ഗാർഹിക തൊഴിലാളികളോട് മോശമായി പെരുമാറിയാൽ പിഴയും വിലക്കും; പുതിയ നിയമവുമായി സഊദി
ഗാർഹിക തൊഴിലാളികളോട് മോശമായി പെരുമാറിയാൽ പിഴയും വിലക്കും; പുതിയ നിയമവുമായി സഊദി
റിയാദ്: ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ പരിരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ നിയമ നിർമ്മാണത്തിനൊരുങ്ങി സഊദി അറേബ്യ. തൊഴിലാളിയോട് മോശമായി പെരുമാറിയാൽ ശിക്ഷ ഉൾപ്പെടെ ചേർത്താകും പുതിയ നിയമം പ്രാബല്യത്തിൽ വരിക. തൊഴിൽ സംവിധാനം, തൊഴിലാളികളുടെ സംരക്ഷണം എന്നിവക്ക് പ്രധാനം നൽകിയാകും നിയമമെന്ന് സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.
ഗാർഹിക തൊഴിൽ വിസയിലെത്തുന്ന പുരുഷന്മാരോടും സ്ത്രീകളോടും മോശമായി പെരുമാറിയതായി തെളിഞ്ഞാൽ പിഴയും റിക്രൂട്ട്‌മെൻറ് വിലക്കുമാണ് പുതിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥ. തൊഴിൽ നിയമം ആർട്ടിക്കിൾ ഏഴിലെ രണ്ടാം ഖണ്ഡിക പ്രകാരമാണ് ശിക്ഷകൾ നൽകുക. നൽകുന്ന പിഴകൾ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആയിരിക്കും മാറ്റുകയെന്നാണ് വിവരം.
മോശം പെരുമാറ്റത്തിന് 2,000 റിയാൽ പിഴയാകും ചുമത്തുക. ഗാർഹിക ജോലിക്ക് നിയമിച്ച ഉടമ ഒരു വർഷത്തെ റിക്രൂട്ട്‌മെൻറ് വിലക്ക് നേരിടേണ്ടി വരും. ഇക്കാലയവളവിൽ മറ്റാരെയും ജോലിക്ക് വെക്കാൻ സാധിക്കില്ല.
ഗാർഹിക തൊഴിലാളിയെ അപകടകരമായ ജോലിക്ക് നിയോഗിക്കാൻ പാടില്ലെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. തൊഴിലാളിയുടെ ആരോഗ്യം, സുരക്ഷ എന്നിവക്ക് പ്രത്യേക പരിഗണയുണ്ട്. ഗാർഹിക തൊഴിലാളിയുടെ അന്തസ്സിനെ ബാധിക്കുന്ന രീതിയിൽ തൊഴിലുടമ പെരുമാറരുതെന്നും നിയമം പറയുന്നു.
അതേസമയം, തൊഴിലാളിക്കും ചില ഉത്തരവാദിത്വങ്ങൾ നിയമം അനുശാസിക്കുണ്ട്. തൊഴിലുടമയുടെ വീട്ടിലെ രഹസ്യങ്ങൾ തൊഴിലാളികൾ വെളിപ്പെടുത്തരുത്. വെളിപ്പെടുത്തുന്ന വീട്ടുജോലിക്കാർക്ക് നിയമപ്രകാരം ശിക്ഷയുണ്ടാവും. സാമ്പത്തിക പിഴ ചുമത്താനാണ് പുതിയ നിയമം അനുശാസിക്കുന്നത്. കരാർപ്രകാരമുള്ള ജോലി ചെയ്യാനും തൊഴിലാളി ബാധ്യസ്ഥനാണ്. ജോലിയുമായി ബന്ധപ്പെട്ട് തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ പാലിക്കാനും തൊഴിലാളി ബാധ്യസ്ഥനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."