ഹരിയാനയിലെ ബുൾഡോസർരാജ് ഗാന്ധിജി ചേർത്തുപിടിച്ചവർക്കെതിരേ
ഹനീഫ കുരിക്കളകത്ത്
മണിപ്പൂരിനെ രക്തക്കളമാക്കുന്ന സംഘ്പരിവാർ അതേതന്ത്രം ഹരിയാനയിലും പയറ്റാൻ ശ്രമിക്കുകയാണ്. നൂഹ് ജില്ലയിലും സമീപസ്ഥലങ്ങളിലും നടന്ന വർഗീയ കലാപവും തുടർന്നുള്ള മുസ്‌ലിം വിദ്വേഷവും അതിൻ്റെ ഭാഗമാണ്. ജൂലൈ 31 മുതൽ മൂന്ന് ദിവസം ഹിന്ദുത്വവാദികൾ പൊലിസിനെയും മറ്റും നോക്കുകുത്തിയാക്കി അഴിഞ്ഞാടി. ഇതിനെ പ്രതിരോധിക്കാൻ മറുവിഭാഗം രംഗത്തിറങ്ങിയപ്പോഴാണ് ഭരണകൂടത്തിന് ഉണരാൻ തോന്നിയത്.
നൂഹിലെ ജനസംഖ്യയിൽ 79 ശതമാനം പേരും മുസ്‌ലിംകളാണ്. മിയോ മുസ്‌ലിംകൾ എന്ന പേരിലാണ് ഇവരറിയപ്പെടുന്നത്. രജപുത്ര, ക്ഷത്രിയ വിഭാഗങ്ങളിൽനിന്നു മതംമാറിയവരുടെ പിൻഗാമികളാണ് സ്ഥലത്തെ മുസ്‌ലിംകൾ എന്നാണ് കരുതിപ്പോരുന്നത്. ഭൂരിപക്ഷം പേരും നിത്യവേതനക്കാരും കൃഷി തുടങ്ങിയ ജോലികൾ ചെയ്യുന്നവരുമാണ്. 2018 ലെ നീതി അയോഗ് സർവേ പ്രകാരം രാജ്യത്തെ 739 ജില്ലകളിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് നൂഹ് ജില്ലയാണ്. തൊട്ടടുത്ത ഗുരുഗ്രാം ജില്ലയിലെ ആളോഹരി പ്രതിശീർഷ വരുമാനം 3,16 152 രൂപയാണെങ്കിൽ നൂഹ് ജില്ലയിലേത് 27791 രൂപയാണ്. അതായത് തൊട്ടടുത്ത ജില്ലയിലെ ജനങ്ങളുടെ വരുമാനത്തിൻ്റെ 10 ശതമാനം പോലുമില്ലാത്തവരാണ് നൂഹിൽ താമസിക്കുന്നവർ. നൂഹ് ജില്ല രൂപീകരിക്കുന്നത് 2016ലാണ്. നേരത്തെ ജില്ലയുടെ പേര് മേവാത്ത് എന്നായിരുന്നു. വടക്ക് ഗുരുഗ്രാം ജില്ല, കിഴക്ക് പൽവാൽ ജില്ല, തെക്കുപടിഞ്ഞാർ ഭാഗങ്ങളിൽ രാജസ്ഥാന്റെ അൽവാർ ജില്ല എന്നിവയാണ് അതിര്.
വിഭജനത്തെ തുടർന്ന് രാജ്യത്ത് പടർന്ന വർഗീയ കലാപത്തിന്റെ നോവുകൾ ഉണക്കുന്നതിനെക്കുറിച്ച് ഡൽഹി ബിർള മന്ദിരത്തിൽ ഗാന്ധിജിയും സംഘവും കൂടിയാലോചന നടത്തുന്നതിനിടയിൽ സഹപ്രവർത്തകൻ കൂടിയായിരുന്ന സ്വാതന്ത്ര്യസമര സേനാനി ചൗധരി യാസീൻ ഖാൻ കടന്നുവന്നു. മേവാത്തിലെ മുസ്‌ലിംകൾ കൂട്ടത്തോടെ പാകിസ്താനിലേക്ക് പോകാനൊരുങ്ങുകയാണെന്ന വിവരം അദ്ദേഹം ഗാന്ധിജിയെ അറിയിച്ചു. അന്ന് ഡൽഹിയിലെ ഷാദ്ര, ദര്യഗഞ്ച്, ബേഗംപൂർ, കരോൾഭാഗ്, പഹാർ ഗഞ്ച്, ഹരിയാനയിലെ മേവാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ വർഗീയ കലാപം ആളിക്കത്തുകയായിരുന്നു. മേവാത്തിലെ മുസ്‌ലിംകൾ വിഭജനത്തെ ശക്തമായി എതിർക്കുകയും ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തവരായിരുന്നു.
