ജനാധിപത്യത്തിന്റെ 'ചൂണ്ടു'വിരല്‍ മുറിക്കുമ്പോള്‍
ജനാധിപത്യത്തിന്റെ 'ചൂണ്ടു'വിരല്‍ മുറിക്കുമ്പോള്‍
സി.കെ അബ്ദുല്‍ അസീസ്
രാജ്യത്തെ ആഭ്യന്തരസുരക്ഷയും ക്രമസമാധാനവും പരിരക്ഷിക്കാന്‍ ഭരണഘടന അനുസരിക്കുന്നവിധത്തില്‍ ചുമതലപ്പെട്ടവരാണ് വിവിധ സായുധസേനാവിഭാഗങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 355 ഉം അതിന്റെ അന്തഃസത്തയെ പരിപോഷിപ്പിക്കാനുദ്ദേശിച്ചുകൊണ്ട് പാര്‍ലമെന്റ് തീരുമാനിച്ച് നടപ്പാക്കിയ മറ്റു നിയമങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ഈ ഉത്തരവാദിത്വം ബന്ധപ്പെട്ട ഭരണഘടനാസ്ഥാപനങ്ങള്‍ നിര്‍വഹിച്ചുപോരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും വിദേശ കടന്നാക്രമണങ്ങളില്‍നിന്നും ആഭ്യന്തര കുഴപ്പങ്ങളില്‍നിന്നും സംരക്ഷിച്ചുനിര്‍ത്തുകയും സംസ്ഥാനങ്ങളിലെ ഭരണം ഭരണഘടനാനുസൃതമായിട്ടാണ് മുന്നോട്ടുപോവുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് യൂനിയന്‍ ഗവണ്‍മെന്റിന്റെ ചുമതലയാണെന്നാണ് 355-ാം വകുപ്പ് അനുശാസിക്കുന്നത്.
(355: Duty of the Union to Protect states against External agression and internal disturbance )
ഈ ഭരണഘടനാ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഏറെ വിമര്‍ശിക്കപ്പെടുന്ന ഭീകരപ്രവര്‍ത്തനവിരുദ്ധ നിയമവും(ഡഅജഅ) സമാനസ്വഭാവത്തോടെ ആംഡ് ഫോര്‍ സബ് ആക്ട് 1958, ആംഡ് ഫോര്‍സ് സ്പെഷല്‍ പവര്‍ ആക്ട്(UAPA) തുടങ്ങിയ പട്ടാള നിയമങ്ങളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ചും നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ തുടങ്ങിയ വടക്കുകിഴക്കന്‍ മേഖലകളില്‍ പ്രയോഗത്തിലുള്ളത്. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ ഇത്തരം നിയമങ്ങള്‍ പട്ടാളക്കാരും പൊലിസ് സേനയും പ്രയോഗത്തില്‍ വരുത്തുമ്പോള്‍ ഭരണഘടനാതത്വങ്ങള്‍ വേണ്ട രീതിയില്‍ പരിപാലിക്കപ്പെടുന്നുണ്ടോ എന്ന പ്രശ്നവും ഭരണതത്വങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്കവകാശമുണ്ടോ എന്ന പ്രശ്നവും എല്ലാകാലത്തും ഉയര്‍ന്നുവന്നിട്ടുണ്ട്.
ഈ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിച്ചുതുടങ്ങിയത് 1984 ലെ ഖലിസ്ഥാന്‍ പ്രക്ഷോഭകാലത്താണ്. ആഭ്യന്തര സുരക്ഷയുടെ പേരില്‍ നടക്കുന്ന ഭീകരവിരുദ്ധ പൊലിസ്-സൈനിക ഓപറേഷനുകളില്‍ സാധാരണക്കാരെ വ്യാജ ഏറ്റുമുട്ടലിന് വിധേയരാക്കിയ ചില സംഭവങ്ങള്‍ അക്കാലത്ത് ഉയര്‍ന്നുവരികയും അത് ശരിയാണെന്ന് വിചാരണവേളയില്‍ കോടതിക്ക് ബോധ്യമാവുകയും ചെയ്യുകയുണ്ടായി. ഇത്തരത്തില്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമായിരുന്നു അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ പില്‍ക്കാലത്ത് മണിപ്പൂരില്‍ വിഘടനവാദികള്‍ക്കെതിരേ നടന്ന സൈനിക നടപടികളില്‍ വലിയതോതിലുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ഈ ആരോപണങ്ങള്‍ക്കൊന്നും ഇന്ത്യയിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ചെവിക്കൊടുക്കുകയോ അവരുടെ ജനാധിപത്യബോധത്തെ അലോസരപ്പെടുത്തുകയോ ചെയ്തില്ല. ഭരണകൂടത്തിനെതിരേ സായുധസമരം നടത്തുന്നവര്‍ കൊല്ലപ്പെടുന്നത് യഥാര്‍ഥത്തിലുള്ള ഏറ്റുമുട്ടലിലായാലും വ്യാജ ഏറ്റുമുട്ടലിലായാലും അത് ജനാധിപത്യത്തെ സംബന്ധിച്ച വിഷയമല്ല എന്ന മട്ടിലാണ് അവരതിനെ വീക്ഷിച്ചത്.
