കൂടുതല്‍ കാലം ജീവിക്കണോ? ഈ നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ; പുതിയ പഠനം
കൂടുതല്‍ കാലം ജീവിക്കണോ? ഈ നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ; പുതിയ പഠനം
ശരാശരി ഇന്ത്യക്കാരുടെ ആയുസ് 70 വര്‍ഷമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതില്‍ കൂടുതല്‍ കാലം ജീവിക്കുന്നവരെയും വളരെ ചെറിയ പ്രായത്തില്‍ തന്നെ മരണപ്പെടുന്നവരെയും നമ്മള്‍ കാണുന്നതാണ്. എന്നാല്‍ ലോകത്തിന്റെ ചില പ്രത്യേക ഭൂപ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് സാധാരണ മനുഷ്യരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ബ്ലൂ സോണ്‍ എന്നറിയപ്പെടുന്ന അഞ്ച് പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കാണ് സാധാരണ മനുഷ്യരേക്കാള്‍ കൂടുതല്‍ ആയുസുള്ളത്. ഗ്രീസിലെ-ഇകാരിയ, ജപ്പാനിലെ-ഒക്കിനാവ, ഇറ്റലിയിലെ-സര്‍ദിനിയ, കാലിഫോര്‍ണിയയിലെ-ലോമ ലിന്‍ഡ, കോസ്‌റ്റോറിക്കയിലെ- നികോയ എന്നീ അഞ്ച് പ്രദേശങ്ങളാണ് ആയുസിന്റെ അടിസ്ഥാനത്തില്‍ ബ്ലൂസോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിലെ ജനങ്ങളുടെ ശരാശരി ആയുസ് 100 വര്‍ഷമാണ്.
എന്തായിരിക്കും ഇതിന് പിന്നിലെ കാരണം? എന്തുകൊണ്ടാണ് ബ്ലൂ സോണിലെ ജനങ്ങള്‍ക്ക് മാത്രം ആയുസ് കൂടുന്നത്. ഇവിടങ്ങളിലെ ജനങ്ങളുടെ ജീവിത രീതികള്‍ അവരുടെ ആയുസിനെ സ്വാധീനിക്കുന്നുണ്ടോ എന്ന കാര്യങ്ങളെ കുറിച്ചൊക്കെ വിവിധ പഠനങ്ങള്‍ ഇതിനോടകം നടന്നിട്ടുണ്ട്. ഇതില്‍ ഡാന്‍ ബ്യൂട്ടനര്‍ എന്ന ഗവേഷകന്റെ പഠനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിനും ദീര്‍ഘായുസിനും വേണ്ടി ബ്ലൂ സോണിലെ ജനങ്ങള്‍ പാലിക്കുന്ന മൂന്ന് ജീവിത രീതികളെക്കുറിച്ചാണ് തന്റെ പഠനത്തിലൂടെ ഡാന്‍ വിവരിക്കുന്നത്. അവ താഴെപറയുന്നവയാണ്.
ആരോഗ്യകരമായ പ്രഭാത ഭക്ഷണം
ആരോഗ്യകരമായ ജീവിതത്തിന് നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണ ക്രമം പാലിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്ലൂ സോണിലെ ജനങ്ങള്‍ തങ്ങളുടെ പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ കണിശത പുലര്‍ത്തുന്നവരാണെന്നാണ് ഡാന്‍ തന്റെ പഠനത്തിലൂടെ കണ്ടെത്തിയത്. ലോമ ലിന്‍ഡയില്‍ താമസിക്കുന്ന 105 വയസുള്ള മുത്തശ്ശി ഇപ്പോഴും സ്ഥിരമായി ഒരു കപ്പ് ഓട്‌സ് കഴിച്ചാണ് തന്റെ പ്രാതല്‍ ആരംഭിക്കുന്നതത്രേ. ഇതിന്റെ കൂട്ടത്തില്‍ ഈന്തപ്പഴം, വാല്‍നട്ട്, സോയ മില്‍ക്ക് എന്നിവ കൂടി കഴിക്കാറുണ്ടെന്നാണ് പറയുന്നത്. ഇത് രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നീ രോഗങ്ങളില്‍ നിന്നും ഇവരെ സംരക്ഷിക്കുന്നുവെന്നാണ് ഡാന്‍ തന്റ പഠനത്തിലൂടെ കണ്ടെത്തിയത്.
കാപ്പി കുടിയും ആരോഗ്യവും
ബ്ലൂ സോണിലെ ജനങ്ങളുടെ ഇഷ്ട പാനീയം കാപ്പിയാണെന്നാണ് കണ്ടെത്തല്‍. ദിവസത്തില്‍ രണ്ടോ മൂന്നോ കപ്പ് ബ്ലാക്ക് കോഫി ഇവര്‍ അകത്താക്കുന്നുണ്ടെന്നാണ് കണക്ക്. പക്ഷെ നമ്മള്‍ കുടിക്കുന്നത് പോലെയല്ല, വളരെ കുറച്ച് പഞ്ചസാര മാത്രം ഉപയോഗിക്കുന്ന ഇവര്‍ പാലും മിതമായ അളവിലാണ് ചേര്‍ക്കുന്നത്. ചായയും ലഘു ഭക്ഷണങ്ങളുമായി ഒരല്‍പ്പ നേരം നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവും ചിലവഴിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിനും നല്ലതാണെന്നാണ് ഡാന്‍ ബ്യൂട്ടനറുടെ കണ്ടെത്തല്‍.
ഇക്കിഗായ്
ജപ്പാനീസ് ചിന്തയായ ഇക്കിഗായി മനുഷ്യന്റെ അസ്ഥിത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യവും അസ്ഥിത്വവും ഒരു മനുഷ്യന്‍ കണ്ടെത്തുന്നതും അതിനായി ശ്രമിക്കുന്നതും ആയുസ് വര്‍ധിപ്പിക്കുമെന്നാണ് വിശ്വാസം. ബ്ലൂ സോണിലെ ജനങ്ങള്‍ ഇക്കിഗായ് കണ്‍സെപ്റ്റില്‍ വിശ്വസിക്കുന്നവരാണെന്നാണ് ഡാനിന്റെ പഠനം. പ്രായമാകുന്തോറും കൂടുതല്‍ ഉന്മേഷവാന്‍മാരായി നിങ്ങളെ മാറ്റാന്‍ ഈയൊരു ചിന്ത സഹായിക്കുമെന്നാണ് പഠനം.
ആദ്യം കാണുന്ന വ്യക്തിയോട് മാന്യമായി പെരുമാറൂ
മെച്ചപ്പെട്ട ജീവിതം കരസ്ഥമാക്കാന്‍ നിങ്ങള്‍ക്കൊരു നുറുങ്ങു വിദ്യയും ഡാന്‍ പറയുന്നുണ്ട്. നമ്മള്‍ ആദ്യം കണ്ടുമുട്ടുന്ന വ്യക്തിയോട് എന്തെങ്കിലും നല്ലത് പറയുക എന്നതാണത്. അയല്‍ക്കാരോടും ബന്ധുക്കാരോടും നിങ്ങള്‍ സമൂഹത്തില്‍ മറ്റുള്ളവരോടും നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യകരമായ സാമൂഹിക ജീവിതം സന്തോഷകരവും ദൈര്‍ഘ്യവുമേറിയ ആയുസ് നിങ്ങള്‍ക്ക് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."