HOME
DETAILS

ഇ.ഡി ഡയരക്ടർ ഇനിയും തുടരണമോ?

  
backup
July 28 2023 | 18:07 PM

editorial-about-ed-director

ഇ.ഡി ഡയരക്ടർ സ്ഥാനത്ത് സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി സുപ്രിംകോടതി ഒരിക്കൽക്കൂടി നീട്ടിയിരിക്കുന്നു. മിശ്രയ്ക്ക് സെപ്റ്റംബർ 15 വരെ തുടരാം. മുൻ ഉത്തരവുപ്രകാരം ഈ മാസം അവസാനത്തോടെ മിശ്ര സ്ഥാനമൊഴിയേണ്ടതാണ്. വിശാലമായ പൊതുതാൽപര്യം കണക്കിലെടുത്താണ് കാലാവധി ഒരിക്കൽക്കൂടി നീട്ടിനൽകുന്നതെന്നാണ് ഉന്നത കോടതി വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഫിനാൻസ് ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ അവലോകനം നടക്കുകയാണ്. അതിലെ ചോദ്യങ്ങൾക്ക് നൽകേണ്ട ഉത്തരത്തിന് തുടർച്ചയുണ്ടാകണമെങ്കിൽ മിശ്രതന്നെ അൽപകാലത്തേക്ക് തുടരണമെന്ന കേന്ദ്രത്തിന്റെ നിലപാട് അതൃപ്തിയോടെയാണെങ്കിലും സുപ്രിംകോടതി അംഗീകരിച്ചു.

ഒപ്പം, മിശ്രയല്ലാതെ ഈ പദവിയിലേക്ക് യോഗ്യനായ മറ്റാരുമില്ലേയെന്ന ചോദ്യം ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ആവർത്തിക്കുകയും ചെയ്തു.
മിശ്രയ്ക്ക് ആദ്യം കാലാവധി നീട്ടിനൽകിയപ്പോൾ കോടതിയിൽ സർക്കാർ അതിനെ ന്യായീകരിച്ചത് സുപ്രധാന കേസുകളുടെ അന്വേഷണം പൂർത്തിയാക്കാനുണ്ടെന്ന കാരണം പറഞ്ഞാണ്. കോടതി അതിനെ അംഗീകരിക്കില്ലെന്ന് വന്നതോടെ ഫിനാൻസ് ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ അവലോകന യോഗമാണ് വിഷയമെന്നായി. എന്താണ് മിശ്രയുടെ കാര്യത്തിൽ സർക്കാരിന് താൽപര്യമെന്ന ചോദ്യത്തിന് ഇ.ഡിയുടെ സമീപകാല ചരിത്രം ഉത്തരമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും മിശ്രയെ ഇ.ഡി ഡയരക്ടർ സ്ഥാനത്ത് നിലനിർത്താൻ സർക്കാർ ആവുന്നതെല്ലാം ചെയ്തതാണ്.

അതിനുവേണ്ടി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും സർക്കാർ വളച്ചൊടിച്ചിട്ടുണ്ട്. എന്നാൽ അതിനിടെയാണ് സുപ്രിംകോടതി ഇടപെടൽ വിലങ്ങുതടിയായിരിക്കുന്നത്.
2018 നവംബറിലാണ് മിശ്ര ആദ്യമായി ഇ.ഡി ഡയരക്ടറായി നിയമിതനായത്. 2020 നവംബറിൽ ഈ കാലാവധി അവസാനിച്ചു. 2020 മെയ് മാസത്തിൽ അദ്ദേഹത്തിന് 60 വയസ് തികഞ്ഞതിനാൽ മിശ്രയെ വീണ്ടും നിയമിക്കാൻ കഴിയില്ലായിരുന്നു. ഇത് മറികടക്കാൻ 2018ലെ ഉത്തരവിലെ രണ്ടുവർഷ കാലാവധിയെന്നത് മൂന്ന് വർഷമാക്കി തിരുത്തി കേന്ദ്രസർക്കാർ മിശ്രയ്ക്ക് കാലാവധി നീട്ടിക്കൊടുത്തു.

ഇതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ നേതൃത്വം നൽകുന്ന കോമൺ കോസ് എന്ന സംഘടന സുപ്രിംകോടതിയിലെത്തി. മൂന്നു വർഷമായി നീട്ടിയതിന് 2021 സെപ്റ്റംബറിൽ സുപ്രിംകോടതി അംഗീകാരം നൽകിയെങ്കിലും മിശ്രയ്ക്ക് ഇനിയും കാലാവധി നീട്ടിനൽകരുതെന്ന് നിർദേശിച്ചു. ഈ ഉത്തരവ് മറികടക്കാൻ മിശ്രയുടെ കാലാവധി തീരുന്നതിന് മൂന്നുദിവസം മുമ്പ്, 2021 നവംബറിൽ ഇ.ഡി, സി.ബി.ഐ മേധാവികളുടെ കാലാവധി അഞ്ചുവർഷമാക്കി നീട്ടി കേന്ദ്ര വിജിലൻസ് കമ്മിഷൻ നിയമത്തിലും ഡൽഹി സ്പെഷൽ പൊലിസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലും ഭേദഗതിവരുത്തി ഓർഡിനൻസ് കൊണ്ടുവരികയായിരുന്നു സർക്കാർ.