സ്വതന്ത്ര്യ സമരത്തിൽ അവർ പ്രകടിപ്പിച്ച ആത്മാർഥതയിൽ വിസ്മയം പൂണ്ട ഗാന്ധിജി മേവാത്തിനെ ഇന്ത്യയുടെ നട്ടെല്ല് എന്നു വിളിച്ചു. ചൗധരി യാസീൻ ഖാൻ ഒാടിവന്നു ഗാന്ധിജിയെ വിവരം അറിയിച്ചത് അതുകൊണ്ടുകൂടിയാണ്. വിവരമറിഞ്ഞ ഗാന്ധിജി ഖസോരയിലെ അഭയാർഥി ക്യാംപുകളിൽ കഴിയുകയായിരുന്ന മുസ്‌ലിംകളെ നേരിൽ കണ്ടു; ഇന്ത്യയിൽ തുടരണമെന്നാവശ്യപ്പെട്ടു. ഗാന്ധിജിയുടെ ഒാരോവാക്കും വേദവാക്യമായി കേട്ടിരുന്ന അവർ തങ്ങളുടെ തീരുമാനത്തിൽ നിന്നു പിന്തിരിഞ്ഞു. വിഭജനാനന്തര കലാപത്തിൽ സകലതും നഷ്ടപ്പെട്ടവർ ജീവൻ നിലനിർത്താനുള്ള കൊതികൊണ്ടാണ് പാകിസ്താനിലേക്ക് പോകാൻ ആഗ്രഹിച്ചത്. പോകരുത് എന്ന രാഷ്ട്രപിതാവിൻ്റെ വാക്ക് കേട്ട ആ രാജ്യസ്നേഹികളും അവരുടെ പിന്മുറക്കാരും ഇപ്പോൾ മറ്റൊരു പലായനത്തിൻ്റെ വക്കിലാണ്.
ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയുടെ പേരിൽ ഹരിയാനയിലെ നൂഹ് ജില്ലയിലും ഗുരുഗ്രാം തുടങ്ങിയ സമീപ ജില്ലകളിലും നടന്ന കലാപം ആസൂത്രിതമാണെന്ന് ദിവസങ്ങൾ കഴിയുന്തോറും വ്യക്തമായിവരികയാണ്. സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയും എം.പിയും ഇതു തുറന്നുപറഞ്ഞിട്ടുണ്ട്. മണിപ്പൂരിലേതുപോലെ നീണ്ടുനിന്നില്ലെങ്കിലും കലാപത്തിനു തിരികൊളുത്തിയവരുടെ ലക്ഷ്യം നിറവേറ്റുന്ന ശ്രമം സംസ്ഥാനത്തെ ബി.ജെ. പി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
മൂന്നുദിവസത്തെ സാമുദായിക സംഘർഷത്തിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി. വാഹനങ്ങൾ തീവച്ചു നശിപ്പിച്ചു. പള്ളി ഇമാമിനെയടക്കം കൊലപ്പെടുത്തി. പള്ളികൾക്ക് തീവച്ചു. തകർക്കാനാകാതെപോയ മുസ്‌ലിംകളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും മറ്റും ഭരണകൂടം ബുൾഡോസർ നിരത്തി തകർത്തു. അനധികൃത കുടിയേറ്റക്കാർ, കൈയേറ്റക്കാർ, ബംഗ്ലാദേശികൾ, റോഹിംഗ്യർ എന്നീ ചാപ്പകുത്തി മുസ്‌ലിംകളുടെ നൂറുക്കണക്കിന് വാസസ്ഥലങ്ങളും കച്ചവടസ്ഥാപനങ്ങളും തകർത്തു. ഇതുപോലുള്ള ചാപ്പ കുത്താൻ കഴിയാത്തവരെ കലാപകാരികളെന്ന് മുദ്രകുത്തി പലായനത്തിന് നിർബന്ധിക്കുകയാണ്. സർക്കാർ നേതൃത്വത്തിലുള്ള, ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്ത ബുൾഡോസർ രാജ് അവസാനിപ്പിക്കാൻ ഹൈക്കോടതിക്ക് ഇടപെടേണ്ടിവന്നു.
