HOME
DETAILS

ഇന്ത്യയെന്ന ആശയം നേരിടുന്ന വെല്ലുവിളികൾ

  
backup
August 14 2023 | 18:08 PM

todays-article-aug-15-2023

ഡോ.ഒ.കെ സന്തോഷ്

അത്യസാധാരണവും സങ്കീര്‍ണവുമായ സന്ദര്‍ഭത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ സ്വാതന്ത്ര്യദിനം കടന്നുവരുന്നത് ഗൗരവ വിചാരങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. ഇന്ത്യയെന്ന ആശയം പലവിധത്തിൽ ചുരുങ്ങുകയും ഭീഷണി നേരിടുകയും ചെയ്യുന്നുവെന്നത് പ്രതിപക്ഷകക്ഷികളുടെ ഐക്യത്തിന് വഴിയൊരുക്കിയിരുന്നു. ഇത് ജനാധിപത്യത്തെക്കുറിച്ച് നേരിയ പ്രതീക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അത് പ്രായോഗികതലത്തിൽ വിജയിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ കാലത്തുതന്നെ പ്രധാനമായും രണ്ടു വീക്ഷണങ്ങൾ നിലനിന്നിരുന്നു. ഒന്ന്, വെള്ളക്കാരുടെ കൈയില്‍നിന്ന് ഇന്ത്യയിലെ മേല്‍ജാതി വിഭാഗങ്ങളിലേക്ക് അധികാരം സാങ്കേതികമായി കൈമാറുന്നതായി സ്വാതന്ത്ര്യത്തെ വിലയിരുത്തി.

രണ്ടാമതായി, ഭരണഘടന നിലവിൽ വന്നതോടെ ആധുനിക പൗരസമൂഹവും വോട്ടവകാശവും തുല്യതയും രൂപപ്പെട്ടുകൊണ്ട് ജാതിനിയമങ്ങളും മനുഷ്യാവകാശലംഘനങ്ങളും ഭാഗികമായെങ്കിലും കുറയുമെന്ന സങ്കൽപം വികസിച്ചു. പ്രബലമായ ഈ രണ്ടു വീക്ഷണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് പാര്‍ലമെന്ററി വ്യവസ്ഥയില്‍തന്നെ അവിശ്വസിക്കുകയും മറ്റൊരു വിമോചനപാതയുടെ സാധ്യതകൾ പ്രയോഗിക്കുകയും ചെയ്യുന്നവരുടെ സാന്നിധ്യം ഇന്നും പ്രകടമാണ്. ഈ മൂന്നു ധാരകളും ഏറിയും കുറഞ്ഞും നമ്മുടെ ആശയസംവാദങ്ങളിലും രാഷ്ട്രീയപ്രയോഗങ്ങളിലും നിലനില്‍ക്കുന്നു എന്നത് സവിശേഷമായി ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും ഇതര ഏഷ്യൻ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ജനാധിപത്യത്തെ തത്വത്തിലും പ്രയോഗത്തിലും നിലനിര്‍ത്താന്‍ കഴിഞ്ഞ ഏഴര പതിറ്റാണ്ടായി നമുക്ക് കഴിഞ്ഞുവെന്നതിന് ഇന്ത്യയിലെ സുശക്ത ഭരണഘടനയോടും സാംസ്കാരിക –രാഷ്ട്രീയ –ജനസംഖ്യാ( Demography)പരമായ വൈവിധ്യങ്ങളോടും നാം കടപ്പെട്ടിരിക്കുന്നു.


ഇന്ത്യയും സമകാലികതയും
1980കളുടെ പകുതിയോടെ സാമൂഹിക വൈവിധ്യങ്ങളും അവകാശങ്ങളും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സമൂഹങ്ങളെ നാമമാത്രമായ അധികാരപങ്കാളിത്തത്തിലേക്ക് നയിക്കുന്നതിന്റെ സൂചനകൾ പ്രകടമായിരുന്നു. 1990കളുടെ ആദ്യപാദത്തിൽ മണ്ഡല്‍ കമ്മിഷൻ റിപ്പോര്‍ട്ട് നടപ്പാക്കിയതും ഇന്ത്യയുടെ ഹിന്ദിഹൃദയ ഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തര്‍പ്രദേശ്‌, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളിൽ പിന്നോക്ക-ദലിത്‌ -ന്യൂനപക്ഷവിഭാഗങ്ങളുടെ മുന്‍കൈയിൽ പരമ്പരാഗതമായ അധികാര സമവാക്യങ്ങളിൽ മാറ്റംവരികയും ചെയ്തു. ക്രിസ്റ്റഫ് ജെഫ്ലോട്ടിനെപ്പോലുള്ള സാമൂഹികശാസ്ത്ര ഗവേഷകർ നിശബ്ദവിപ്ലവം എന്ന് വിശേഷിപ്പിച്ച ഈ പരിവര്‍ത്തനം അതുവരെ പ്രബലമായിരുന്ന ബ്രാഹ്മണ്യരാഷ്ട്രീയത്തിന്റെ അടിത്തറ ദുര്‍ബലമാക്കുന്ന നിര്‍ണായകമായ പ്രക്രിയയായിത്തീര്‍ന്നു.

