HOME
DETAILS

കാടിനെ നശിപ്പിക്കുന്ന വനഭേദഗതി നിയമം

  
backup
August 03 2023 | 18:08 PM

editorial-aug-3-2023

പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണ മറവിൽ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ ചർച്ചകൂടാതെ ലോക്‌സഭ കടത്തിയ വന(സംരക്ഷണ) ഭേദഗതി ബിൽ 2023 വനസംരക്ഷണത്തിനുള്ള നിലവിലെ ദുർബല നിയമങ്ങളെ വീണ്ടും ദുർബലപ്പെടുത്തുന്നതാണ്. പരിസ്ഥിതി സംരക്ഷണത്തിലൂടെ വരുംതലമുറയ്ക്കും ഈ ഭൂമി വാസയോഗ്യമാക്കാനുള്ള കൂട്ടായ പ്രവർത്തനത്തിൽ ലോകം കൈകോർക്കുമ്പോഴാണ് രാജ്യത്തെ വനഭൂമിയെ ചുരുക്കുന്ന ബിൽ ആവശ്യമായ ചർച്ചയില്ലാതെ സഭ കടക്കുന്നത്. വനസംരക്ഷണത്തിന് അനുകൂലമായ പരാമർശങ്ങളാണ് ആമുഖത്തിലുള്ളതെങ്കിലും വനസമ്പത്തിന് ഭീഷണിയാകുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വനമാരണത്തിനിടയാക്കുന്ന ഇത്തരമൊരു ബിൽ ചർച്ച കൂടാതെ സഭാതലങ്ങൾ കടന്നുവരുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ നിരർഥകതയിലേക്കുകൂടി വിരൽചൂണ്ടുന്നതാണ്.


കർശന നിയമനിർമാണങ്ങളും കോടതിവിധികളുമൊക്കെ കാടിനും പ്രകൃതിക്കും ഒരുപരിധിവരെ സംരക്ഷണ കവചമൊരുക്കിയിരുന്നു. അത്തരത്തിലുള്ള 1980ലെ വനസംരക്ഷണ നിയമം ഭേദഗതി ചെയ്താണ് പുതിയ ബില്ലുണ്ടാക്കിയിരിക്കുന്നത്. വനത്തെ പുനർനിർവചിക്കുന്നതാണ് ഭേദഗതി. 1927ലെ ഇന്ത്യൻ വനനിയമ പ്രകാരമോ 1980ലെ നിയമം വന്നശേഷമുള്ള സർക്കാർ വിജ്ഞാപനപ്രകാരമോ വനമായി പ്രഖ്യാപിക്കപ്പെട്ടവയ്ക്കു മാത്രമേ പുതിയ ഭേദഗതി പ്രകാരം വനമെന്ന പരിഗണനയും സംരക്ഷണവുമുണ്ടാകൂ. 1996ലെ ഗോദവർമൻ തിരുമുൽപാട് കേസിൽ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയിൽ വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളൊക്കെ വനമേഖലയായി നിർവചിക്കപ്പെട്ടിരുന്നു.

പുതിയ ഭേദഗതിയോടെ ഇതൊക്കെ അസാധുവായി എന്നു മാത്രമല്ല, 1980ലെ മൂലനിയമത്തിലും പൊളിച്ചെഴുത്തുണ്ടായി.
ഭേദഗതിയുടെ ഒളിയജൻഡ വിനോദസഞ്ചാരത്തിനും വാണിജ്യാവശ്യത്തിനും നിയന്ത്രണമില്ലാതെ വനഭൂമി വിട്ടുകൊടുക്കുക എന്നതാണെന്ന വാദത്തെ സാധൂകരിക്കുന്നതാണ് വനത്തിന്റെ ഈ പുനർനിർവചനം. പശ്ചിമഘട്ട സംരക്ഷണത്തിന് പരിസ്ഥിതിലോല മേഖലകളുടെ വിസ്തൃതി കൂട്ടിയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും വനസംരക്ഷണം നടത്തുമ്പോഴാണ് രാജ്യത്തെ വനമേഖലയുടെ വിസ്തൃതിതന്നെ ചുരുക്കുന്ന നിയമത്തിന് അംഗീകാരമാകുന്നത് എന്നത് വിരോധാഭാസം തന്നെയാണ്.

പുതിയ ഭേദഗതിയോടെ, വനത്തെ വിശാലാർഥത്തിൽ നിർവചിച്ച 1996ലെ ഗോദവർമൻ തിരുമുൽപാട് കേസിലെ സുപ്രിംകോടതി വിധിയെ ദുർബലപ്പെടുത്തും. ഇതോടെ ഹെക്ടർ കണക്കിന് വനഭൂമി അന്യാധീനപ്പെടും. ഗോദവർമൻ കേസിന്റെ വിധി വന്ന 1996 ഡിസംബർ 12ന് മുമ്പ് വനേതര ആവശ്യത്തിന് വിട്ടുകൊടുത്ത വനഭൂമിയൊന്നും ബില്ലിൻ്റെ പരിധിയിൽ ഇനി വനമല്ല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 1996ന് മുമ്പ് ആദിവാസി പുനരധിവാസത്തിനും കൃഷിക്കുമായി ഹെക്ടർ കണക്കിന് വനഭൂമി വിട്ടുനൽകിയിരുന്നു. ബിൽ നിയമമാകുന്നതോടെ ഈ വനഭൂമിയൊക്കെ തരംമാറ്റി എന്ത് ആവശ്യത്തിന് വേണമെങ്കിലും ഉപയോഗിക്കാമെന്നാകും.


