വിവരാവകാശത്തിൻ്റെ ചിറകരിയുന്ന ഡാറ്റാ സംരക്ഷണ നിയമം
പ്രൊ.റോണി.കെ.ബേബി
രാജ്യം ഏറെ കാത്തിരുന്ന ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്ലിന്(ഡി.പി.ഡി.പി) കഴിഞ്ഞ ദിവസം രാജ്യസഭയും അംഗീകാരം നൽകിയതോടെ നിയമമായി മാറുകയാണ്. ഏറെ നാളത്തെ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് ഒാഗസ്റ്റ് ആദ്യം ഡി.പി.ഡി.പി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. വ്യക്തികളുടെ വിവരങ്ങൾക്ക് സംരക്ഷണം നൽകുക, അത് നിയമവിധേയമായ കാര്യങ്ങൾക്കുമാത്രം ഉപയോഗിക്കുക തുടങ്ങിയവയാണ് നിയമത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഡാറ്റയുടെയും പൗരൻമാരുടെ സ്വകാര്യതയുടെയും സംരക്ഷണത്തിനുവേണ്ടി നിയമനിർമാണം നടത്തിയ 137 രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും കടക്കുകയാണ്.
അനുവാദമില്ലാതെ വ്യക്തിഗത വിവരങ്ങള്‍ എന്തിന് ഉപയോഗിച്ചുവെന്ന് സ്വകാര്യ കമ്പനികളോട് ചോദിക്കാന്‍ പൗരന് അവകാശം നല്‍കുന്നതാണ് നിയമമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിവിധ സേവനങ്ങള്‍, സബ്‌സിഡി, ലൈസന്‍സ് തുടങ്ങിയവയ്ക്കായി പൗരന്മാര്‍ നല്‍കുന്ന വ്യക്തിവിവരങ്ങള്‍ മറ്റ് പദ്ധതികള്‍ക്കോ സേവനങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാന്‍ അധികാരം നിയമം നല്‍കുന്നുണ്ട്. നിയമത്തിലെ വ്യവസ്ഥകൾ ഒറ്റനോട്ടത്തിൽ സ്വാഗതാർഹമാണെങ്കിലും പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഒട്ടനവധി ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്.
നിയമം വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗത്തിലേക്ക് നയിക്കപ്പെടുമെന്ന ആശങ്കയാണ് വിവരാവകാശ, പൗരാവകാശ സംഘടനകളും പാർലമെന്റിൽ ബില്ലിനെ എതിർത്ത പ്രതിപക്ഷ പാർട്ടികളും ചൂണ്ടിക്കാണിക്കുന്നത്. വിവരചോർച്ചക്കുള്ള സാധ്യതകൾ നിയമം പൂർണമായും തടയുന്നില്ല എന്നത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
2017ലെ പുട്ടസ്വാമി കേസിൽ സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രിംകോടതി വിധിയോടെയാണ് ഡാറ്റ സംരക്ഷണത്തിനുള്ള നിയമനിർമാണത്തിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നത്. സുപ്രിംകോടതിവിധിയുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി രൂപീകരിച്ചിരുന്നു. ഇൗ സമിതി നൽകിയ റിപ്പോർട്ടിൽ അടിവരയിട്ടു പറഞ്ഞത് 'പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം രാഷ്ട്രത്തിന്റെ ഉത്തരവാദിത്വങ്ങൾ നിർവചിക്കേണ്ടതുണ്ട്' എന്നാണ്. വ്യക്തിഗത ഡാറ്റയുടെ എല്ലാ രാജ്യാന്തര കൈമാറ്റവും ശരിയായ കരാറുകളിലൂടെ മാത്രമേ പാടുള്ളു, നിർണായകമെന്ന് കരുതുന്ന വ്യക്തിഗത ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോകരുത്, ഏതെങ്കിലും തരത്തിലുള്ള വ്യക്തിഗത വിവരം ശേഖരിക്കുന്നതിന് സമ്മതം ആവശ്യമാണ് തുടങ്ങിയ സുപ്രധാന നിർദേശങ്ങൾ ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