അടുത്ത വർഷം നടക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഹിന്ദുത്വ സംഘടനകൾ ഹരിയാനയിൽ വർഗീയത ഇളക്കിവിടുന്നതെന്ന് ആരോപണമുണ്ട്. പ്രതിപക്ഷവും മുസ്‌ലിം സംഘടനകളും മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിച്ച ജാട്ടുകൾ ഉൾപ്പെടെയുള്ളവരുമാണ് ഇൗ ആരോപണം ഉന്നയിക്കുന്നത്. നൂഹ് അക്രമത്തിൽ പിന്തുണ തേടി ഹിന്ദുത്വവാദികൾ ജാട്ടുകളെ സമീപിച്ചിരുന്നു. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഹരിയാനയിൽനിന്ന് ബി.ജെ.പിക്ക് 10 എം.പിമാരെ ലഭിച്ചത് ജാട്ടുകളുടെ പിന്തുണയിലായിരുന്നു. എന്നാൽ, മുസ്‌ലിം വിരോധം കത്തിച്ച് ജാട്ടുകളുടെ പിന്തുണ നേടാമെന്ന ഹിന്ദുത്വവാദികളുടെ ആഗ്രഹം ഇത്തവണ നടക്കില്ലെന്ന് വേണം കരുതാൻ. ജാട്ടു മഹാസഭ സെക്രട്ടറി യുധ്വീർ സിങ്ങിൻ്റെ പ്രസ്താവന വ്യക്തമാക്കുന്നത് അതാണ്. നൂഹിലെ മുസ്‌ലിംകൾ തങ്ങളുടെ സഹോദരന്മാരാണെന്നും അവർ ജാട്ടുകൾക്കെതിരേ അക്രമങ്ങൾ നടത്തിയിട്ടില്ലെന്നുമായിരുന്നു യുധ്വീർ സിങ്ങിന്റെ പ്രസ്താവന. സർക്കാർ ഉണർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ കലാപം പടരില്ലായിരുന്നെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. ജാട്ട് മഹാപഞ്ചായത്ത് യുധ്വീർ സിങ്ങിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഹരിയാന ഉപമുഖ്യമന്ത്രി ദുശ്വന്ത് സിങ് ചൗത്താലയുടെയും ലോക്സഭ എം.പി ഇന്ദ്രജിത്തിൻ്റെയും പ്രസ്താവന ബി.ജെ.പിയുടെ പ്രതീക്ഷക്കുമേൽ ആഘാതമേൽപ്പിക്കുന്നതായിരുന്നു. ജലാഭിഷേക് യാത്രയിൽ അനുമതിയില്ലാതെ കൂടുതൽ പേരെ പങ്കെടുപ്പിച്ചതും യാത്രയിൽ പങ്കെടുത്തവർ ആയുധങ്ങൾ കൈയിൽ കരുതിയതും കലാപം നടത്താനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു എന്നായിരുന്നു ഇരുവരുടെയും പ്രതികരണം. സംസ്ഥാനത്ത് ബി.ജെ.പിയുടെ സഖ്യ കക്ഷിയായ ജനായക ജനതാ പാർട്ടിയുടെ നേതാക്കളാണ് ഇരുവരും.
പതിവുരീതിയിൽനിന്ന് വ്യത്യസ്തമായി, കലാപം നിയന്ത്രണ വിധേയമായെന്ന തോന്നൽ ബി.ജെ.പിയുടെ ഹരിയാന സർക്കാർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ബി.ജെ.പി നേതൃത്വത്തിനുണ്ടായ മാറ്റമായി ഇതിനെ കാണേണ്ടതില്ല. രാജ്യതലസ്ഥാനമായ ഡൽഹിയിൽ അടുത്തമാസം 9, 10 തീയതികളിൾ ജി 20 ഉച്ചകോടി നടക്കുകയാണ്. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേത് ഉൾപ്പെടെയുള്ള രാഷ്ട്രത്തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിലെത്തുമ്പോൾ വിളിപ്പാടകലെ വർഗീയ കലാപമുണ്ടാകുന്നത് ലോക രാജ്യങ്ങൾക്കിടയിൽ പ്രതിച്ഛായ നിർമിതിക്ക് ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചടിയാവും. മണിപ്പൂർ കലാപത്തിനെതിരേ യൂറോപ്യൻ യൂനിയൻ പാർലമെന്റും അമേരിക്കയും നടത്തിയ പ്രതിഷേധം രാജ്യത്തിനു മുമ്പിൽ കറുത്തപാടായി നിൽപ്പുണ്ട്.