ഈ സന്ദര്‍ഭത്തിലാണ് ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചും ന്യൂനപക്ഷങ്ങളെ അപരമാക്കിയും ഹിന്ദുത്വരാഷ്ട്രീയം അതിന്റെ അക്രമാസക്ത സ്വഭാവം പ്രകടമാക്കിയത്. ബാബരി മസ്ജിദിന്റെ തകര്‍ക്കലോടെ ഭൂരിപക്ഷ –ന്യൂനപക്ഷ രാഷ്ട്രീയത്തിന് മറ്റൊരു മാനം ലഭിക്കുകയും ചെയ്തു. മൃദുവെന്നും തീവ്രമെന്നുമൊക്കെ വകതിരിച്ചുകൊണ്ട് ഹിന്ദുത്വരാഷ്ട്രീയത്തിന് സാമൂഹിക സാധൂകരണം നല്‍കാൻ പൊതുബുദ്ധിജീവികളിൽ ഒരു വിഭാഗം ശ്രമിച്ചെങ്കിലും ആ വര്‍ഗീകരണത്തിന്റെ യുക്തിയും ആയുസും ഹ്രസ്വമായിരുന്നുവെന്ന് നാമിന്ന് തിരിച്ചറിയുന്നു.


2014ലെ സംഘ്പരിവാര്‍ നേതൃത്വം കൊടുക്കുന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തോടെ മറ്റൊരു ഇന്ത്യയിലേക്കുള്ള മാറ്റത്തിനാണ് ലോകം സാക്ഷ്യംവഹിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തോടും ജനാധിപത്യപ്രക്രിയകളോടും അതുവരെ നിഷേധാത്മകനിലപാടു സ്വീകരിച്ചവർ യഥാര്‍ഥ ദേശഭക്തരായി സ്വയംമാറുന്ന രൂപാന്തരീകരണത്തിനും മറ്റുള്ളവർ ദേശവിരുദ്ധരെന്ന അപകൃഷ്ടഗണത്തിലേക്ക് ചാപ്പയടിച്ച് അരിച്ചുമാറ്റുന്ന സ്ഥിതിയിലേക്കും കാര്യങ്ങൾ അതിവേഗം മാറി. ഇന്ത്യയെ സസൂക്ഷ്മം നിരീക്ഷിക്കുന്ന സാമൂഹികശാസ്ത്ര പഠിതാക്കൾ ഈ പ്രക്രിയയെ വംശീയജനാധിപത്യം (Ethnic Democracy) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെന്നത് ഭൂതകാലമെന്നത് അധിനിവേശത്തിന്റെ ചരിത്രമാണെന്നും അതിന്റെ മുഖ്യമായ ഉത്തരവാദികള്‍ മുഗള്‍ഭരണത്തിന് നേതൃത്വംകൊടുത്തവരുടെ പിന്‍ഗാമികളായ, ജനസംഖ്യാപരമായി പതിനാലു ശതമാനത്തിലധികം വരുന്ന മുസ്‌ലിംകളാണെന്നുമുള്ള രാഷ്ട്രീയാഖ്യാനം രൂപപ്പെടുത്തി സമൂഹത്തെ കൃത്യമായി വിഭജിക്കുകയാണ് ചെയ്യുന്നത്.

ഇതിന് ഉപോദ്ബലക ആശയങ്ങൾ സംഘ്പരിവാറിന്റെ സ്ഥാപകരായ സവര്‍ക്കരും ഗോള്‍വാള്‍ക്കറുമൊക്കെ സൃഷ്ടിച്ചതാണെന്നു വ്യക്തമാണ്. ഇവിടെയാണ് ഇന്ത്യയെന്ന ആശയം അതിവേഗത്തിൽ ഇല്ലാതാകുന്നതിന്റെ സൂചനകൾ പ്രകടമാകുന്നത്.


