പട്ടാപ്പകല്‍ തോക്കു ചൂണ്ടി ബാങ്ക് കൊള്ള, 14 ലക്ഷം കവര്‍ന്നു
പട്ടാപ്പകല്‍ തോക്കു ചൂണ്ടി ബാങ്ക് കൊള്ള, 14 ലക്ഷം കവര്‍ന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ചു. സൂറത്തിലെ 'ബാങ്ക് ഓഫ് മഹാരാഷ്ട്ര' ശാഖയിലാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. പട്ടാപ്പകല്‍ ബാങ്കിലേക്ക് ഇരച്ചെത്തിയ അഞ്ചംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അഞ്ചുമിനിറ്റിനിടെ 14 ലക്ഷം രൂപ കവര്‍ന്നത്. സംഭവത്തിന് ശേഷം ബൈക്കുകളില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കവര്‍ച്ച. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം ഹെല്‍മെറ്റ് ധരിച്ചും മുഖംമറച്ചുമാണ് ബാങ്കില്‍ കയറിയത്. കെട്ടിടത്തിനുള്ളില്‍ കടന്നതിന് പിന്നാലെ ഇവര്‍ ജീവനക്കാര്‍ക്ക് നേരേയും ബാങ്കിലെത്തിയ ഇടപാടുകാര്‍ക്ക് നേരേയും തോക്ക് ചൂണ്ടി. തുടര്‍ന്ന് കൗണ്ടറുകളിലുള്ള പണം തങ്ങളുടെ ബാഗിലേക്ക് നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ എല്ലാവരെയും മറ്റൊരു മുറിയിലേക്ക് മാറ്റി. ശേഷം സംഘത്തിലെ ഒരാള്‍ കൗണ്ടറുകളില്‍നിന്ന് പണം ബാഗുകളിലേക്ക് മാറ്റുകയും ബാങ്കില്‍നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ച വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികളെ പിടികൂടാനായി സൂറത്ത് പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. നഗരത്തിലും സമീപപ്രദേശങ്ങളിലും വാഹനം തടഞ്ഞുള്ള പരിശോധനയും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."