അർഥം കെട്ടുപോകുന്ന സ്വാതന്ത്ര്യലബ്ധി
മറ്റൊരു സ്വാതന്ത്ര്യദിനാഘോഷത്തിലാണ് ഇന്ന് ഇന്ത്യ. ഇവിടെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഇന്ന് ത്രിവർണ പതാകയും പൂക്കളും വർണചിത്രങ്ങളുമായി ആഘോഷങ്ങളുടെ ആരവങ്ങളിൽ മുഴുകും. അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ മൂകമായ ആത്മാവിന് സംസാരശേഷി ലഭിക്കുന്ന നിമിഷമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെന്ന് വിശേഷിപ്പിച്ചത് ജവഹർലാൽ നെഹ്‌റുവാണ്. സ്വാതന്ത്ര്യത്തെക്കുറിച്ച് വിശേഷിപ്പിക്കാൻ ഇതിലും മനോഹരമായ വാക്കുകളുണ്ടായിരുന്നില്ല. രാജ്യത്തിന്റെ മക്കൾക്കെല്ലാം ഒന്നിച്ചു കഴിയാനാവും വിധം മനോഹരമായൊരു മന്ദിരമെന്നായിരുന്നു സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് നെഹ്‌റു കണ്ട സ്വപ്‌നം.
1947 ഒാഗസ്റ്റ് 15 മുതൽ സ്വതന്ത്ര ഇന്ത്യ പുതിയ യാത്ര ആരംഭിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ കാഴ്ചപ്പാടും അഭിപ്രായ സ്വാതന്ത്ര്യം, മതം, മതേതരരാഷ്ട്രം എന്നിവ ഉൾപ്പെടുന്ന അവകാശങ്ങൾ ഉറപ്പുനൽകുന്ന ഒരു ഭരണഘടനയുമാണ് രാജ്യത്തെ മുന്നോട്ട് നയിച്ചത്. കഴിഞ്ഞ കാലത്തിനിടയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. ഒരു രാജ്യമെന്ന നിലയിൽ അതിന്റെ അടിസ്ഥാന ഘടന രൂപപ്പെടുത്തിയെടുക്കുന്നതിൽ ഭരണഘടനാ ശിൽപികൾ വിജയിച്ചു. ആനുകാലിക തെരഞ്ഞെടുപ്പുകൾ, ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിച്ച സംസ്ഥാനങ്ങൾ തുടങ്ങി ലോക സമ്പദ് വ്യവസ്ഥയുമായി ഇന്ത്യയെ ഗുണകരമായി ബന്ധിപ്പിക്കാൻ രാജ്യത്തെ നയിച്ചവർക്ക് സാധിച്ചു. കടുത്ത ദാരിദ്ര്യവും പാർശ്വവൽക്കരണവും 1947 മുതൽ നാടകീയമായി കുറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുൻതലമുറകളുടെ വിജയങ്ങളും പരാജയങ്ങളും ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള വഴികൾ രാജ്യത്തിന് നൽകിയിട്ടുണ്ട്. നമ്മളൊരു പരാജയപ്പെട്ട രാജ്യമായില്ലെന്ന് ആശ്വാസത്തോടെ പറയാം. എന്തായിരുന്നു സ്വാതന്ത്ര്യത്തിന്റെ അർഥമെന്നത് പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ കണ്ടവർക്കേ പറയാനാവൂ. സ്വതന്ത്ര രാജ്യത്ത് നാം ശ്വസിക്കുന്ന വായുവും നമ്മുടെ സുരക്ഷിതമായ അതിർത്തികളും മാത്രമാണ് സ്വാതന്ത്ര്യത്തിന്റെ യഥാർഥ അർഥമെന്ന് കരുതുകയും അത് എന്നും നിലനിൽക്കുന്ന സഹജാവകാശമാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ സ്വാതന്ത്ര്യം എന്ന തത്വശാസ്ത്രം മനസ്സിലാക്കുന്നതിൽ നിന്ന് നാം വളരെ അകലെയാണ്.
ഒരു വശത്ത് നമ്മൾ ആസാദിയുടെ അമൃതായി ആഘോഷിക്കുന്നു. മറുവശത്താകട്ടെ, ചെങ്കോൽ സ്ഥാപനവും കെട്ടുകാഴ്ചകളുമാണ്. അതിനിടയിൽ അസമത്വത്തിന്റെ പെരുകലിലാണ് രാജ്യം. ഒന്നും കാണാത്ത പോലെ കണ്ണടച്ചു നിൽക്കുകയാണ് ഭരണകൂടം. വിവേചനവും വർഗീയതയും കെടുകാര്യസ്ഥതയും അഴിമതിയും രാജ്യത്ത് കൊടിപിടിച്ച് നിൽക്കുന്നു. ഭരണഘടനയുടെയും ജനാധിപത്യ, ധാർമിക ബോധത്തിന്റെയും ചൈതന്യം ഒലിച്ചുപോവുന്ന കാഴ്ച ഏറ്റവുമൊടുവിൽ മണിപ്പുരിൽ എത്തിനിൽക്കുന്നു. മൂന്നു മാസത്തിലധികമായി കലാപത്തിലെരിയുകയാണ് ഒരു നാടും അവിടുത്തെ ജനങ്ങളും. സ്വാതന്ത്ര്യത്തെക്കുറിച്ച് നമുക്ക് അവരോട് പറയാനാവില്ല. അവരെ ആശ്വസിപ്പിക്കാനാവുന്നതൊന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് പറയാനുമില്ല. പാർലമെന്റിൽ അതേക്കുറിച്ച് മിണ്ടാനാവുന്നില്ല.