അതേസമയം, സായുധസേന ജനങ്ങള്‍ക്കെതിരേ അഴിച്ചുവിട്ട അതിക്രമങ്ങള്‍ക്കെതിരേ മണിപ്പൂരില്‍ അതിശക്ത ജനകീയ പ്രതിഷേധങ്ങള്‍ നടന്നു. ആംഡ് ഫോഴ്‌സ് സ്പെഷല്‍ ആക്ടിനെതിരേ ഇറോം ശര്‍മ്മിള നടത്തിയ ഐതിഹാസിക ഒറ്റയാള്‍ പോരാട്ടം ഇതിന്റെ ഭാഗമായിരുന്നു. വ്യാജ ഏറ്റുമുട്ടലിന് ഇരയായവരുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും സുപ്രിംകോടതിയെ സമീപിച്ചു. (Writ petition criminal No.129 pf 2012). ഡോ. സുരേഷ് സിങ് എന്ന വ്യക്തി സമര്‍പ്പിച്ച റിട്ട് പെറ്റീഷനില്‍ 1528 വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ 62 എണ്ണത്തെക്കുറിച്ചുള്ള സൂക്ഷ്മ വിവരണങ്ങള്‍ നല്‍കുകയും അവയില്‍ 10 കേസുകളെ പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ കേസിന്റെ വിധിന്യായത്തില്‍ (Justice Madan B. Lokur, Justice Uday Umesh Lalith, 2016, July 8) സുപ്രിംകോടതി നടത്തുന്ന നിരീക്ഷണം വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങളെ സര്‍ക്കാരും പൗരന്മാരും എങ്ങനെയാണ് വീക്ഷിക്കേണ്ടത് എന്നതിന്റെ ഒരു മാര്‍ഗരേഖയായി കാണാവുന്നതാണ്. മണിപ്പൂര്‍ പൊലിസും ഇന്ത്യന്‍ സേനയും സായുധ സൈനികവിഭാഗങ്ങളും നടത്തിയതാണെന്ന് പറയപ്പെടുന്ന വ്യാജ ഏറ്റുമുട്ടലുകള്‍ യഥാര്‍ഥത്തിലുള്ള ഏറ്റുമുട്ടലുകളായിരുന്നെന്നും അതിനിരകളായവര്‍ സായുധ ഭീകരവാദികളായിരുന്നുവെന്നും ഭീകരവിരുദ്ധ ഓപറേഷനുകളിലാണ് അവര്‍ കൊല്ലപ്പെട്ടതെന്നും പ്രതിഭാഗം പറയുന്നു. ഈ ആരോപണങ്ങള്‍ പൂര്‍ണമായും അസംബന്ധമാണോ അതോ അത് വ്യാജ ഏറ്റുമുട്ടലായിരുന്നോ അതല്ല യഥാര്‍ഥത്തിലുള്ള ഏറ്റുമുട്ടലായിരുന്നോ എന്ന കാര്യം ഇനിയും തീര്‍ച്ചപ്പെടുത്തേണ്ടേ. അതോ അതില്‍ ഭാഗിക സത്യമുണ്ടോ. എന്തു തന്നെയായാലും സത്യം അറിയേണ്ടതായിട്ടുണ്ട്.
