പോഷകമല്ല, വിഷമാണ് മദ്യം
തൻസീർ ദാരിമി കാവുന്തറ
സവിശേഷബുദ്ധി നൽകി അല്ലാഹു മനുഷ്യനെ ആദരിച്ചുവെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാകുന്നുണ്ട്. ബുദ്ധിയെ പൂർണമായും കോട്ടകെട്ടി പരിരക്ഷിക്കണമെന്നാണ് ഗൗരവതരമായ നിർദേശം. മനുഷ്യബുദ്ധിയെ നിരർഥകമാക്കുന്ന മുഴുവൻ ലഹരി പദാർഥങ്ങളും ഇസ്‌ലാം ശക്തമായി വിലക്കിയിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായതും സാമൂഹികവും കുടുംബപരവും സാമ്പത്തികവും ആയ തലങ്ങളിൽ വിനാശങ്ങൾ വിതയ്ക്കുന്നതുമായ എല്ലാവിധ ഭക്ഷണ പാനീയങ്ങളും ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട ഭക്ഷണപാനീയങ്ങൾ തന്നെ വിശിഷ്ട(ത്വയ്യിബ്)മായിരിക്കണമെന്ന് മതം നിഷ്കർഷിക്കുകയും ചെയ്തു.
ലഹരി പദാര്‍ഥങ്ങള്‍ക്ക് 'ഖംറ്' എന്നാണ് ഇസ്‌ലാമിക പദപ്രയോഗം. മറയ്ക്കുക, മൂടുക എന്നൊക്കെയാണ് ഖംറ് എന്ന പ്രയോഗം അര്‍ഥമാക്കുന്നത്. ബുദ്ധിയെ ലഹരിയാല്‍ മറയ്ക്കുന്നതും മൂടുന്നതുമായതെല്ലാം ഖംറാണ്. ലഹരിയുണ്ടാക്കുന്ന പാനീയങ്ങളും മയക്കുമരുന്നുകളും ഇതര ദ്രവ്യങ്ങളുമെല്ലാം മദ്യത്തിന്റെ പരിധിയില്‍പെടും. അവയ്ക്കെല്ലാം മദ്യത്തിന്റെ വിധി ബാധകവുമാകുന്നു. അബുദ്ദർദാഅ്(റ) റിപ്പോർട്ട് ചെയ്യുന്നു. നബി(സ) എന്നോട് വസ്വിയ്യത്ത് ചെയ്തു: 'താങ്കള്‍ മദ്യം കുടിക്കരുത്. കാരണം അത് എല്ലാ തിന്മകളുടെയും താക്കോലാകുന്നു'(ഇബ്‌നു മാജ).
അബ്ദുല്ലാഹിബ്‌നു ഉമറില്‍(റ)നിന്ന് നിവേദനം. നബി(സ) പറഞ്ഞു: 'എല്ലാ ലഹരിയുണ്ടാക്കുന്നതും മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു'(മുസ്‌ലിം).
അനസുബ്‌നു മാലികില്‍(റ)നിന്ന് നിവേദനം: 'നബി(സ) മദ്യത്തിന്റെ വിഷയത്തില്‍ പത്തുപേരെ ശപിച്ചു. മദ്യം വാറ്റുന്നവന്‍, അത് ആര്‍ക്കുവേണ്ടി വാറ്റുന്നുവോ അയാള്‍, അത് കുടിക്കുന്നവന്‍, അത് വഹിച്ചെത്തിക്കുന്നവന്‍, ആര്‍ക്കുവേണ്ടി വഹിക്കുന്നുവോ അവന്‍, അത് വില്‍ക്കുന്നവന്‍, കുടിപ്പിക്കുന്നവന്‍, അതിന്റെ വില തിന്നുന്നവന്‍, അത് വിലയ്ക്ക് വാങ്ങുന്നവന്‍, ആര്‍ക്കുവേണ്ടി വിലയ്ക്ക് വാങ്ങുന്നുവോ അവന്‍'(തിര്‍മിദി).
മദ്യം കഴിക്കുന്നതും ഉണ്ടാക്കുന്നതും അതില്‍ ഇടപാട് നടത്തുന്നതും അതുകൊണ്ട് സമ്പാദിക്കുന്നതും ഇസ്‌ലാം നിഷിദ്ധമാക്കി. മദ്യം പല അസുഖങ്ങള്‍ക്കും മരുന്നാണെന്ന് പറഞ്ഞ് അതിനെ ന്യായീകരിക്കുന്നവരുണ്ട്. എന്നാല്‍, മദ്യം രോഗശമനിയല്ലെന്നും അതുപയോഗിച്ച് ചികിത്സിക്കരുതെന്നുമാണ് ഇസ്‌ലാമിന്റെ പാഠം.