മണിപ്പൂരിനെക്കുറിച്ച് ആഭ്യന്തരമന്ത്രി പറഞ്ഞാൽ മതിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ പുതിയ പാർലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിയോ രാജ്യത്തെ തീവണ്ടി സർവിസ് ഉദ്ഘാടനം ചെയ്യാൻ റയിൽവേ മന്ത്രിയോ ആണ് ഉചിതമെന്ന് പ്രധാനമന്ത്രിക്ക് പറയാനുമാവുന്നില്ല.
ഹരിയാനയിലെ നൂഹും രാജ്യതലസ്ഥാനത്തിന്റെ ഭാഗമായ ഗുരുഗ്രാമും വർഗീയ കലാപത്തിന്റെ പിടിയിലാണ്. രാജ്യമെമ്പാടും മുസ്‌ലിംകൾക്കെതിരേ കൊലവിളികളും വംശഹത്യാഭീഷണികളും മുഴങ്ങുമ്പോഴും വിലങ്ങുവയ്ക്കപ്പെട്ട് നിൽക്കുകയാണ് നിയമപാലന സംവിധാനം. ആറു ഗുസ്തി താരങ്ങളെ പീഡനത്തിനിരയാക്കിയെന്ന പരാതി നേരിടുന്ന ബി.ജെ.പി എം.പി ബ്രിജ്ഭൂഷൻ ശരൺ സിങ്ങിന് ജാമ്യം വാങ്ങിക്കൊടുക്കാൻ ഭരണകൂട പിന്തുണയുണ്ട്.
മണിപ്പൂരിലെ കാങ്‌പോങ്പിയിൽ മെയ്തി ആൾക്കൂട്ടം നഗ്നരാക്കി നടത്തുന്ന നിസ്സഹായരായ കുക്കി പെൺകുട്ടികളോ നൂഹിൽ ബുൾഡോസറുകൾ തകർത്തിട്ട വീടുകളുടെ അവശിഷ്ടങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടതെന്തോ പരതുന്ന കുട്ടികളോ മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അക്രമം കാട്ടിയവരെ വെറുതെ വിടില്ലെന്ന് പാർലമെന്റിന് മുന്നിൽ നിന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോൾ നെഞ്ചുവിരിച്ച് അതേ പാർലമെന്റിന്റെ പടികയറിപ്പോകുന്ന ബ്രിജ്ഭൂഷണോ ഏതാണ് ഈ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രതീകാത്മക ചിത്രമെന്ന് പറയാനാവുന്നില്ല.
എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുകൊണ്ടുപോവുക എന്നതാണ് ജനാധിപത്യത്തിൽ ഭരണകൂടം ചെയ്യേണ്ടത്. ഭൂരിപക്ഷത്തെയെന്നപോലെ ന്യൂനപക്ഷത്തേയും ബഹുമാനിക്കുന്ന ഭരണകൂടത്തിനേ ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയർത്തിപ്പിടിക്കാനാകുകയുള്ളൂ. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യമുയർത്തിയാണ് മോദി അധികാരത്തിൽ വന്നത്. ഈ കപടനാട്യം പൊളിഞ്ഞു വീഴാൻ കൂടുതൽകാലം വേണ്ടിവന്നില്ല. മോദിയുടെ രണ്ടാം വരവോടെ മതേതരം എന്ന വാക്ക് ബി.ജെ.പി പാടെ ഉപേക്ഷിക്കുന്നതാണ് കണ്ടത്. ഇപ്പോൾ മണിപ്പൂരിനെക്കുറിച്ച് പറയുമ്പോൾ 1990കളിലെ പണ്ഡിറ്റുകളുടെ പലായനത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ബി.ജെ.പി. വർഗീയ കലാപത്തെക്കുറിച്ച് പറയുമ്പോൾ 1600കളിൽ മുഗളൻമാർ തകർത്ത ക്ഷേത്രങ്ങളെക്കുറിച്ചുള്ള കെട്ടുകഥകളിൽ അഭയം തേടുകയാണ് സർക്കാർ.
നമ്മുടെ മൗലിക കർത്തവ്യങ്ങളെയും അവകാശങ്ങളെയും കുറിച്ച് നിരന്തരം ബോധവാന്മാരായിരിക്കുമ്പോൾ മാത്രമാണ് നമുക്ക് സ്വാതന്ത്ര്യത്തിന്റെ അർഥം മനസ്സിലാക്കാൻ കഴിയുക. വിവേചനത്തിന്റെ എല്ലാ അതിരുകളും നീക്കം ചെയ്യപ്പെടണം. സ്വാതന്ത്ര്യം എന്നത് പൗരന്റെ ജീവിതത്തിന്റെ സന്തുലിതമായ തെരഞ്ഞെടുപ്പാണ്. അതിൽ അയാൾക്ക് പരമാധികാരത്തിനുള്ള അവകാശമുണ്ട്.
അവർക്ക് കാഴ്ചപ്പാടുകൾ സ്വതന്ത്രമായി പ്രകടിപ്പിക്കാനും ബഹുമാനം അനുഭവിക്കാനും വ്യവസ്ഥയിൽ അർഹമായ പങ്കാളിത്തം ലഭിക്കാനും അവകാശമുണ്ട്. ഈ അവകാശങ്ങളിലാണ് സ്വാതന്ത്ര്യം പൂർണമാകുന്നത്. രാജ്യം പൂർണതയിലെത്തിയോ എന്ന് ആവർത്തിച്ചു ചോദിക്കേണ്ട സമയമാണിത്. ഇല്ലെന്നാണ് ഉത്തരമെങ്കിൽ മതേതര സമൂഹം ഇനിയും പോരാട്ടം തുടരേണ്ടതുണ്ട്.
Content Highlights:Editorial in Aug 15 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."