രാജ്യസുരക്ഷയ്ക്കും വനസംരക്ഷണത്തിനും ഉതകുന്നതാണ് ഭേദഗതി എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ രാജ്യാതിർത്തികളിലെ വനഭൂമിയുടെ നൂറു കിലോമീറ്റർ വരെ ഉള്ളിലേക്ക് 'ദേശീയ പ്രാധാന്യമുള്ളതും ദേശീയ സുരക്ഷയെ സംബന്ധിക്കുന്നതുമായ തന്ത്രപരമായ പ്രോജക്റ്റു'കൾക്കായി കേന്ദ്ര സർക്കാരിനോ സൈന്യത്തിനോ അധികാരം നൽകുന്ന ഈ ഭേദഗതി ഗുണപരമാകാനിടയില്ല. കേന്ദ്രസർക്കാരിന് 'തന്ത്രപരം', 'ദേശീയ പ്രാധാന്യം' എന്ന് തോന്നുന്ന ഏതു പ്രൊജക്ടിനും വനഭൂമി നിർബാധം കൈയേറാനാകും.


മൃഗശാലകളേയും ഇക്കോ ടൂറിസത്തേയും പ്രോത്സാഹിപ്പിക്കുന്നതാണ് ഭേദഗതി. 1980ലെ വനസംരക്ഷണ നിയമത്തിലെ കർശന വ്യവസ്ഥകൾ ദുർബലമാകുകയും വനനിർവചനം മാറുകയും ചെയ്താൽ വനപ്രദേശം കൈയേറി ടൂറിസവും വ്യവസായികവുമായ പദ്ധതികൾ വരുന്നതോടെ വനമേഖല ഗണ്യമായി കുറയും. ഗോദവർമൻ തിരുമുപാട് കേസിൽ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി അസ്ഥിരമായാൽ രാജ്യത്തെ വനഭൂമിയുടെ 27.62 ശതമാനമായിരിക്കും വനമെന്ന നിയമപരിരക്ഷയിൽനിന്ന് പുറത്താകുക. സ്വകാര്യ വനവൽക്കരണത്തെ 1980ലെ നിയമം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന വാദമാണ് പുതിയ ബില്ലിന് അടിസ്ഥാനമെങ്കിലും ഭേദഗതി യാഥാർഥ്യമായാൽ എട്ടേകാൽ ലക്ഷം ചതുരശ്ര കിലോമീറ്റർ വനമായിരിക്കും വനമല്ലാതാകുക.


പശ്ചിമഘട്ടത്തിൽ വനംവകുപ്പിന്റെ അധീനതയില്ലാതെ വനമായി കണക്കാക്കുന്ന പ്രദേശങ്ങളുണ്ട്. സുപ്രിംകോടതി വിധിപ്രകാരം ഇവയൊക്കെ വനത്തിന്റെ പരിധിയിലാണ് വരിക. അതിനാൽ ക്വാറികൾക്കും ഖനനത്തിനും നിയന്ത്രണമുണ്ട്. എന്നാൽ ഭേദഗതിയോടെ ഇവയ്ക്കുള്ള നിരോധനം നീങ്ങും. വനഭൂമിയും സംരക്ഷിത വനങ്ങളും വനേതാരാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് കേന്ദ്രാനുമതി വേണമെന്ന് 1996ലെ സുപ്രിംകോടതി വിധിയുണ്ട്. ഇതിൽ ഇളവനുവദിക്കുന്ന വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. വനമേഖലകളിൽ നിർമാണപ്രവൃത്തികൾക്ക് മുൻകൂർ അനുമതി വേണ്ടെന്നെ വ്യവസ്ഥ വൻ ആഘാതമായിരിക്കും ഉണ്ടാക്കുക. വനംകൈയേറ്റ കേസുകളൊക്കെ ഇല്ലാതായി വനാതിക്രമങ്ങൾ സാധൂകരിക്കപ്പെടാനും ഇടയാകും. അങ്ങനെയാകുമ്പോൾ വനഭൂമി മറ്റാവശ്യങ്ങൾക്കെല്ലാം ഉപയോഗിക്കാനാകും. പട്ടികവർഗക്കാർ ഉൾപ്പെടെയുള്ള വനവാസികളുടെ അവകാശത്തേയും ഭേദഗതി ഇല്ലാതാക്കും.


വനനിയമങ്ങളിൽ വെള്ളം ചേർക്കാൻ സർക്കാരിന് അകത്തും പുറത്തുമുള്ള സ്വകാര്യ ലോബികളുടെ ശ്രമങ്ങൾ എക്കാലവും ഉണ്ടായിരുന്നു. ശക്തമായ കോടതിവിധികളും നിയമങ്ങളുമാണ് വനങ്ങൾക്ക് സുരക്ഷാ വലയമൊരുക്കിയിരുന്നത്. വിശാല താൽപര്യങ്ങളെ കാണാതെ വികസനം, ദേശീയത, സുരക്ഷ, തന്ത്രപ്രധാന കാര്യങ്ങൾ തുടങ്ങിയ തെറ്റായ പ്രയോഗത്തിലൂടെ പരിസ്ഥിതിയിലേക്കുള്ള അധികാര കേന്ദ്രങ്ങളുടെ കടന്നുകയറ്റത്തെ ചെറുക്കാനുള്ള കരുത്തും ശേഷിയും പൊതുസമൂഹവും പ്രതിപക്ഷവും ആർജിക്കേണ്ടതുണ്ട്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പ്രകൃതിയെ ചേർത്തുനിർത്താനുള്ള നീണ്ടപോരാട്ടത്തിന് സമയമായെന്നാണ് പുതിയ വനസംരക്ഷണ ഭേദഗതി ഓർമിപ്പിക്കുന്നത്.

Content Highlights:Editorial aug 3 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  25 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  25 days ago