സുപ്രഭാതം ജിദ്ദ തല കാംപയിന് തുടക്കമായി
ജിദ്ദ: പൊതു സമൂഹത്തില്‍ സമസ്തയുടെ പ്രസക്തി അര്‍ഹമായ വ്യാപ്തിയോടെ അടയാളപ്പെടുത്തുന്നതിലും, വര്‍ത്തമാന കാലത്ത് ഭരണ സിരാകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സര്‍വ്വ മേഖലകളിലും ആര്‍ക്കും അവഗണിക്കാനാവാത്ത വിധം സമസ്തയുടെ ശബ്ദം നിറഞ്ഞു നില്‍ക്കുന്നതിലും സുപ്രഭാതം പത്രം വഹിച്ച പങ്ക് വളരെ വലുതാണെന്നും മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറാകാത്ത സത്യസന്ധവും സൂക്ഷ്മവുമായ നിലപാടുകളാണ് സുപ്രഭാതം സ്ഥാപക കാലം മുതല്‍ ഇന്ന് വരെ തുടര്‍ന്ന് വരുന്നതെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു. സുപ്രഭാതം പത്താം വാര്‍ഷിക കാംപയിൻ ജിദ്ദാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഹൃസ്വ സന്ദര്‍ശനത്തിനായി സഊദിയിലെത്തിയ തങ്ങള്‍.
പ്രവാസി സമൂഹത്തിന്റെ സഹകരണം ഉറപ്പു വരുത്തി മുന്‍വര്‍ഷങ്ങളിലേക്കാളേറെ വരിക്കാരെ ചേര്‍ത്തു കൊണ്ട് കാംപയിൻ വിജയിപ്പിക്കാന്‍ ഊര്‍ജ്ജിതമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച എസ്.ഐ.സി ജിദ്ദ ശ്രമങ്ങളെ തങ്ങൾ അഭിനന്ദിച്ചു. കെ.പി അബ്ദുറഹ്മാന്‍ ഹാജിയെ ജിദ്ദയില്‍ നിന്നുള്ള ആദ്യ വരിക്കാരനായി ചേര്‍ത്തുകൊണ്ട് നടന്ന ഉദ്ഘാടന പരിപാടിയില്‍ കാംപയിൻ കോഡിനേറ്റര്‍ സൈനുദ്ദീന്‍ ഫൈസി പൊന്മള ഏരിയ കമ്മിറ്റികള്‍ക്കുള്ള നിര്‍ദ്ദേശം നല്‍കി.
പുതുതായി നിലവില്‍ വന്ന എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കാംപയിൻ ഉദ്ഘാടന സംഗമത്തില്‍ ജ.സെക്രട്ടറി സല്‍മാന്‍ ദാരിമി സ്വാഗതം ആശംസിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ മേലാറ്റൂർ സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് നാഫി ശിഹാബ് തങ്ങള്‍, സയ്യിദ് അന്‍വര്‍ തങ്ങള്‍, നാഷണൽ സെക്രട്ടറി ഉസ്മാൻ എടത്തിൽ, അസീസ് പറപ്പൂർ, അബൂബകര്‍ ദാരിമി ആലംപാടി, വര്‍ക്കിംഗ് സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി സുഹൈല്‍ ഹുദവി, മുജീബ് റഹ്മാനി, മുസ്തഫ ഫൈസി ചേറൂര്‍, മുഹമ്മദലി മുസ്‌ലിയാർ കാപ്പ്, മുഹ്’യിദ്ദീന്‍ മുഹമ്മദ് അരിമ്പ്ര, എം.എ കോയ മുന്നിയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജിദ്ദ കമ്മിറ്റി ട്രഷറര്‍ എന്‍ജിനീയര്‍ ജാബിര്‍ നാദാപുരം നന്ദി പ്രകാശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."