ഡ്യൂട്ടി ഫ്രീ വിൽപ്പനയിൽ 49 ശതമാനം വർധന; നേട്ടമുണ്ടാക്കി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
ഡ്യൂട്ടി ഫ്രീ വിൽപ്പനയിൽ 49 ശതമാനം വർധന; നേട്ടമുണ്ടാക്കി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
ദോഹ: വരുമാനത്തിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമായ ഖത്തർ ഡ്യൂട്ടി ഫ്രീ (ക്യു.ഡി.എഫ്). 2019 നെ അപേക്ഷിച്ച് 2022 ലാണ് വരുമാനത്തിൽ വൻ വർധന റിപ്പോർട്ട് ചെയ്തത്. എയർപോർട്ടിലെ ഓരോ യാത്രക്കാരന്റെ കയ്യിൽ നിന്നും ശരാശരി 49 ശതമാനം വരുമാനമുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഖത്തർ എയർവേസ് ഗ്രൂപ്പിന്റെ 2022/2023 സാമ്പത്തിക വർഷത്തിലെ വാർഷിക റിപ്പോർട്ട് പ്രകാരമാണ് ഈ വർധന രേഖപ്പെടുത്തിയത്.
ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക്, പ്രത്യേകിച്ച് ഫിഫ ലോകകപ്പ് കാലയളവിൽ, ഖത്തർ ഡ്യൂട്ടി ഫ്രീയിൽ വിപുലമായ ഓഫറുകൾ നേടാനും ഷോപ്പിംഗ് നടത്താനും അവസരമൊരുക്കിയിരുന്നു. 2022 നവംബർ, ഡിസംബർ മാസങ്ങളിൽ വിറ്റുവരവ് 2021 ലെ അതേ കാലയളവിനെ അപേക്ഷിച്ച് 115% ത്തിലധികം ആയിരുന്നു.
2022/2023 വർഷം ക്യു.ഡി.എഫ് വിപുലീകരിച്ചതും വരുമാനത്തിൽ നേട്ടമുണ്ടാക്കി. വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതിയുടെ എ ഫേസ് അനാച്ഛാദനം, ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന്റെ ബഹുമതി തുടങ്ങിയ സുപ്രധാന നാഴികക്കല്ലുകളാൽ അടയാളപ്പെടുത്തിയ വിപുലീകരണമാണ് നടന്നത്.
പുതിയ എയർപോർട്ട് വിപുലീകരണത്തോടെ, മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന 65-ലധികം ഔട്ട്‌ലെറ്റുകളുള്ള റീട്ടെയിൽ, ഡൈനിംഗ് അനുഭവം ക്യു.ഡി.എഫിന് സ്വന്തമായി. ഡ്യൂട്ടി ഫ്രീയും കൺസഷൻ സ്ഥലവും ഉൾപ്പെടെ 15,000 ചതുരശ്ര മീറ്ററായാണ് ഷോപ്പിങ് ഏരിയ വികസിപ്പിച്ചത്. കൂടാതെ, പ്രാദേശികവും ആഗോളവുമായ വിഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന 20-ലധികം കഫേകളും റെസ്റ്റോറന്റുകളും ഇവിടെ പ്രവർത്തിക്കുന്നു.
ആദ്യത്തെ ഡിയോർ ബോട്ടിക്, ലോകത്തിലെ ഏക ഫിഫ ഷോപ്പ്, എയർപോർട്ട് ഫെൻഡി കഫേ, മിഡിൽ ഈസ്റ്റിലെ ആദ്യ ടൈംവാലി ബോട്ടിക്, റാൽഫ് കോഫി ഷോപ്പ്, ടു ലെവൽ ഫെൻഡി ബോട്ടിക് തുടങ്ങിയ സൗകര്യങ്ങളും ക്യു.ഡി.എഫിലെ പുതിയ ഭാഗത്ത് ആസ്വദിക്കാം. നിലവിലുള്ള ടെർമിനലിൽ എഫ് ആൻഡ് ബി ഔട്ട്ലെറ്റ്, ലൂയിസ് വിറ്റൺ ബോട്ടിക്, ഹെർമിസ് ബോട്ടിക്, ഫുഡ് കോർട്ട് എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
ഫിഫ ലോകകപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക റീട്ടെയിൽ പാർട്ണർ പദവി വഹിച്ച ഖത്തർ ഡ്യൂട്ടി ഫ്രീ എട്ട് സ്റ്റേഡിയങ്ങളിലായി 129 ഫിഫ സ്റ്റോറുകൾ കൈകാര്യം ചെയ്തിരുന്നു. ഖത്തറിനുള്ളിൽ മത്സരങ്ങൾ നടക്കുന്ന ഫാൻ സോണുകളിലും സ്റ്റേഡിയങ്ങളിലും എല്ലാ ഫിഫ ലോകകപ്പ് ഉത്പന്നങ്ങൾ റീട്ടെയിൽ ചെയ്യാനുള്ള പ്രത്യേക അവകാശം ഖത്തർ ഡ്യൂട്ടി ഫ്രീക്ക് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ലോകത്തിലെ ഏക ഫിഫ സ്റ്റോർ പ്രവർത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."