ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു
ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു
കാസര്‍കോട്: പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ ഇബ്രാഹിം ബേവിഞ്ച(69) അന്തരിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് എഴുത്തില്‍നിന്നും പൊതുപ്രവര്‍ത്തനത്തില്‍നിന്നും മാറിനിന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10നായിരുന്നു അന്ത്യം.
1954 മേയ് 30ന് ബേവിഞ്ചയിലെ അബ്ദുല്ലക്കുഞ്ഞി മുസ്ലിയാരുടെയും ചെമ്പിരിക്കയിലെ ഉമ്മാലി ഉമ്മയുടെയും മകനായി ജനിച്ച ഇബ്രാഹിം ബേവിഞ്ച, കാസര്‍കോട് ഗവ. കോളജില്‍നിന്ന് ബി.എ ഇംഗ്ലീഷ് ബിരുദവും പട്ടാമ്പി സംസ്കൃത കോളജില്‍നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് എം.ഫിലും നേടി. എം.ടി. വാസുദേവന്‍ നായരുടെ ചെറുകഥകളായിരുന്നു എം.ഫില്‍ വിഷയം.
കാസർകോട് ഗവ. കോളജിൽ 24 വർഷം അധ്യാപകനായിരുന്നു. കണ്ണൂർ ഗവ. വിമൻസ് കോളജിൽ ഒരു വർഷവും മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളജിൽ നാലുവർഷവും മലയാളം അധ്യാപകനായി. ഇതിനിടെ, എഴുത്തിലേക്ക് കടന്ന ബേവിഞ്ച പ്രതിവാര കോളവും സാഹിത്യ നിരൂപണങ്ങളും കൊണ്ട് സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നു. 'മാധ്യമം' പത്രത്തിൽ അഞ്ച് വർഷം 'കാര്യവിചാരം', 'മാധ്യമം വാരാദ്യ'ത്തിൽ ആറു വർഷം 'കഥ പോയമാസത്തിൽ' എന്നീ കോളങ്ങൾ കൈകാര്യം ചെയ്തു. 'ചന്ദ്രിക' പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ 18 വർഷം 'പ്രസക്തി', 'തൂലിക' മാസികയിൽ 'വിചിന്തനം', 'രിസാല' വാരികയിൽ 'പ്രകാശകം' എന്നീ കോളങ്ങളും അദ്ദേഹത്തിന്റേതായുണ്ടായി.
'ഉബൈദിന്റെ കവിതാ ലോകം', 'ഇസ്ലാമിക സാഹിത്യം മലയാളത്തിൽ', 'പ്രസക്തി', 'മുസ്ലിം സാമൂഹിക ജീവിതം മലയാളത്തിൽ', 'പക്ഷിപ്പാട്ട്: ഒരു പുനർവായന', 'ബഷീർ: ദ മുസ്ലിം', 'നിള തന്ന നാട്ടെഴുത്തുകൾ', 'ഉബൈദിന്റെ തീപിടിച്ച പള്ളിയും പി. കുഞ്ഞിരാമൻ നായരുടെ കത്തുന്ന അമ്പലവും', 'ഖുർആനും ബഷീറും' തുടങ്ങിയവയാണ് പ്രധാന കൃതികൾ.
അബൂദബി കാസർകോട് ജില്ല കെ.എം.സി.സി അവാർഡ് ഉൾപ്പെടെ 12 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ചന്ദ്രിക' ദിനപത്രത്തിൽ സഹ പത്രാധിപരായി ജോലി ചെയ്തിരുന്നു. കേരള സാഹിത്യ അക്കാദമി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, കോഴിക്കോട് സർവകലാശാല പി.ജി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, യു.ജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2010 മാർച്ചിൽ കോളജ് അധ്യാപകവൃത്തിയിൽനിന്ന് വിരമിച്ചു. പാർകിൻസൺ രോഗം ബാധിച്ചതോടെ വിശ്രമജീവിതത്തിലേക്ക് മാറി.
ഭാര്യ: ടി.പി. ഷാഹിദ, മക്കൾ: ശബാന റഫീഖ്, റിസ്വാന സവാദ്, ശിബിലി അജ്മൽ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ബേവിഞ്ച തെക്കിൽ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."