ഇത്തരം ആരോപണങ്ങള്‍ മതിയായ തെളിവിന്റെ അഭാവത്തിലോ കാര്യകാരണബന്ധമില്ലാത്തതിന്റെ പേരിലോ അവഗണിച്ചു തള്ളാവുന്നതല്ല. ആരോപണങ്ങളെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടത്തുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിന് ഇത് അത്യാവശ്യമാണ് എന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചത്. ഡോ. സുരേഷ് സിങ്ങിന്റെ റിട്ട് പെറ്റീഷനില്‍ മനുഷ്യാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് കോടതി അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് വന്നപ്പോള്‍, കോടതിക്കു മുമ്പാകെ വ്യക്തമായ തെളിവുകളോടെ വന്ന പത്തു കേസുകളില്‍ ആറെണ്ണവും വ്യാജ ഏറ്റുമുട്ടലുകളാണ് എന്ന് തെളിഞ്ഞു. മറ്റുള്ള ആരോപണങ്ങളെയൊന്നും കോടതി തള്ളിക്കളഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. രാജ്യസുരക്ഷയുടെ പേരില്‍ ജനങ്ങള്‍ക്ക് നേരെ അനിയന്ത്രിതമായ അതിക്രമങ്ങള്‍ നടത്താനുള്ള സുരക്ഷാ സേനകളുടെ അവകാശവാദത്തിനേറ്റ തിരിച്ചടിയായിരുന്നു ഈ സംഭവം.
സുരക്ഷാസൈനികരുടെ നേതൃത്വത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ നടന്നതിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ കേരളത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ഏഴു വര്‍ഷത്തിനുള്ളില്‍ എട്ടു പേരാണ് നിലമ്പൂര്‍ വനാന്തരങ്ങളില്‍ സുരക്ഷാസൈനികരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. ഇവരെല്ലാവരും സായുധ മാവോയിസ്റ്റ് സംഘടനകളില്‍ ഉള്‍പ്പെട്ടവരായിരുന്നുവെന്നും സുരക്ഷാ സൈനികരുടെ പതിവ് തെരച്ചില്‍ പ്രവര്‍ത്തനത്തിനിടയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നുമായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. ഈ എട്ടു സംഭവങ്ങളും വ്യാജ ഏറ്റുമുട്ടലുകളായിരുന്നുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും വാദിക്കുന്നത്. കുപ്പു ദേവരാജ്, അജിത എന്നീ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹത്തെ ആദരിക്കാനും സംസ്‌കരിക്കാനും സൈനിക നടപടിയില്‍ പ്രതിഷേധിക്കാനും മുന്നിട്ടിറങ്ങിയ ഗ്രോവാസുവിനെതിരേയും പ്രതിഷേധിച്ച മറ്റുള്ളവര്‍ക്കെതിരേയും അന്ന് പൊലിസ് കേസെടുക്കുകയുണ്ടായി. അന്ന് ജാമ്യമെടുക്കാന്‍ തയാറാകാത്ത ഗ്രോവാസുവിനെതിരേ ഇപ്പോള്‍ ഏഴുവര്‍ഷങ്ങള്‍ക്കുശേഷം പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെയാണ് വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.
കൊല്ലപ്പെടുന്നത് മാവോയിസ്റ്റാണോ കോണ്‍ഗ്രസ്സുകാരനാണോ കമ്യൂണിസ്റ്റുണ്ടോ എന്നതല്ല; ഭരണകൂടവും അതിന്റെ സുരക്ഷാ-സൈനിക ഏജന്‍സികളും ഭരണഘടനാ തത്വങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. മണിപ്പൂര്‍ കേസ് വിചാരണയില്‍, ആരോപണമുന്നയിക്കപ്പെട്ട വ്യാജ ഏറ്റുമുട്ടലുകളില്‍ ഒന്നില്‍പോലും ബന്ധപ്പെട്ടവര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിന്റെ ഫലമായി ഒരന്വേഷണവും നടന്നില്ല എന്ന വസ്തുത സുപ്രിംകോടതി എടുത്തുപറയുന്നുണ്ട്. നിറത്തോക്കുകള്‍ക്കു മുന്നില്‍ നിന്നുകൊണ്ടുതന്നെ അതിനെതിരേ പ്രതിഷേധത്തിന്റെ ചൂണ്ടുവിരല്‍ ഉയര്‍ത്താനും മണിപ്പൂരുകാര്‍ തയാറായി. ജനാധിപത്യത്തിന്റെ ചൂണ്ടുവിരല്‍ 'മഷി'പുരട്ടാന്‍ മാത്രമുള്ളതല്ലെന്ന് അവര്‍ ഭരണകൂടത്തെ ബോധ്യപ്പെടുത്തി. കേരളത്തിലെ ജനാധിപത്യത്തിന്റെ ചൂണ്ടുവിരല്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന് ഇടയ്ക്കിടെ നമ്മെ ഓര്‍മപ്പെടുത്താന്‍ ഗ്രോവാസുവിനെപ്പോലെ ചിലരെങ്കിലുമുണ്ടാവുന്നത് നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."