നൂഹിലെ ശിവക്ഷേത്രത്തിൽനിന്ന് തുടങ്ങി വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന രീതിയിലാണ് മേവാത്ത് ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര വർഷങ്ങളായി നടക്കുന്നത്. സ്ഥലത്തെ പ്രധാന മൂന്നു ഹിന്ദു കുടുംബങ്ങളായിരുന്നു പരിപാടി സംഘടിപ്പിക്കാറ്. എന്നാൽ രണ്ടുവർഷം മുമ്പ് വി.എച്ച്.പി - ബജ്റംഗ് ദൾ സംഘടനകൾ പരിപാടി ഏറ്റെടുക്കുകയായിരുന്നു. അതോടെ പുറത്തുനിന്നുള്ളവരും ജലാഭിഷേക് യാത്രയിൽ പങ്കെടുത്തു. മാത്രമല്ല ഈ യാത്ര മുസ്‌ലിംകൾക്കെതിരേ വിദ്വേഷം പടർത്താനുള്ള പരിപാടിയായി മാറ്റാൻ ചിലർ ശ്രമം തുടങ്ങുകയും ചെയ്തു.
മുൻവർഷങ്ങളിൽനിന്നു ഭിന്നമായി ജലാഭിഷേക യാത്രയ്ക്ക് മുമ്പുതന്നെ, പരിപാടി മുസ്‌ലിംകൾക്കെതിരേയാണെന്ന തരത്തിൽ സംഘ്പരിവാർ പ്രവർത്തകർ പ്രചാരണം അഴിച്ചുവിട്ടു. മേനുമനേസർ എന്ന ബജ്റംഗ് ദൾ പ്രവർത്തകൻ വിദ്വേഷത്തിന് നേതൃത്വം നൽകിയത് മുസ്‌ലിംകളുടെ ശക്തമായ പ്രതിഷേധത്തിനും കാരണമായി. ജലഘോഷ യാത്രയുടെ വഴി മാറ്റണമെന്നും മേനുമനേസറിനെ അറസ്റ്റ് ചെയ്യണമെന്നും മുസ്‌ലിംകൾ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കപെട്ടില്ല. പശുക്കടത്താരോപിച്ച് രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മേനുമനേസർ. രാജസ്ഥാനിലെ ഭരത്പൂർ സ്വദേശികളായ നസീർ(25), ജുനൈദ്(35) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഹരിയാനയിലെ ദിവാനയിൽ ബൊലോറ ജീപ്പിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം ജീപ്പിലിട്ട് കത്തിക്കുകയായിരുന്നു. ഈ വർഷം ഫെബ്രുവരി 16നാണ് സംഭവം നടന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും മനേസറിനെ പിടികൂടാൻ പൊലിസിന് സാധിച്ചിട്ടില്ല. ഇയാൾ ഒളിവിലാണെന്നായിരുന്നു പൊലിസ് ഭാഷ്യം. ഇതിനിടെയാണ് വർഗീയ വിദ്വേഷമുയർത്തിയും വെല്ലുവിളി മുഴക്കിയും ഇദ്ദേഹം മറയില്ലാതെ പ്രത്യക്ഷപ്പെട്ടത്.
പൊലിസ് ഉചിത ജാഗ്രതയും കരുതലും നടത്തിയിരുന്നെങ്കിൽ ഹരിയാനയിൽ ഇൗ കലാപമുണ്ടാകുമായിരുന്നില്ല. സർക്കാർ അനാസ്ഥയുടെ മറ്റൊരു പ്രകടതെളിവാണ് മുസ്‌ലിംകളെ ബഹിഷ്കരിക്കാൻ ഹരിയാന ഹിന്ദുത്വ പിന്തുണയുള്ള ഗ്രാമപഞ്ചായത്തുകളുടെ ആഹ്വാനം. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള വിദ്വേഷ പ്രചാരണത്തിന് നിയന്ത്രമേർപ്പെടുത്താത്തതിനെ തുടർന്നാണ് ഇത്തരം വർഗീയ നിലപാടുമായി പഞ്ചായത്തുകളും ജനങ്ങളും രംഗത്തെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."