വാഇലുബ്‌നു ഹദ്‌റമിയില്‍(റ)നിന്ന് നിവേദനം. സുവൈദുബ്‌നു ത്വാരിഖ് നബി(സ)യോട് മദ്യത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ നബി(സ) അദ്ദേഹത്തോട് മദ്യം വിരോധിച്ചു. അദ്ദേഹം പറഞ്ഞു: 'ഞാന്‍ മരുന്നിനുവേണ്ടി മാത്രമാണ് അത് ഉണ്ടാക്കുന്നത്'. നബി (സ) പറഞ്ഞു: 'നിശ്ചയം അത് രോഗമാണ്. ഒരിക്കലും രോഗശമനിയല്ല'(മുസ്‌നദ് അഹ്മദ്).
ലഹരിയുടെ ശക്തിയുണ്ടാകുന്നതെല്ലാം മദ്യം എന്ന ഗണത്തിലാണുൾപ്പെടുന്നത്. ഏത് ബ്രാൻഡിൽ, ഏത് ഉൽപന്നമായി ഉപയോഗിക്കപ്പെടുകയാണെങ്കിലും അവ നിഷിദ്ധങ്ങളാണ്.
ഗോതമ്പ്, തേൻ, ചോളം തുടങ്ങിയവയിൽ നിന്നുണ്ടാക്കുന്ന വീര്യമുള്ള മദ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രവാചകന്റെ മറുപടി വളരെ സമഗ്രമായിട്ടായിരുന്നു. 'അവിടുന്ന് പറഞ്ഞു: ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്. മദ്യമെല്ലാം ലഹരിയും (അത്തംഹീദ് 1/253). മദ്യം ഉണ്ടാക്കാനുപയോഗിക്കുന്ന പദാർഥങ്ങളിലേക്കല്ല, അത് സൃഷ്ടിക്കുന്ന ഫലങ്ങളിലേക്കാണ് ഇസ് ലാം നോക്കുന്നത് എന്ന് ചുരുക്കം. യമൻ നിവാസികൾ തേൻ ചേർത്ത മധുരപാനീയം കഴിച്ചതിനെക്കുറിച്ച് നബി(സ്വ)യോട് ചോദിക്കപ്പെട്ടപ്പോൾ നബി(സ്വ) പറഞ്ഞു. 'ലഹരിയുണ്ടാക്കുന്ന സർവ പാനീയവും നിഷിദ്ധമാണ്'(മജ്മഉസ്സവാഇദ്).
മദ്യപാനികള്‍ക്ക് പരലോകത്ത് ശിക്ഷ കിട്ടുന്നതിനു പുറമേ ഇഹലോകത്തെ ജീവിതവും കഷ്ട നഷ്ടങ്ങളിലാവും. മരണത്തിലേക്കുള്ള കുറുക്കുവഴിയാണ് ലഹരിമരുന്നിന്റെ ഉപയോഗം. എല്ലാ ലഹരിമരുന്നുകളുടെയും ഉപയോഗത്തിന്റെ അവസാനം രോഗവും ശാരീരിക വൈകല്യവും മരണവുമാണ്. ഇതിന് അടിമപ്പെട്ടവർ അത് ലഭ്യമാക്കാനുള്ള ശ്രമത്തിനിടയിൽ കുറ്റകൃത്യങ്ങൾപോലും ചെയ്യാൻ മടികാട്ടാറില്ല. കരൾ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, ഹൃദയാഘാതം, ആഹാരക്കുറവുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ, രോഗപ്രതിരോധശേഷി കുറയുന്നതുകൊണ്ടുള്ള അണുബാധ, മാനസിക പ്രശ്നങ്ങൾ, മരുന്നു കുത്തിവയ്ക്കാൻ സൂചിയും സിറിഞ്ചും കൈമാറി ഉപയോഗിക്കുന്നതിലൂടെ പിടിപെടാവുന്ന എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് എന്നിങ്ങനെ രോഗങ്ങളുടെ ഒരു നീണ്ടനിരയാണ് മരണവാറണ്ടുമായി ഇവർക്ക് പിന്നാലെയെത്തുക.
ലോകാരോഗ്യ സംഘടനയായ ഡബ്ല്യു.എച്ച്.ഒ നടത്തിയ പഠനത്തില്‍ മുഴുകുടിയന്മാര്‍ക്ക് വരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളുടെ ഒരു പട്ടിക തയാറാക്കിയിട്ടുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം:'ഓര്‍മക്കുറവ്, ധൈര്യക്കുറവ്, അക്രമവാസന, വിഷാദം, വായിലും തൊണ്ടയിലും കാന്‍സര്‍, കരള്‍ സംബന്ധമായ അസുഖം, ജലദോഷം, പ്രതിരോധശക്തിക്കുറവ്, വിറയല്‍, ഞരമ്പ് കടച്ചില്‍, അള്‍സര്‍, അകാല വാര്‍ധക്യം, ഹൃദയപേശികളുടെ ശക്തിക്ഷയം, ഹൃദയാഘാതം, അനീമിയ, സ്തനാര്‍ബുദം, രക്തവാര്‍ച്ച, ഛര്‍ദി, ദഹനക്കേട്, ലൈംഗിക ശേഷിക്കുറവ് എന്നിവ അവയില്‍ ചിലത് മാത്രമാണ്. മദ്യപാനം പ്രത്യുൽപാദനശേഷി കുറക്കുമെന്നുള്ളതും ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്.
