ഹരിയാന: കലാപത്തിനിടെ മൂന്ന് ഹിന്ദുക്കളെ രക്ഷിച്ചു; ആറാംദിനം ബുള്‍ഡോസറെത്തി അനീഷിന്റെ വീട് തകര്‍ത്തു
നൂഹ്: ഹരിയാനയില്‍ വി.എച്ച്.പി നടത്തിയ റാലി വ്യാപക ആക്രമണങ്ങളില്‍ കലാശിച്ചതിനെത്തുടര്‍ന്നുള്ള അശാന്തിനിലനില്‍ക്കെയാണ് ഹിസാര്‍ സ്വദേശിയായ രവീന്ദ്ര ഫോഗട്ടും രണ്ടുസുഹൃത്തുക്കളും നൂഹിലെത്തിയത്. അക്രമികള്‍ക്കിടയില്‍ കുടുങ്ങിയ രവീന്ദ്രഫോഗട്ടിനും സുഹൃത്തുക്കള്‍ക്കും ഭക്ഷണവും വിശ്രമത്തിന് സൗകര്യവും ഒരുക്കി നൂഹിലെ മുസ്ലിം യുവാവ് അനീഷ് അവരെ സംരക്ഷിക്കുകയും സുരക്ഷിതസ്ഥാനത്ത് സ്വന്തം കാറില്‍ എത്തിക്കുകയും ചെയ്തു. ആറാംദിവസം അനീഷിന്റെ വീട്ടിലേക്ക് മനോഹര്‍ലാല്‍ ഘട്ടാര്‍ സര്‍ക്കാരിന്റെ ബുള്‍ഡോസറെത്തി, അഭയമൊരുക്കിയ വീട് തകര്‍ക്കാനായി. രണ്ടുനില വീട് ഒരുമണിക്കൂറിനുള്ളില്‍ ഭാഗികമായി നിലംപൊത്തി.
സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കരാറുകാരനാണ് രവീന്ദ്രഫോഗട്ട്. ഇതിന്റെ ഭാഗമായാണ് അദ്ദേഹവും സുഹൃത്തുക്കളും നൂഹിലെത്തിയത്. സംഘര്‍ഷത്തില്‍ കുടുങ്ങിയതോടെ കാര്‍ നിര്‍ത്തി മുന്നില്‍ക്കണ്ട ടൈല്‍ കടയിലേക്ക് ഓടിക്കയറി. അപ്പോഴേക്കും ഫോഗട്ടിന്റെ കാര്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയിരുന്നു. ഇതോടെ ഭയന്ന ഫോഗട്ടും സുഹൃത്തുക്കളും തൊട്ടടുത്ത വീട്ടില്‍ അഭയംതേടി, അത് ആരുടെതാണെന്ന് പോലും അറിയാതെ. അത് അനീഷിന്റെ വീടായിരുന്നു. ഭീതിയിലകപ്പെട്ട ഫോഗട്ടിനെയും സുഹൃത്തുക്കളെയും ആശ്വസിപ്പിച്ച അനീഷ്, അവര്‍ക്ക് ഭക്ഷണം നല്‍കി. വിശ്രമത്തിന് സൗകര്യവും ചെയ്ത് കൊടുത്തു. അന്ന് രാത്രി അനീഷ് മൂന്നുപേരെയും നൂഹിലെ പി.ഡബ്യു.ഡി റസ്റ്റ് ഹൗസില്‍ എത്തിച്ചു.
ഗുരുഗ്രാമില്‍നിന്ന് അല്‍വാറിലേക്കുള്ള ദേശീയപാതയോരത്താണ് അനീഷിന്റെ വീട്. സമീപത്തെ വീടുകള്‍ ലക്ഷ്യംവച്ച് ബുള്‍ഡോസര്‍ എത്തിയപ്പോള്‍ തന്റെ വീടും തകര്‍ക്കുമെന്ന് അനീഷ് കരുതിയിരുന്നില്ല. എങ്കിലും ഇക്കാര്യം അദ്ദേഹം ഫോഗട്ടിനെ അറിയിച്ചു. തനിക്കും സുഹൃത്തുക്കള്‍ക്കും അഭയമൊരുക്കിയ വീടാണെന്ന് ഫോഗട്ട് നൂഹ് പൊലിസിനെ വിളിച്ച് യാചിച്ചെങ്കിലും കാര്യമുണ്ടായില്ല. കലാപത്തില്‍ അനീഷിന് യാതൊരുപങ്കുമില്ലെന്നും ഫോഗട്ട് സാക്ഷ്യപ്പെടുത്തി. കരാറുകാരന്‍ എന്ന നിലയിലുള്ള രാഷ്ട്രീയ ബന്ധവും ഉപയോഗിച്ചു. നൂഹ് എസ്.പിയെ വാട്‌സാപ്പിലും ബന്ധപ്പെട്ടു. നൂഹ് ജില്ലാ ബി.ജെ.പി അധ്യക്ഷനെയും വിളിച്ചു. എന്നാല്‍ തിങ്കളാഴ്ച രാവിലെ ഹൈക്കോടതി ഉത്തരവുണ്ടായതോടെ മാത്രമാണ് ബുള്‍ഡോസര്‍ അനീഷിന്റെ ഗ്രാമത്തില്‍നിന്ന് മടങ്ങിയത്. അപ്പോഴേക്കും അനീഷിന്റെ വീടിന്റെ ഇഷ്ടികകല്ലുകള്‍ ഭൂമിയോട് ചേര്‍ന്നിരുന്നു.
കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരപ്പാക്കിയ പ്രദേശത്തെ ഏറ്റവും ഒടുവിലത്തെ വീടാണ് അനീഷിന്റെത്. വ്യവസായിയായ അനീഷിന് രണ്ട് ട്രക്കുകളുണ്ട്. തന്റെ വീട് ഒരിക്കലും കൈയേറ്റ പ്രദേശത്തല്ല, എനിക്ക് ഈ വിഷയത്തില്‍ നോട്ടീസും ലഭിച്ചിട്ടില്ല- അനീഷ് പറഞ്ഞു. കലാപകാരികള്‍ക്കുള്ള മരുന്നാണ് എന്നാണ് ഈ മാസം നാലിന് വീട് തകര്‍ക്കല്‍ നടപടികളെ ന്യായീതകരിച്ച് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞത്.
During communal clashes in Nuh, Anish sheltered three men and led them to safety. But his house was damaged in the government’s demolition drive following the violence
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."