വിദേശ പഠനമാണോ ലക്ഷ്യം; മികച്ച യൂണിവേഴ്‌സിറ്റികള്‍ എങ്ങനെ തെരഞ്ഞെടുക്കാം? ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കൂ
വിദേശ പഠനമാണോ ലക്ഷ്യം; മികച്ച യൂണിവേഴ്‌സിറ്റികള്‍ എങ്ങനെ തെരഞ്ഞെടുക്കാം? ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കൂ
വിദേശ വിദ്യാഭ്യസം ഇന്ന് പലരുടെയും സ്വപ്‌നമാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിലവസരങ്ങളും, ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവുമാണ് യുവജനങ്ങളെ വിദേശ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇന്ത്യയിലടക്കം രൂക്ഷമായ തൊഴിലില്ലായ്മയും യുവാക്കള്‍ കൂട്ടത്തോടെ വിദേശത്തേക്ക് ചേക്കേറാന്‍ കാരണമായിട്ടുണ്ട്.
വിദേശത്ത് പഠനത്തിനായി പോകുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാരണങ്ങളുണ്ട്. വിദ്യാഭ്യാസത്തിന്റെ മൂല്യവും, യൂണിവേഴ്‌സിറ്റികളുടെ നിലവാരവും, പഠനത്തിന് വേണ്ടി വരുന്ന ചെലവുകളും, രാജ്യത്തെ എമിഗ്രേഷന്‍ നിയമങ്ങളും വിശദമായി മനസിലാക്കിയതിന് ശേഷം മത്രമാണ് ഏത് രാജ്യത്തേക്ക് പഠിക്കാന്‍ പോവണമെന്ന് തീരുമാനിക്കാന്‍ പാടുള്ളൂ. ഇതിലൂടെ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവുമായ രാജ്യവും സര്‍വകലാശാലയും തെരഞ്ഞെടുക്കാന്‍ സാധിക്കും.
മികച്ച വിദ്യാഭ്യസ സൗകര്യം ലഭിക്കുന്ന രാജ്യങ്ങള്‍ എങ്ങനെ കണ്ടെത്താം?
വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം രണ്ട് തരത്തില്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും. കണക്കുകള്‍ അടിസ്ഥാനമാക്കിയ രീതിയാണ് ഒന്നാമത്തേത്. അതായത് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കോളജിന്റെ സ്ഥാനം, യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട റിസര്‍ച്ച് പേപ്പറുകള്‍, അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അക്കാദമിക് റെക്കോഡുകള്‍, സ്ഥാപനങ്ങളുടെ എണ്ണം എന്നിവയൊക്കെ പരിഗണിക്കാവുന്നതാണ്. ഇതുകൂടാതെ പഠനത്തിന് ശേഷം നേരിട്ട് നടന്ന ക്യാമ്പസ് പ്ലേസ്‌മെന്റുകള്‍, ജോലി സാധ്യത, സര്‍ട്ടിഫിക്കറ്റിന്റെ മൂല്യം എന്നിവയൊക്കെ പരിഗണിക്കുന്ന ഘടകങ്ങളാണ്.
വിദേശ രാജ്യങ്ങളിലെ കാലാവസ്ഥ, അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം, ഇന്ത്യയും ആ രാജ്യവും തമ്മിലുള്ള സാംസ്‌കാരികമായ ബന്ധം, വിദേശ ബന്ധം എന്നിവയും അടിസ്ഥാനമാക്കിയുള്ളതാണ് മറ്റൊന്ന്. വിദ്യാഭ്യാസത്തോടൊപ്പം തന്നെ ജീവിത സാഹചര്യവും കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.
ഏത് രാജ്യത്താണെങ്കിലും അവിടുത്തെ വിദ്യാഭ്യാസ ചെലവുകളും, ജീവിക്കാനുള്ള ചെലവും നമുക്ക് താങ്ങാന്‍ പറ്റുന്നതായിരിക്കണം. ചില രാജ്യങ്ങളില്‍ താമസ ചെലവിന് തന്നെ വലിയ തുക ചെലവഴിക്കേണ്ടതായി വരാം. അതുകൊണ്ട് തന്നെ പ്രധാനമായും മൂന്ന് കാര്യങ്ങള്‍ സാമ്പത്തികമായി നിങ്ങള്‍ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
പണത്തിന്റെ മൂല്യം
യു.എസ്.എ, യു.കെ, കാനഡ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ പണത്തിന് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യമുണ്ടെന്ന കാര്യം നമുക്കറിയാവുന്നതാണ്. അതുകൊണ്ട് തന്നെ അവിടെ വിദ്യാഭ്യാസത്തിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും. അതുകൊണ്ട് തന്നെ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പ് വിദ്യാഭ്യാസത്തിന് വരുന്ന ഏകദേശ ചെലവ് കണക്കാക്കി വെക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. ഇതിലൂടെ ഓരോ യൂണിവേഴ്‌സിറ്റികളിലും വ്യത്യസ്ത കോഴ്‌സുകള്‍ക്ക് വേണ്ടിവരുന്ന ചെലവ് മനസിലാക്കാന്‍ സാധിക്കും. അതുപോലെ തന്നെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ജോലി സാധ്യതകളും പരിശോധിതച്ചുറപ്പിക്കണം.
ജീവിതച്ചെലവ്
നമ്മുടെ നാടിനെ അപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ ജീവിതച്ചെലവ് കൂടുതലായിരിക്കും. വിദ്യാഭ്യാസ ചെലവുകള്‍ക്ക് പുറമെ താമസം, ഭക്ഷണം, യാത്രാ ചെലവ്, നികുതി, എമിഗ്രേഷന്‍ ചെലവുകള്‍ എന്നിവയെക്കുറിച്ച് ധാരണയുണ്ടാവുന്നത് നല്ലതാണ്.
എമിഗ്രേഷന്‍ നിയമങ്ങള്‍
ഓരോ രാജ്യത്തെയും കുടിയേറ്റ നിയമങ്ങള്‍ വ്യത്യസ്ഥമാണ്. വിദ്യാഭ്യാസ വിസകള്‍ക്കും, തൊഴില്‍ വിസകള്‍ക്കും നിയമങ്ങള്‍ വ്യത്യസ്തമായിരിക്കും. പഠിക്കുന്ന കാലത്തും അതിന് ശേഷം തൊഴിലെടുക്കുന്ന സമയത്തും നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളും നേരിടേണ്ടി വരുന്ന വെല്ലുവിളികളും വ്യത്യസ്തമായിരിക്കും. ഇത് മനസിലാക്കുന്നതിനായി എമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ച് ധാരണയുണ്ടാവല്‍ അത്യാവശ്യമാണ്.
വര്‍ക്ക് പെര്‍മിറ്റ്: പഠനം പൂര്‍ത്തിയായതിന് ശേഷം വിദേശ രാജ്യങ്ങളില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അനുമതിക്ക് വര്‍ക്ക് പെര്‍മിറ്റ് അത്യാവശ്യമാണ്. ഓരോ രാജ്യങ്ങളിലെയും വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇതിനെ കുറിച്ച് ഏകദേശ ധാരണയുണ്ടായിരിക്കണം.
പൗരത്വവും, സ്ഥിര താമസവും: പഠനവും ജോലിയും കഴിഞ്ഞതിന് ശേഷം വിദേശ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കുന്ന നിരവധിയാളുകളുണ്ട്. വിദേശത്തേക്ക് കുടിയേറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പൗരത്വം നേടാനോ, സ്ഥിര താമസത്തിന് അപേക്ഷിക്കുകയോ ചെയ്യാം. ശിഷ്ടകാലം വിദേശത്ത് ചെലവഴിക്കാം.
വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ സാന്നിധ്യം
ജോലിയും മെച്ചപ്പെട്ട ജീവിതവും തേടി വിദേശത്തേക്ക് ചേക്കേറിയ നിരവധി ഇന്ത്യന്‍ പ്രവാസികളുണ്ട്. പ്രത്യേകിച്ച് ഇന്ത്യയുമായി ചരിത്ര പരമായും വാണിജ്യ പരമായും രാഷ്ട്രീയമായും ബന്ധമുള്ള രാജ്യങ്ങളിലെല്ലാം തന്നെ ഇന്ത്യന്‍ പ്രവാസികളുണ്ട്.
കാനഡയില്‍ 1.6 മില്യണ്‍ ഇന്ത്യക്കാരാണുള്ളത്. ഇത് കാനഡയുടെ മൊത്തം ജനസംഖ്യയുടെ 4.4 ശതമാനമാണ്. ടൊറന്റോ, വാന്‍കൂവര്‍, മോണ്‍ട്രിയല്‍, കാല്‍ഗറി തുടങ്ങിയ നഗരങ്ങളിലാണ് ഇന്ത്യന്‍ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നത്.
ചരിത്രപരമായി ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ ബന്ധമുള്ള രാജ്യമാണ് ബ്രിട്ടന്‍. 1.4 മില്യണ്‍ ഇന്ത്യന്‍ പ്രവാസികളാണ് യു.കെയിലുള്ളതെന്നാണ് പറയപ്പെടുന്നത്. ഇത് ജനസംഖ്യയുടെ 2.3 ശതമാനത്തോളം വരും. ലണ്ടന്‍, ബര്‍മിങ്ഹാം, ലെസ്റ്റര്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതലുള്ളത്.
യു.എസ്.എയിലെ ഇന്ത്യന്‍ സാന്നിധ്യം 4.2 മില്യണാണ്. അമേരിക്കന്‍ ജനസംഖ്യയുടെ 1.2 ശതമാനമാണിത്. കാലിഫോര്‍ണിയ, ടെക്‌സസ്, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് കൂടുതല്‍ ഇന്ത്യക്കാരുള്ളത്.
മെച്ചപ്പെട്ട വിദേശ വിദ്യാഭ്യാസത്തിന് കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ഡിമാന്റാണ്. ഈയവസരം മുതലെടുത്ത് പല തട്ടിപ്പ് സംഘങ്ങളും രംഗത്തെത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."