ഇതോടെ മിശ്രയ്ക്ക് വീണ്ടും ഒരു വർഷത്തെ കാലാവധി ലഭിച്ചു. ഇൗ കാലാവധിയാണ് സുപ്രിംകോടതി റദ്ദാക്കിയിരുന്നത്. ഇ.ഡി ഡയരക്ടറായി മിശ്രതന്നെ വേണമെന്ന് എന്താണ് വാശിയെന്നും ആ പദവി വഹിക്കാൻ യോഗ്യരായവർ രാജ്യത്ത് വേറെയില്ലേയെന്നും കേസിന്റെ ആദ്യഘട്ട വാദത്തിനിടെ സുപ്രിംകോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചതാണ്.


കഴിഞ്ഞ എട്ട് വർഷത്തിനിടെ 3,010 റെയ്ഡുകളാണത്രെ ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ നടത്തിയത്. ഇതിൽ 95 ശതമാനവും പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുള്ളവർക്കെതിരേയായിരുന്നു. അവരിൽ ഭൂരിഭാഗവും കോൺഗ്രസ് നേതാക്കളുമാണ്. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 121 പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ഇ.ഡിയുടെ അന്വേഷണം നേരിടുന്നത്. ഇതിൽ 115 പേരും പ്രതിപക്ഷപ്പാർട്ടി നേതാക്കളാണ്.


എങ്ങനെയാണ് മോദി സർക്കാർ ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നതെന്നതിന്റെ ചെറുചിത്രം കാണുക. മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ അന്വേഷണ ഏജൻസികൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫിസ് റെയ്ഡ് ചെയ്തു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനും ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിക്കുമെതിരായ പഴയ കേസുകളും വീണ്ടും തുറന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ മമതാ ബാനർജിയുമായി അടുപ്പമുള്ള കൊൽക്കത്ത പൊലിസ് കമ്മിഷണർ രാജീവ് കുമാറിന്റെ ഓഫിസിൽ സി.ബി.ഐയും പിന്നാലെ ഇ.ഡിയുമെത്തി.


രണ്ടാം മോദി സർക്കാരിൽ ആഭ്യന്തരം അമിത്ഷാ ഏറ്റെടുത്തതോടെ മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ ഐ.എൻ.എക്‌സ് മീഡിയ കേസിൽ നിരവധി ദിവസം ജയിലിലിട്ടു. എൻ.സി.പി നേതാവ് ശരത് പവാറിന്റെ അനന്തരവൻ അജിത് പവാർ ബാങ്ക് തട്ടിപ്പ് കേസിലുൾപ്പെട്ടു. അജിത്ത് ബി.ജെ.പിക്കൊപ്പം ചേരുമെന്നായതോടെ അയാൾക്കെതിരായ കേസുകൾ നിശബ്ദമായി.

ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ തൃണമൂൽ നേതാക്കൾക്കെതിരേ കൂട്ടത്തോടെ കേസെടുത്തപ്പോൾ ബി.ജെ.പിയിലേക്ക് കുറുമാറിയ ബാബുൽ സുപ്രിയോ, മുകുൾ റോയിയെപ്പോലുള്ളവരുടെ കേസുകൾ മരവിപ്പിക്കപ്പെട്ടു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉൾപ്പെട്ട കോടികളുടെ വ്യാപം അഴിമതിക്കേസ് അപ്രത്യക്ഷമായി.

മുൻ ശിവസേന നേതാവ് നാരായൺ റാണെ ബി.ജെ.പിയിൽ ചേർന്നതോടെ അദ്ദേഹത്തിനെതിരേയുള്ള കേസുകൾ പിൻവലിച്ചു. റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ബിജു ജനതാദളിന്റെ ഒഡിഷയിലെ മന്ത്രിമാർക്കെതിരേ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും രാജ്യസഭയിൽ ബില്ലുകളെ ബി.ജെ.ഡി പിന്തുണച്ചതോടെ ആ കേസുകളും മാഞ്ഞുപോയി.


അന്വേഷണ ഏജൻസികളുടെ ദുരുപയോഗം രാജ്യത്ത് ആദ്യമായുണ്ടാകുന്നതല്ല. എന്നാൽ, ഇ.ഡി ഓഫിസ് ബി.ജെ.പി ഓഫിസെന്ന പോലെ പാർട്ടി ആസ്ഥാനത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത് മോദി സർക്കാരിന്റെ സംഭാവനയാണ്. ഇ.ഡിയുടെ ഓരോ നീക്കത്തിനും ആസൂത്രണവും ബുദ്ധി കേന്ദ്രവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് മിശ്രയ്‌ക്കെതിരായ നിരന്തര വ്യവഹാരങ്ങളുടെ പ്രസക്തി.

Content Highlights:Editorial About ED Director



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago