ഏക സിവില്‍കോഡിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണം; ആഹ്വാനവുമായി യു.ഡി.എഫ് ബഹുസ്വരതാ സംഗമം
ഏക സിവില്‍കോഡിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണം; ആഹ്വാനവുമായി യു.ഡി.എഫ് ബഹുസ്വരതാ സംഗമം
തിരുവനന്തപുരം: ഭിന്നിപ്പ് ലക്ഷ്യമിട്ട് കേന്ദ്രം കൊണ്ടുവരുന്ന ഏക സിവില്‍കോഡിനെതിരേ ഒറ്റക്കെട്ടായ പ്രതിരോധം തീര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് യു.ഡി.എഫ് ബഹുസ്വരതാ സംഗമം. ഏക സിവില്‍കോഡ് രാജ്യത്തെ ബഹുസ്വരതയ്ക്ക് മേലുള്ള കൈകടത്തലാണെന്നും 2024ലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ ഇന്ത്യയുടെ വൈവിധ്യം ഇല്ലാതാക്കിയെന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് മണിപ്പൂരില്‍ അരങ്ങേറുന്നതെന്നും യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ ഏകസിവില്‍ കോഡിനെതിരേയും മണിപ്പൂരിലെ വംശഹത്യയ്ക്കുമെതിരേ സംഘടിപ്പിച്ച ബഹുസ്വരതാ സംഗമത്തില്‍ നേതാക്കള്‍ പറഞ്ഞു. വിഭാഗീയതയ്‌ക്കെതിരേ എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന സന്ദേശമാണ് ബഹുസ്വരതാ സംഗമത്തിലൂടെ യു.ഡി.എഫ് നല്‍കാന്‍ ആഗ്രഹിക്കുന്നെതന്ന് അധ്യക്ഷ പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
സംഘര്‍ഷ സാഹചര്യങ്ങളെ കേവല രാഷ്ട്രീയലാഭത്തിന് വേണ്ടി യു.ഡി.എഫ് ഉപയോഗിക്കില്ല. ജനിച്ച് വളര്‍ന്ന രാജ്യത്ത് ജീവിക്കാനാകില്ലെന്ന അവസ്ഥയുണ്ടാകുമ്പോള്‍ അതിനെതിരേ ഒറ്റക്കെട്ടായാണ് പ്രതിരോധിക്കേണ്ടത്. ഏതെങ്കിലും ഒരു മതവിഭാഗത്തിന് അരക്ഷിതത്വമുണ്ടാകുമ്പോള്‍, ഒറ്റയ്ക്കല്ല എല്ലാവരും കൂടെയുണ്ടാകുമെന്ന് ഉറക്കെ വിളിച്ച് പറയണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഫാസിസത്തിന്റെ കടന്നുകയറ്റം രാജ്യത്തിന്റെ നാനാമേഖലകളിലും പടര്‍ന്നുപിടിക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികളാണ് ഇപ്പോഴും മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിന് കാരണമാകുന്നതെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ലോകത്ത് എവിടെ ചെന്നാലും ഇന്ത്യക്കാര്‍ എന്ന് അഭിമാനിക്കുന്ന സ്ഥിതിയില്‍നിന്ന് തല കുനിക്കേണ്ട ദയനീയ സ്ഥിതിയിലേക്ക് മാറിയെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, നേതാക്കളായ പി.ജെ ജോസഫ്, എം.എം ഹസന്‍, സി.പി ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സലിം പി. മാത്യു, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ജനറാള്‍ മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത്, എം.പിമാരായ കെ. മുരളീധരന്‍, ബെന്നി ബഹ്നാന്‍, അടൂര്‍ പ്രകാശ്, എം.എല്‍.എമാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, എം. വിന്‍സെന്റ്, സനീഷ് കുമാര്‍ ജേക്കബ്, മാത്യു കുഴല്‍നാടന്‍, മുന്‍ വിസി ഡോ.ജാന്‍സി ജെയിംസ്, ഷാനിമോള്‍ ഉസ്മാന്‍, ജ്യോതി വിജയകുമാര്‍, മുഹമ്മദ് കുഞ്ഞ് സഖാഫി, മുഹമ്മദ് ബാബുസേട്ട്, പി. മുജീബ് റഹ്‌മാന്‍, ഡോ.ഐ.പി അബ്ദുസ്സലാം സുല്ലമി, പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ടി.കെ അഷ്റഫ്, ഫാ.മോര്‍ളി കൈതപ്പറമ്പില്‍, പാളയം ഇമാം ഡോ.ഷുഹൈബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കെ.പി മുഹമ്മദ്, ഡോ.ജെറിന്‍ ചേരുവിള, ഡോ.എം.ആര്‍ തമ്പാന്‍, ടി.ആര്‍ മധു (വിശ്വകര്‍മ), കുട്ടപ്പന്‍ ചെട്ടിയാര്‍ (ചെയര്‍മാന്‍, പിന്നോക്ക സമുദായ മുന്നണി), സ്വാമി അഭയാനന്ദ (ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം), പാലോട് രവി, പി.കെ വേണുഗോപാല്‍, ബീമാപ്പള്ളി റഷീദ്, പന്തളം ബാലന്‍, കാവാലം ശ്രീകുമാര്‍, പന്തളം സുധാകരന്‍, വി.പി സജീന്ദ്രന്‍, എന്‍. ശക്തന്‍, ജി.എസ് ബാബു, ജി. സുബോധന്‍, കെ. മോഹന്‍കുമാര്‍, വര്‍ക്കല കഹാര്‍, വി.എസ് ശിവകുമാര്‍, യു.ഡി.എഫ് സംസ്ഥാന സമിതി അംഗങ്ങള്‍, ജില്ലാ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."