ജ്ഞാന്‍വാപി: സര്‍വേക്ക് സ്‌റ്റേ ഇന്നു കൂടി
ജ്ഞാന്‍വാപി: സര്‍വേക്ക് സ്‌റ്റേ ഇന്നു കൂടി
ന്യൂഡല്‍ഹി: ജ്ഞാന്‍വാപി മസ്ജിദില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് സുപ്രിംകോടതി പുറപ്പെടുവിച്ച സ്‌റ്റേ ഇന്നു കൂടി. സ്‌റ്റേ ഇന്നത്തേക്കു കൂടി നീട്ടി കഴിഞ്ഞ ദിവസമാണ് അലഹാബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ജ്ഞാന്‍വാപി മസ്ജിദില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ അര്‍ക്കോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് അനുമതി നല്‍കി വരാണസി ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് ജ്ഞാന്‍വാപി മസ്ജിദ് കമ്മിറ്റിയായ അഞ്ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിച്ച് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാക്കര്‍ അധ്യക്ഷനായ ബഞ്ചാണ് സ്റ്റേ നീട്ടിയത്. കേസില്‍ വാദം പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്റ്റേ നീട്ടിയത്.
സര്‍വേയില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നതായും കോടതിക്ക് കൃത്യമായി ഇടപെടാനാകുമെന്ന് വ്യക്തമാക്കിയ ബഞ്ച് ഹരജിയില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് അറിയിച്ചു. ഹരജി ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വീണ്ടും പരിഗണിക്കും. ഈ സമയത്ത് എ.എസ്.ഐ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ബഞ്ച് നിര്‍ദേശം നല്‍കി. വരാണസി ജില്ലാ കോടതി ഉത്തരവ് മസ്ജിദ് കമ്മിറ്റിക്ക് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനുള്ള അനുമതി നല്‍കിയാണ് ഇന്നലെ അഞ്ചു മണിവരെ സുപ്രിംകോടതിയാണ് സ്‌റ്റേ ചെയ്തത്.
കഴിഞ്ഞ ദിവസം മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയും രണ്ട് ദിവസങ്ങളിലായി ഹരജിയില്‍ അലഹാബാദ് ഹൈക്കോടതി വാദം കേള്‍ക്കുകയും ചെയ്തു. ശാസ്ത്രീയ പരിശോധ നടത്തിയാല്‍ മസ്ജിദ് പരിസരം പൂര്‍ണമായി നശിപ്പിക്കപ്പെടുമെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ കെട്ടിടമാണ് ജ്ഞാന്‍വാപി മസ്ജിദെന്നും അഞ്ജുമാന്‍ കമ്മിറ്റി ഇന്നലെ വാദിച്ചു. മസ്ജിദ് പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്താനിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ബഞ്ചും ഇന്നലെ സംശയം പ്രകടിപ്പിച്ചു. നിര്‍ദിഷ്ട സര്‍വേയുടെ കൃത്യമായ രീതിശാസ്ത്രം വിശദീകരിക്കുന്നതില്‍ എ.എസ്.ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പരാജയപ്പെട്ടതാണ് വിഷയത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കെതിരെ വാക്കാലുള്ള നിരീക്ഷണം നടത്താന്‍ ബഞ്ചിനെ പ്രേരിപ്പിച്ചത്.
ജ്ഞാന്‍വാപി കെട്ടിടത്തിന് കേടുപാടുകള്‍ വരുത്താതെ പരിശോധനയ്ക്ക് ഗ്രൗണ്ട്‌പെനെട്രേറ്റിംഗ് റഡാര്‍ (ജി.പി.ആര്‍) രീതി ഉപയോഗിക്കുമെന്ന് അഭിഭാഷകന്‍ ബഞ്ചിനെ അറിയിച്ചെങ്കിലും ഇക്കാര്യം ബഞ്ചിന് ബോധ്യപ്പെട്ടില്ല. ഇതേ തുടര്‍ന്ന് നിര്‍ദിഷ്ട സര്‍വേയുടെ ഘടനയും വിശദാംശങ്ങളും വിശദീകരിക്കുന്ന സത്യവാങ്മൂലത്തോടൊപ്പം വാരാണസിയില്‍ നിന്നുള്ള എ.എസ്.ഐ ഉദ്യോഗസ്ഥനെ കോടതിയില്‍ വിളിച്ചുവരുത്താന്‍ ഉത്തരവിട്ടു. ഇതനുസരിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേടുപാടുകള്‍ വരുത്താതെ ഒരു സര്‍വേ പ്രവര്‍ത്തനവും നടത്താനാകില്ലെന്ന് എ.എസ്.ഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
റഡാര്‍ സര്‍വേയ്ക്കും ജി.പി.ആര്‍ സര്‍വേയ്ക്കുമായി ഐ.ഐ.ടി കാണ്‍പൂരില്‍ നിന്നുള്ള ഒരു സംഘത്തെ വിളിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
gyanvapi-mosque-survey-pushed-back-as-high-court-seeks-clarifications
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."