ഇൗ കമ്മിറ്റിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത ഡേറ്റ സംരക്ഷണ ബില്ലിന്റെ ആദ്യ കരടിന് 2018 ലാണ് കേന്ദ്രസർക്കാർ രൂപംകൊടുക്കുന്നത്. കരടുബില്ലിൽ പരിഷ്‌കരണങ്ങൾ വരുത്തി വ്യക്തിഗത വിവര സംരക്ഷണ ബിൽ, 2019 എന്ന പേരിൽ ലോക്സഭയിൽ അവതരിപ്പിക്കുകയും ചെയ്തു. അതേദിവസംതന്നെ, കൂടുതൽ പരിശോധനയ്ക്കായി ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി) വിടുകയും ചെയ്തിരുന്നു. ജെ.പി.സിയുടെ നിർദേശങ്ങൾ ഉൾക്കൊണ്ട ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, 2021 എന്ന പേരിൽ സഭയിൽ അവതരിപ്പിച്ചെങ്കിലും വലിയ വിമർശനങ്ങൾ ഉയർന്നതോടെ വിപുലമായ മാറ്റങ്ങൾ വേണമെന്ന് അവകാശപ്പെട്ട് 2022 ഓഗസ്റ്റിൽ ബിൽ പിൻവലിച്ചു. പിന്നീട് 2022 നവംബറിലാണ് ഇപ്പോൾ നിയമമായ ബില്ലിന്റെ കരട് പ്രസിദ്ധീകരിക്കുന്നത്. ശ്രീകൃഷ്ണ കമ്മിറ്റിയുടെ നിർദേശങ്ങൾ നിയമമായപ്പോൾ കാതലായ പല ശുപാർശകളും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.
2019ലെ ബില്ലിൽ വിവരാവകാശ നിയമം ഭേദഗതി ചെയ്യാനും പൊതുജനങ്ങൾക്ക് നിഷേധിക്കാവുന്ന വ്യക്തിഗത വിവരങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും ശ്രമിക്കുന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതിനെതിരേ വലിയ വിമർശനം വിവരാവകാശ പ്രവർത്തകർ അന്നുതന്നെ ഉയർത്തിയിരുന്നു. എന്നാൽ പാസാക്കിയ നിയമത്തിലും വ്യവസ്ഥ നിലനിർത്തിയതിൽ വിവരാവകാശ പ്രവർത്തകർ ആശങ്കയിലാണ്.
ദേശസുരക്ഷ, ക്രമസമാധാനം ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ കേന്ദ്രസർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളെ വിവരാവകാശത്തിൽനിന്ന് ഒഴിവാക്കാൻ സാധിക്കുന്ന നിയമത്തിലെ നിബന്ധന പല കോണുകളിൽ നിന്നുമുള്ള വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. സർക്കാരിനും അതിന്റെ ഏജൻസികൾക്കുമുള്ള വ്യാപകമായ ഇളവുകൾ കേന്ദ്ര സർക്കാരിന് അമിതമായ വിവേചനാധികാരം നൽകുന്നുവെന്നും ഒരു സ്വതന്ത്ര ബോർഡല്ല രൂപീകരിക്കുന്നതെന്നും പൗരാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിയമത്തിലെ വകുപ്പ് 9 (5) പ്രകാരം, കുട്ടികളുടെ വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുമ്പോൾ, ഉപയോക്താക്കളെ 'കുട്ടികൾ' എന്ന് നിർണയിക്കുന്ന പ്രായം പതിനെട്ടാണെന്ന് നിയമത്തിൽ പറയുന്നില്ല. പ്രായം കുറഞ്ഞ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗങ്ങൾ നിരീക്ഷിക്കുന്നതിനും അവരെ ലക്ഷ്യംവച്ചുള്ള പരസ്യങ്ങൾ നൽകുന്നതിനും വിലക്കുണ്ടെങ്കിലും പ്രായം നിശ്ചയിക്കാത്തതിനെ നിയമത്തിലെ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
Content Highlights:Today's Article aug 12 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."