കണ്ട മണ്ണാണ് ഇന്ത്യാ ഉപഭൂഖണ്ഡം. വിഭജനാനന്തരം അരങ്ങേറിയ മനുഷ്യക്കുരുതിക്ക് മേൽനോട്ടം വഹിച്ചത് ആർ.എസ്.എസാണ് എന്നത് സമർഥിക്കപ്പെട്ട ചരിത്രമാണ്. സംഘ്പരിവാർ പ്രത്യയശാസ്ത്രം ന്യൂനപക്ഷ വിപാടന പദ്ധതി നടപ്പാക്കുന്നത് മനുഷ്യക്കുരുതിയിലൂടെയാണ്. ഹിറ്റ്‌ലർ പറഞ്ഞുകൊടുത്ത ‘അന്തിമ പരിഹാരം’(ഫൈനൽ സൊലൂഷൻ) നടപ്പാക്കിയ നാസി ജർമനിയും ‘റികോൺക്വസ്റ്റ’യുടെ മറവിൽ അവസാനത്തെ മുസ്‌ലിമിനെയും ജിബ്രാൾട്ടർ കടലിടുക്കിലേക്ക് വലിച്ചെറിഞ്ഞ ക്രിസ്ത്യൻ ആന്തലൂസിയയുമാണ്(സ്‌പെയിൻ) അതിന് മാതൃകയായി ആർ.എസ്.എസ് ‘ശാഖകളിൽ’ പഠിപ്പിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയിൽ നടന്ന അനേകായിരം വർഗീയ കലാപങ്ങളുടെ പിന്നിൽ ന്യൂനപക്ഷ ഉന്മൂലനമായിരുന്നു ലക്ഷ്യം. സർക്കാരുകളുടെ കൊള്ളരുതായ്മയും പിടിപ്പുകേടും കൊണ്ട് തീവ്രവലതുപക്ഷം ഗുണ്ടാസംഘങ്ങളായി തിമിർത്താടിയപ്പോഴെല്ലാം തന്നെ അതിന് കാർമികത്വവും മേൽനോട്ടവും വഹിച്ചത് സംഘ്പരിവാറാണ്. ഇന്ന് മണിപ്പൂരിൽ സംഭവിക്കുന്നത് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടായി തുടരുന്ന ഹിംസയുടെ തേരോട്ടമാണ്. കുക്കി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ വിവസ്ത്രരാക്കി പെരുവഴിയിലുടെ നടത്തിച്ച് എല്ലാറ്റിനുമൊടുവിൽ കൂട്ടബലാത്സംഗം ചെയ്തു ചവച്ചുതുപ്പുന്ന കാട്ടാളത്തം വംശീയവും രാഷ്ട്രീയവും അധികാരപരവുമായ മേൽക്കോയ്മയുടെ പരസ്യപ്രഖ്യാപനമാണ്. വി.ഡി സവർക്കറും എം.എസ് ഗോൾവാൾക്കറും പഠിപ്പിച്ച രീതിശാസ്ത്രമാണിത്. ലോകം മുഴുവൻ മണിപ്പൂരിലെ ഭീകര കാഴ്ച കണ്ട് ഞെട്ടിത്തെറിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തര മന്ത്രി അമിത് ഷാക്കോ മനഃസ്താപമുണ്ടാകുമെന്നും തെറ്റു തിരുത്താൻ മുന്നോട്ടുവരുമെന്നും ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അവർക്ക് ഹിന്ദുത്വമനശ്ശാസ്ത്രം അറിയില്ല എന്നേ പറയേണ്ടതുള്ളൂ.
കേൾക്കാനിരിക്കുന്ന
ഭീകര കഥകൾ
ഇക്കഴിഞ്ഞ മെയ് മൂന്നിന് തുടക്കമിട്ട മണിപ്പൂർ കലാപത്തിന്റെ യഥാർഥ ചിത്രം പുറത്തുവരാനിരിക്കുന്നേയുള്ളൂ. രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിച്ച വിഡിയോ ലോകത്താകെ വൈറലായശേഷം ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത് ബി.ജെ.പി ഭരണത്തിൽ ഗോത്രവർഗ മേഖലയിൽ കെട്ടഴിഞ്ഞുവീണ അതിഭയാനക മനുഷ്യദുരന്തത്തിന്റെ നടുക്കുന്ന എപ്പിസോഡുകളാണ്. കേന്ദ്രഭരണകൂടത്തിന്റെ ഒത്താശയോടെ, സംസ്ഥാന സർക്കാർ നടപ്പാക്കിയ വംശഹത്യാ(എത്‌നിക് ക്ലെൻസിങ്) പദ്ധതിയാണിതെന്ന് ഏത് രാഷ്ട്രീയ വിദ്യാർഥിക്കും മനസ്സിലാക്കാനാവും.
കുക്കികൾ കൂടുതലും ക്രിസ്ത്യാനികളാണ് എന്നതാണ് ഈ അതിക്രമത്തിന് മെയ്ത്തി വംശീയ സംഘത്തെ പ്രേരിപ്പിക്കുന്നത്. ആർ.എസ്.എസാണ് വിഭാഗീയ ചിന്താഗതി വളർത്തിയത്. മണിപ്പൂരിൽ മാത്രം ഒതുങ്ങുന്ന ഹിന്ദുത്വപ്രത്യയശാസ്ത്ര യുദ്ധമല്ല ഇത്. വടക്കുകിഴക്കൻ മേഖലയിലാകെ ആളിപ്പടരുകയാണ്. കിഴക്കൻ ഇംഫാലിൽ മേയ് 15ന് 18 വയസുള്ള കുക്കി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊല്ലാൻ നാലുപേരെ ഏൽപ്പിച്ചത് ‘മണിപ്പൂരിന്റെ അമ്മമാർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘മീരപെയ്ബിസ്’(സ്ത്രീ മാർഗദർശികൾ) ഗ്രൂപ്പിൽപ്പെട്ട സ്ത്രീകളാണത്രെ;
ലൈംഗികമായി ഉപയോഗിച്ച് കൊന്നേക്ക് എന്ന് പറഞ്ഞ്. കാർഗിൽ പോരാളിയുടെ ഭാര്യയെപ്പോലും ലൈംഗിക പീഡനത്തിന് ഇരയാക്കി. എത്രയോ യുവതികളെ കത്തിച്ചുകളഞ്ഞു. കുക്കി കുഞ്ഞുങ്ങൾക്ക് കുടിലിന് പുറത്തുപോകാൻ ധൈര്യമില്ലാത്ത അവസ്ഥ. ഏത് സമയവും വെടികൊണ്ട് മരിച്ചേക്കാം.
4000 ആയുധങ്ങളാണ് സംഘ്പരിവാർ തീവ്രവാദികൾ കൊള്ളയടിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന് അറിയാം ആരുടെ കൈയിലാണ് ഇവ ചെന്നുപെട്ടിരിക്കുന്നതെന്ന്. അമേരിക്കയിലും ഫ്രാൻസിലും ഈജിപ്തിലും യു.എ.ഇയിലുമൊക്കെ ചുറ്റിക്കറങ്ങി മേനി നടിച്ച് മടങ്ങിയെത്തിയ മോദിക്ക് മണിപ്പൂരിനെക്കുറിച്ച് നാവ് പൊങ്ങാൻ വിവസ്ത്രയാക്കപ്പെട്ട മങ്കമാരുടെ തെരുവിൽനിന്നുള്ള നിലവിളി തന്നെ കേൾക്കേണ്ടിവന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിചാരിച്ചിരുന്നുവെങ്കിൽ രണ്ടുദിവസം കൊണ്ട് അണക്കാവുന്ന തീ ഇന്ന് മേഖലയിലാകെ ആളിപ്പടർന്നിരിക്കയാണ്. ലോകം ക്രിസ്ത്യാനികളെ കുട്ടക്കൊല ചെയ്തതും ചർച്ചുകൾ കത്തിച്ചാമ്പലാക്കിയതും കന്യാസ്ത്രീകളെ തെരുവിലിട്ട് ഓടിക്കുന്നതുമെല്ലാം കണ്ണ് നിറയെ കണ്ട് മോദിയുടെ ഇന്ത്യ എവിടെ എത്തിനിൽക്കുന്നുവെന്ന് തീർപ്പുകൽപ്പിച്ചുകഴിഞ്ഞു.
കാത്തിരിക്കേണ്ട പ്രത്യാഘാതം
വടക്കുകിഴക്കൻ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത ധ്രുവീകരണ പദ്ധതി ബൂമറാങ്ങായി തിരിച്ചടിച്ചതിന്റെ മികച്ച ഉദാഹരണമാണ് മണിപ്പൂരിലെ മാനുഷിക ദുരന്തം. വർഗീയതകൊണ്ട് വംശീയത ഊതിക്കത്തിച്ചപ്പോൾ അത് സൃഷ്ടിച്ചത് വിഭജനകാലത്ത് പഞ്ചാബിലും ബംഗാളിലുമൊക്കെ സംഭവിച്ച അത്യാഹിതങ്ങളാണ്. കുക്കികൾക്കും മെയ്ത്തികൾക്കും ഒരുമിച്ചുജീവിക്കാൻ ഇനി സാധ്യമല്ലെന്ന് പുതുതലമുറയടക്കം തിരിച്ചറിഞ്ഞുകഴിഞ്ഞു. കുക്കി-സൊ വിഭാഗത്തിന് പ്രത്യേക അഡ്മിനിസ്‌ട്രേഷൻ വേണമെന്നും കുക്കി സ്റ്റുഡൻസ് ഓർഗനൈസേഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകഴിഞ്ഞു. മണിപ്പൂരിൽ ബി.ജെ.പി സർക്കാർ മാത്രമല്ല, ആർ.എസ്.എസ് ഗുരുക്കന്മാരും തുറന്നുകാട്ടപ്പെട്ടു എന്നതാണ് സത്യം.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ എന്ന ജനാധിപത്യ-മതേതര ആശയത്തിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുകയും രാജ്യത്തിന്റെ അഖണ്ഡത ചോദ്യം ചെയ്യപ്പെടുകയും ചെയ്ത ഭൂമിശാസ്ത്രമേഖലയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. ഏറ്റവും കൂടുതൽ വിഘടനവാദികളും തീവ്രചിന്താഗതിക്കാരും സ്വകാര്യ മിലിഷ്യകളും ദേശവിരുദ്ധ ശക്തികളും വിഹരിക്കുന്ന ഇവിടെ സമാധാനം സ്ഥാപിക്കാൻ നെഹ്‌റുവും ഇന്ദിരയുമടക്കമുള്ള ഭരണാധികാരികൾക്ക് പെരുത്തും പ്രയാസപ്പെടേണ്ടിവന്നിട്ടുണ്ട്. ഭരണഘടന ഭേദഗതി ചെയ്യേണ്ടതായിപോലും വന്നത് ഇവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും സാംസ്‌കാരിക തനിമയും പരിഗണിച്ചാണ്.
മിസോറം വിടാൻ മെയ്ത്തികൾക്കും മുസ്‌ലിംകൾക്കും ‘പാംമ്പ്ര’ എന്ന പഴയ തീവ്രവാദിഗ്രൂപ്പ് നൽകിയ മുന്നറിയിപ്പ് വരാനിരിക്കുന്ന കാലുഷ്യത്തിന്റെ സൂചനയാണ്. മിസോകളും കുക്കികളും വംശീയമായി അടുപ്പമുള്ളവരാണ്. നാഗജനതയും ഇതെല്ലാം കണ്ട് വെറുതെയിരിക്കുമെന്ന് വിചാരിക്കേണ്ട. അധികാരത്തോടുള്ള ബി.ജെ.പിയുടെ അത്യാർത്തി രാജ്യത്തിന്റെ സാമൂഹിക മേഖലയിൽ കടുത്ത അരാജകത്വവും മത്സരവും തുറന്നിടാൻ പോവുകയാണ്. നൂറാം വാർഷികം കൊണ്ടാടാൻ ഒരുങ്ങുന്ന ആർ.എസ്.എസിന് കാലം കൈമാറുന്ന നല്ലൊരു പ്രഹരമായിരിക്കും വർഗീയത കൊണ്ടുള്ള ഈ തീക്കളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."