ജനാധിപത്യത്തെ ഗളഛേദം ചെയ്യുന്ന ബിൽ
തെരഞ്ഞെടുപ്പു കമ്മിഷണർമാരെ ശുപാർശ ചെയ്യാനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നത് സംബന്ധിച്ച ബിൽ (മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരും -അപ്പോയിന്റ്‌മെന്റ് വ്യവസ്ഥകളും സേവന കാലാവധിയും) രാജ്യസഭയിൽ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ചീഫ് ജസ്റ്റിസിനു പകരം സമിതിയിൽ പ്രധാനമന്ത്രി, നിർദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്താനാണ് നീക്കം.
ബിൽ പ്രകാരം പ്രധാനമന്ത്രി സമിതിയുടെ ചെയർപേഴ്‌സണായിരിക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി ശുപാർശ ചെയ്യുന്ന കാബിനറ്റ് മന്ത്രി എന്നിവരായിരിക്കും സമിതി അംഗങ്ങൾ. ഈ വർഷം അവസാനത്തിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന അസംബ്ലി തെരഞ്ഞെടുപ്പും അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷനെ നിയന്ത്രണത്തിലാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നുറപ്പാണ്.
പ്രധാനമന്ത്രി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി നിയമനം നടത്തുകയായിരുന്നു അടുത്ത കാലം വരെയുണ്ടായിരുന്ന രീതി. അതിനൊരു അവസാനമുണ്ടാകുന്നത് മാർച്ച് രണ്ടിലെ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയോടെയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും തെരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കാൻ മൂന്നംഗ സമിതി രൂപവത്കരിക്കണമെന്നും പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരായിരിക്കണം ഇൗ സമിതിയിൽ ഉണ്ടായിരിക്കേണ്ടതെന്നുമായിരുന്നു ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്.
ഭരണഘടനാ ബെഞ്ചിലെ അഞ്ചു ജഡ്ജിമാരും ഇക്കാര്യത്തിൽ ഒരേ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ജസ്റ്റിസ് അജയ് രസ്‌തോഗി പ്രത്യേക വിധിന്യായം എഴുതിയെങ്കിലും ജസ്റ്റിസ് കെ.എം ജോസഫിന്റെ അഭിപ്രായങ്ങളോട് പൂർണമായി യോജിച്ചു. ഈ ഉത്തരവ് അട്ടിമറിക്കുകയാണ് ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന കാര്യത്തിൽ സംശയമില്ല. തെരഞ്ഞെടുപ്പ് കമ്മിഷനിലെ നിയമനത്തിനായി സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ അധികാരത്തെ സുപ്രിംകോടതി ഉത്തരവ് വകവച്ചിരുന്നു. ഇത്തരത്തിൽ സുതാര്യമായ സംവിധാനം കൊണ്ടുവരുന്നത് വരെയാണ് സുപ്രിംകോടതി നിർദേശിച്ച സംവിധാനമെന്നായിരുന്നു ഉത്തരവിലുള്ളത്.
എന്നാൽ, ഈ ബില്ലിലെ വ്യവസ്ഥകളെ സുതാര്യമായ സംവിധാനമായി കണക്കാക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പ് കമ്മിഷനെ കേന്ദ്രസർക്കാരിന്റെ കളിപ്പാവയാക്കാൻ കഴിയുന്ന ഒരു സംവിധാനമെന്ന് മാത്രമേ ഇതിനെ പരിഗണിക്കാനാവൂ.
കുറച്ചു കാലമായി തെരഞ്ഞെടുപ്പ് കമ്മിഷൻ, രാജ്യത്തിന് പ്രതീക്ഷയർപ്പിക്കാവുന്ന ഭരണഘടനാ സ്ഥാപനങ്ങളിലൊന്നല്ലാതായി മാറിയിട്ടുണ്ട്. അതു സംബന്ധിച്ച ആക്ഷേപങ്ങൾ പ്രതിപക്ഷ പാർട്ടികളും മറ്റും തുടർച്ചയായി ഉയർത്തുകയും ചെയ്തതാണ്. സമീപകാലത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്ഷപാത നിലപാടുകൾ കൂടുതൽ വ്യക്തമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രചാരണം നയിക്കാൻ സൗകര്യം നൽകും വിധം തെരഞ്ഞെടുപ്പ് ഷെഡ്യൂളുകൾ തയാറാക്കൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിൽ ബി.ജെ.പിയോട് അയഞ്ഞ നിലപാട് സ്വീകരിക്കൽ, സർക്കാർ അനുകൂലികൾ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളോട് കണ്ണടക്കൽ തുടങ്ങിയ ആക്ഷേപങ്ങൾ നിരവധിയുണ്ട്. ഓരോ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളും കമ്മിഷന്റെ ഉദ്ദേശ്യശുദ്ധിക്ക് നേരെ വിരൽ ചൂണ്ടി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരേ കമ്മിഷൻ യോഗത്തിൽ നിലപാടെടുത്ത തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗം അശോക് ലാവാസ പിന്നീട് ഇ.ഡിയുടെ തുടർച്ചയായ വേട്ടയാടലുകൾക്ക് വിധേയമായതും രാജ്യം കണ്ടതാണ്. ലാവാസയുടെ ഭാര്യയുടെ സ്ഥാപനത്തിൽ വരെ ഇ.ഡി എത്തി. സിവിൽ സർവിസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ മിന്നൽ വേഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനിൽ സർക്കാർ നടത്തുന്ന ഇടപെടലിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം.
