മണിപ്പൂര്‍: 'ഇന്‍ഡ്യ' ഇന്ന് കറുപ്പണിയും; പ്രതിഷേധം തുടരുമെന്ന നിലപാടിലുറച്ച് പ്രതിപക്ഷം
മണിപ്പൂര്‍: 'ഇന്‍ഡ്യ' ഇന്ന് കറുപ്പണിയും; പ്രതിഷേധം തുടരുമെന്ന നിലപാടിലുറച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ തുടരുന്ന മൗനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമായി തുടരാനുറച്ച് പ്രതിപക്ഷം. മണിപ്പൂര്‍ വിഷയത്തിലും അവിശ്വാസ പ്രമേയത്തിലും ചര്‍ച്ച ആരംഭക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇന്ന് കുറപ്പ് വസ്ത്രം ധരിച്ചാണ് സഭയിലെത്തുക. പ്രതിപക്ഷ നേതാവിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ന് (വ്യാഴം) കറുപ്പ് വസ്ത്രം ധരിച്ച് എത്തണമെന്ന് അംഗങ്ങളോട് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷ ഐക്യമുന്നണി ''ഇന്‍ഡ്യ''നല്‍കിയ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭ സ്പീക്കര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ അവതരിപ്പിച്ച ശേഷമാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുകയെന്നാണ് സൂചന. അവിശ്വാസ പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്ക് എടുക്കണം എന്നാണ് ലോക്‌സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും നിര്‍ണായക ബില്ലുകള്‍ സഭയില്‍ ശബ്ദ വോട്ടോടെ പാസാക്കിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ന് സഭയില്‍ നിര്‍ണായക വിഷയം ചര്‍ച്ചയാകുമെന്ന് ചൂണ്ടിക്കാട്ടി അംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് അതീവ പ്രാധാന്യമുള്ള വിപ്പ് നല്‍കി. രാവിലെ മുതല്‍ സഭാ പിരിയുന്നത് വരെ മുഴുവന്‍ അംഗങ്ങളും ലോക്‌സഭയില്‍ ഉണ്ടാകണമെന്നാണ് പാര്‍ട്ടി വിപ്പ്.
മണിപ്പൂര്‍ കലാപത്തില്‍ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് ഗൗരവ് ഗൊഗോയ്, ബി.ആര്‍.എസ് എം.പി നമോ നാഗേശ്വര്‍ റാവു എന്നിവരാണ് ലോക്‌സഭയില്‍ നോട്ടിസ് നല്‍കിയത്. അമ്പതിലേറെ അംഗങ്ങള്‍ നോട്ടിസിനെ പിന്തുണച്ചതോടെ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കുള്ള തീയതിയും സമയവും തീരുമാനിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള സഭയെ അറിയിച്ചു. സ്പീക്കറുടെ അനുമതി ലഭിച്ചാല്‍ 10 ദിവസത്തിനുള്ളില്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കണമെന്നാണ് വ്യവസ്ഥ. അതല്ലെങ്കില്‍ പ്രമേയം പരാജയപ്പെടുകയും പ്രമേയം അവതരിപ്പിച്ച അംഗത്തെ അറിയിക്കുകയും ചെയ്യും. പിന്നെ ആറു മാസത്തിന് ശേഷം മാത്രമേ അവിശ്വാസ പ്രമേയം സമര്‍പ്പിക്കാന്‍ കഴിയൂ.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഇന്നലെയും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. ബഹളം തുടരുന്നതോടെ ഇരു സഭകളിലും നടപടികള്‍ തടസപ്പെട്ടു. രാജ്യസഭ പതിവുപോലെ പ്രതിഷേധത്തെത്തുടര്‍ന്ന് ആദ്യം പന്ത്രണ്ടു മണിവരേയും പിന്നീട് രണ്ടു മണിവരേയും നിര്‍ത്തി. തുടര്‍ന്ന് ചേര്‍ന്നപ്പോഴും പ്രതിഷേധം ശക്തമായി തുടര്‍ന്നു. പ്രതിപക്ഷ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സഭാ അധ്യക്ഷന്‍ തയാറല്ലെന്ന് കണ്ടതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങി. ഇതിനു പിന്നാലെ രാജ്യസഭ ഇന്നലത്തേക്ക് പിരിഞ്ഞു. ലോക്‌സഭ രാവിലെ പന്ത്രണ്ട് മണിയോടെ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് ഗൗരവ് ഗൊഗോയ് നല്‍കിയ അവിശ്വാസ പ്രമേയം അംഗീകരിക്കുന്നതായി സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. വിഷയത്തില്‍ എല്ലാ കക്ഷി നേതാക്കളുമായും സംസാരിക്കുമെന്നും അതിനുശേഷം സമയം അറിയിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ മണിപ്പൂര്‍ വിഷയം കത്തി നില്‍ക്കുമ്പോഴും സഭയില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെ ലോക്‌സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു. പിന്നീട് ചേര്‍ന്നപ്പോഴും പ്രതിഷേധം ശക്തമായതോടെ ലോക്‌സഭയും ഇന്നലത്തേക്ക് പിരിഞ്ഞു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ ഹാജരായി മണിപ്പൂര്‍ വിഷയത്തില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.
അതിനിടെ, മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് ഉള്‍പെടെയുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണര്‍ അനുസൂയ യുകെയെക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു. നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയാതായി ഒക്രം ഇബോബി സിങ് പറഞ്ഞു.
സഭയില്‍ വിശദമായി ചര്‍ച്ച ചെയ്ത് ശാശ്വതമായ പരിഹാരം കണ്ടെത്തണം. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇത്രയും നാള്‍ പ്രധാനമന്ത്രി മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും പാര്‍ലമെന്റില്‍ മണിപ്പൂരിനെക്കുറിച്ച് ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി ഉത്തരം പറയണമെന്നും ഒക്രം ഇബോബി സിങ് ആവശ്യപ്പെട്ടു.
മോദി സര്‍ക്കാരിനെതിരേ രണ്ടാം അവിശ്വാസം 2018ല്‍ എന്‍.ഡി.എ സര്‍ക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടി.ഡി.പി അവിശ്വാസപ്രമേയത്തിനു നോട്ടിസ് നല്‍കിയത്. എന്നാല്‍ കര്‍ഷികപ്രശ്‌നങ്ങള്‍, ആള്‍ക്കൂട്ടക്കൊല, ദലിത് പ്രക്ഷോഭങ്ങളായിരുന്നു ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയത്. 126 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 325 പേര്‍ എതിര്‍ത്തു. സഭയില്‍ മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രിയെക്കൊണ്ട് സംസാരിപ്പിക്കുകയാണ് പുതിയ അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ലോക്‌സഭയില്‍ എന്‍.ഡി.എക്ക് 330 അംഗങ്ങളുണ്ട്. പ്രതിപക്ഷ ഐക്യമുന്നണിയായ ''ഇന്‍ഡ്യ''ക്ക് 140. ഇരു ചേരിയുമല്ലാതെ 60 പേരുമുണ്ട്. അഞ്ച് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
opposition-parties-to-wear-black-dresses-in-parliament-on-thursday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."