'ജാബിറുബ്‌നു അബ്ദില്ലായില്‍(റ)നിന്ന് നിവേദനം. നബി (സ) പറഞ്ഞു: 'കൂടുതല്‍ (ഉപയോഗിച്ചാല്‍) ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും ഹറാമാണ്'. ആഇശയില്‍(റ)നിന്ന് നിവേദനം. നബി(സ) പറയുന്നത് ഞാന്‍ കേട്ടു: 'എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമാകുന്നു. ഒരു 'ഫര്‍ഖ്' ലഹരിയുണ്ടാക്കുന്നത് ഒരു കൈക്കുമ്പിള്‍ നിറച്ചാണെങ്കിലും ഹറാമാകുന്നു'(അബൂദാവൂദ്).
മനുഷ്യനെ കാർന്നുതിന്നുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ആസക്തി വർധിച്ച കാലമാണിത്. സമനിലതെറ്റിയ ജീവിത വ്യാപാരങ്ങൾക്കും സദാചാരവിരുദ്ധ കുറ്റവാസനകൾക്കും പിന്നിൽ മയക്കുമരുന്നുകളാണെന്നത് വർത്തമാനകാലത്തെ അനുഭവ സത്യമാണ്.
സമൂഹത്തിന്റെ ഭദ്രതയും സത്യസന്ധതയുമാണ് മദ്യവും ലഹരിവസ്തുക്കളും തകർക്കുന്നത്. കുടുംബ സംവിധാനത്തെയും അത് ദുർബലപ്പെടുത്തുന്നു. ആളുകളിൽ മടിയും അലസതയും അത് സൃഷ്ടിക്കുന്നു. വിവിധ തരത്തിലുള്ള മയക്കുമരുന്നുകളുടെ ഉപയോഗംമൂലം യുവതലമുറയിലെ ഒരു വലിയ വിഭാഗം തകർച്ചയിലേക്ക് നീങ്ങുകയാണ്.
വിവിധ വർണത്തിലും രുചികളിലുമായി അഞ്ഞൂറിലേറെ ഇനം മയക്കുമരുന്നുകളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പ്രകൃതിദത്തമായി ലഹരിയുള്ളതും മറ്റു വസ്തുക്കൾ ചേർത്ത് നിർമിക്കപ്പെട്ടവയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ദ്രാവകം, പൊടി, ക്യാപ്‌സൂൾ, ലേഹ്യ രൂപത്തിലുള്ളത്, ഇഞ്ചക്ഷൻ ചെയ്ത് കയറ്റുന്നത്, ശ്വസനംവഴി ഉന്മാദമുണ്ടാക്കുന്നത് തുടങ്ങി എല്ലാതരം ലഹരി പദാർഥങ്ങളും നടേ പറഞ്ഞ കർശന നിഷിദ്ധത്തിന്റെ പരിധിയിൽ വരുന്നവയാണ്.
ഇവയുടെ ദൂഷ്യഫലങ്ങളും അപകടങ്ങളും വ്യക്തമാണ്. ആഇശ(റ) പറയുന്നു: തീർച്ചയായും അല്ലാഹു മദ്യത്തെ നിരോധിച്ചത് അതിന്റെ പേരിന്റെ പേരിലല്ല, മറിച്ച് അതിന്റെ അനന്തരഫലത്താൽ മാത്രമാണ്. മദ്യത്തിന്റെ ഫലമുണ്ടാക്കുന്ന എല്ലാ പാനീയങ്ങളും മദ്യംപോലെ നിഷിദ്ധമാണ്(ദാറഖുത്വനി). ‘അല്ലാഹു അവർക്ക് നല്ലതിനെ അനുവദിക്കുകയും മാലിന്യങ്ങളെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു’(അഅ്‌റാഫ് :157). ‘നിങ്ങളുടെ ശരീരങ്ങളെ നിങ്ങൾ കൊല്ലരുത്. അല്ലാഹു നിങ്ങൾക്ക് കാരുണ്യം നൽകുന്നവനാണ്’(നിസാഅ് :29). ‘നിങ്ങളുടെ ശരീരങ്ങളെ നിങ്ങൾ നാശത്തിലേക്ക് തള്ളരുത്’(അൽബഖറ :195).
Content Highlights:Today's Articles About Drugs 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."