വ്യവസായ സെക്രട്ടറിയായിരുന്ന ഗോയൽ കഴിഞ്ഞ വർഷം ഡിസംബർ 31വരെ കാലാവധിയുണ്ടായിരിക്കെ നവംബർ 18നാണ് സർവിസിൽനിന്ന് സ്വയം വിരമിക്കുന്നത്. 19ന് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മിഷണറാക്കുകയും 21ന് ചുമതലയേൽക്കുകയും ചെയ്തു. നവംബർ 18ന് തന്നെ അദ്ദേഹത്തെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ നീങ്ങിയതായി സുപ്രിംകോടതി കണ്ടെത്തിയിരുന്നു. അന്നേ ദിവസം തന്നെ പരിശോധന പൂർത്തിയാക്കുന്നു. ഉടൻ പ്രധാനമന്ത്രിയുടെ ഇടപെടലും പൂർത്തിയാകുന്നു.
സമയമെടുത്താണ് സാധാരണ പരിശോധന പൂർത്തിയാകാറ്. ഇതെല്ലാം എങ്ങനെ സംഭവിക്കുന്നുവെന്ന് നിയമനത്തിന്റെ രേഖ പരിശോധിച്ച സുപ്രിംകോടതി ബെഞ്ച് ആശ്ചര്യത്തോടെ ചോദിച്ചതാണ്. പരിഗണിച്ച നാലു പേരിൽ നിന്ന് ഗോയലാണ് മികച്ചതെന്ന് മണിക്കൂറുകൾ കൊണ്ട് എങ്ങനെ തീരുമാനമെടുക്കാൻ കഴിയുന്നുവെന്ന സുപ്രിംകോടതിയുടെ ചോദ്യത്തിന് കേന്ദ്രത്തിന് മറുപടി ഉണ്ടായിരുന്നില്ല. ഗോയലിന്റെ നിയമനത്തിനെതിരായ ഹരജി സുപ്രിംകോടതി സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിയെന്നത് മറ്റൊരു കാര്യം.
പുതിയ ബിൽ പ്രകാരം നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക തയാറാക്കുന്ന സെർച്ച് കമ്മിറ്റി അധ്യക്ഷൻ കാബിനറ്റ് സെക്രട്ടറിയായിരിക്കും. അഞ്ചുപേരുടെ പട്ടികയാണ് തയാറാക്കി സമർപ്പിക്കേണ്ടതെന്നും ബിൽ നിഷ്‌കർഷിക്കുന്നു. സഭയുടെ അവസാനത്തിൽ ബില്ലിനെ രാജ്യസഭയിൽ കൊണ്ടുവന്നതിലും സർക്കാരിന്റെ കൗശലപൂർവ രാഷ്ട്രീയമുണ്ട്. രാജ്യസഭയിൽ ബിൽ കടക്കാനാണ് പ്രയാസം. അത് സാധ്യമായാൽ ലോക്‌സഭയിൽ അത് പാസാക്കുക മൃഗീയ ഭൂരിപക്ഷമുള്ള സർക്കാരിന് നിസാരമാണ്.
രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കാതിരിക്കാൻ നിഷ്പക്ഷ തെരഞ്ഞെടുപ്പ് അനിവാര്യമാണ്. അതിന് നേതൃത്വം നൽകേണ്ട തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുദ്ധിയിൽ സംശയങ്ങളുണ്ടെന്ന ഇഴപോലുമരുത്. തെരഞ്ഞെടുപ്പ് കമ്മിഷനിലേക്കുള്ള നിയമനങ്ങളെ സംശയത്തിന്റെ മുനയിലാക്കുന്ന ഈ ബിൽ പിൻവലിക്കുകയാണ് വേണ്ടത്.
അല്ലെങ്കിൽ ജനാധിപത്യത്തിൻ്റെ നിഷ്കപട ഗളത്തിൽ വന്നുവീഴുന്ന വിഷലിപ്ത ഖഡ്ഗമായിരിക്കും അത്. അതോടെ ഇനി അധികാരത്തിൽ വരുന്നത് ആരെന്ന് മുൻകൂട്ടി തീരുമാനിക്കാൻ അവസരമൊരുങ്ങും. ഇതുതന്നെയാണ് നിർലജ്ജമായ ഇൗ ബിൽ അവതരണത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യംവയ്ക്കുന്നത്.
Content Highlights: Editorial in aug 12 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."