ദേശീയതയും വീരത്വവും
ചരിത്രാവബോധം, ശാസ്ത്രചിന്ത, യുക്തിബോധം, മാനവികത തുടങ്ങിയ ആധുനികഭരണകൂടങ്ങളും സമൂഹവും തങ്ങളെ നിര്‍വചിക്കാൻ ഉപയോഗിച്ച കാറ്റഗറികളെ അവിശ്വസിക്കുകയും അവയൊക്കെ അസംബന്ധമാണെന്നുമുള്ള പ്രചാരണത്തിനാണ് ഇന്ത്യന്‍ഭരണകൂടവും അതിനെ പിന്തുണയ്ക്കുന്ന ബ്രാഹ്മണ്യശക്തികളും ശ്രമിക്കുന്നത്. മറ്റേത് യോഗ്യതയെക്കാളും ഇന്ത്യൻ പ്രധാനമന്ത്രിയുടെ കെട്ടിപ്പൊക്കിയ വീരപരിവേഷത്തിനാണ് ആരാധകരുള്ളത് എന്ന കാര്യം ശ്രദ്ധിക്കുക. നോട്ട് നിരോധനം മുതൽ കശ്മിരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ നിയമനിര്‍മാണംവരെ ഈ വീരപരിവേഷത്തിലാണ് ദേശീയമാധ്യമങ്ങളും സംഘ്പരിവാറിനെ പിന്തുണക്കുന്നവരും ആഘോഷിച്ചത്.

മറുഭാഗത്ത്, ജനാധിപത്യത്തെ സജീവമാക്കുന്ന വിയോജിപ്പുകളെയും ചിന്തകളെയും ഇല്ലായ്മചെയ്യുവാൻ അധികാരം അമിതമായി പ്രയോഗിക്കുന്നു. സിവില്‍ സമൂഹത്തെയും വിമര്‍ശനങ്ങളെയും ഇത്രമാത്രം ഭയപ്പെടുന്ന ഒരു ഭരണാധികാരിയും സര്‍ക്കാരും സ്വേച്ഛാധിപത്യരാജ്യങ്ങളിലൊഴികെ മറ്റെവിടെയെങ്കിലും ഉണ്ടോയെന്നു സംശയമാണ്. ഗ്ലോബല്‍ മീഡിയ വാച്ച് ഡോഗിന്റെ 2023 ലെ കണക്ക് പ്രകാരം മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 161 ആണ്. പരിസ്ഥിതി - മനുഷ്യാവകാശപ്രശ്നങ്ങളിൽ ലോകമെമ്പാടും ഇടപെടുന്ന ആംനസ്റ്റി ഇന്റര്‍നാഷണലുള്‍പ്പെടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വിദേശനാണയ വിനിമയ ചട്ടം(FCRA) ലംഘിച്ചുവെന്ന് ആരോപിച്ച് 2017-2021 കാലത്ത് 6677 എന്‍.ജി.ഒകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചതായി രാജ്യസഭയില്‍വച്ച കണക്കുകൾ സൂചിപ്പിക്കുന്നു.

ഇതെല്ലാം കാണിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയില്‍ ആഘോഷിക്കപ്പെടുന്ന വീരത്വം വിയോജിപ്പുകളെ അടിച്ചമര്‍ത്തിയും മാധ്യമസ്വാതന്ത്ര്യം ഇല്ലായ്മചെയ്തുകൊണ്ടും സൃഷ്ടിക്കപ്പെട്ട ഒന്നാണെന്നാണ്. ഇതിന്റെ ആഘോഷകർ ജനാധിപത്യവ്യവസ്ഥയ്ക്ക് പകരം ഇന്ത്യയിൽ രാജാധിപത്യത്തെ ഭാവനചെയ്യുന്നവരുമാണ്.
തീവ്രദേശീയതയും അപരഹിംസയും ഫെഡറല്‍ ഘടനയ്ക്ക് നേരെയുള്ള കൈയേറ്റവും മുഖ്യായുധമാക്കിക്കൊണ്ട് നിലനില്‍ക്കുന്ന ഒരു ഭരണകൂടം നമ്മുടെ സ്വാതന്ത്ര്യമെന്ന സങ്കല്‍പ്പത്തെതന്നെ പരിഹസിക്കുകയാണ് ചെയ്യുന്നത്. അതിരൂക്ഷമായ ആഭ്യന്തരസംഘര്‍ഷത്തിലേക്ക് രാജ്യം കടക്കാത്തതിന്റെ പ്രധാനപ്പെട്ട കാരണം ജനാധിപത്യപരമായ പരിഹാരത്തിൽ ഇന്ത്യയിലെ സാമൂഹികമനസ് വിശ്വാസമര്‍പ്പിക്കുന്നതുകൊണ്ടാണ്.

അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള രാജ്യത്തിന്റെ രാഷ്ട്രീയപരിവര്‍ത്തനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. എങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആദര്‍ശാത്മകവും രാഷ്ട്രീയോന്മുഖവുമായി മാത്രം നടക്കുന്ന പ്രക്രിയ മാത്രമല്ലെന്ന് സാമാന്യജനങ്ങള്‍ക്കുപോലും അറിയാം. സമ്പത്ത്, മാധ്യമസ്വാധീനം തുടങ്ങിയവ നിര്‍ണായകമാണ്. 82% ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും നരേന്ദ്ര മോദിയുടെ ഭക്തരാണെന്ന റിപ്പോര്‍ട്ട് സമീപകാലത്ത് പുറത്തുവന്നിരുന്നു. ഭരണഘടനാപദവിയുള്ള സ്വതന്ത്രസ്ഥാപനങ്ങളുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്തും നിയമസംവിധാനങ്ങളെവരെ സമ്മര്‍ദത്തിലാക്കിയും പുതിയൊരു ഇന്ത്യ രൂപപ്പെടുത്താനുള്ള ശ്രമം ഏറെക്കുറെ വിജയിച്ചുകഴിഞ്ഞു. ഈ സന്ദര്‍ഭത്തിൽ സ്വാതന്ത്ര്യമെന്നത് ആലങ്കാരികമായിമാത്രം ഉപയോഗിക്കാന്‍ കഴിയുന്ന വാക്കായിമാറുന്നുവെന്നും പറയാം.


സ്വാതന്ത്ര്യമെന്ന സങ്കല്‍‌പ്പവും യാഥാര്‍ഥ്യവും
ഒരു സമൂഹത്തിന്റെ പുരോഗതി അളക്കാന്‍ ഏറ്റവും ഉപയുക്ത മാര്‍ഗം സ്ത്രീകൾ ആ സമൂഹത്തില്‍ നേടിയ സ്വാതന്ത്ര്യമാണെന്ന് ഡോ. ബി.ആര്‍ അംബേദ്‌കർ നിരീക്ഷിക്കുന്നുണ്ട്. വിഖ്യാത എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വെൽ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നത്; തങ്ങള്‍ കേള്‍ക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ നിര്‍ഭയമായി തുറന്നുപറയാനുള്ള ഒരാളുടെ അവകാശം എന്നാണ്. സമീപകാലത്തു മണിപ്പൂരിൽ നടക്കുന്ന ആസൂത്രിത വംശഹത്യയുടെ പശ്ചാത്തലത്തിൽ ഈ രണ്ടു നിരീക്ഷണങ്ങളെയും വിശകലനം ചെയ്‌താൽ ഇന്ത്യയിന്ന് എത്തിനില്‍ക്കുന്ന അവസ്ഥയെക്കുറിച്ച് വ്യക്തമായ ചിത്രം കിട്ടും.

കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകളെ നഗ്നരായി നടത്തുകയും പിന്നീട് അവരില്‍ ഒരാളെ ക്രൂരമായി ലൈംഗികാതിക്രമങ്ങള്‍ക്ക്‌ ആള്‍ക്കൂട്ടം വിധേയമാക്കിയതും ലോകം ഞെട്ടലോടെയാണ് കണ്ടത്. അഖിലേന്ത്യാ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റും ലോക്സഭാംഗവുമായ ബ്രിജ് ഭൂഷനെതിരേ കായികതാരങ്ങൾ ദീര്‍ഘമായ പ്രതിഷേധസമരം നടത്തിയപ്പോൾ ഭരണകൂടം ഇടപെട്ട രീതിയും മറ്റൊരു ഉദാഹരണമാണ്. കത്‌വയിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരെ ഹാരമണിയിച്ചു സ്വീകരിക്കുകയും ഉന, ഹത്രാസ് പോലുള്ള മനസ്സാക്ഷിയെ ആഘാതപ്പെടുത്തിയ സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാനും കഴിയുന്ന വിധത്തില്‍ നിയമപരവും രാഷ്ട്രീയവുമായി ക്രമീകരിക്കപ്പെട്ട വ്യവസ്ഥയിലാണ് നമ്മൾ ജീവിക്കുന്നത്.

ഇതിനെതിരേ പ്രതികരിക്കുന്നവര്‍ ഓര്‍വെലിന്റെ പ്രയോഗം കടമെടുത്താൽ, സ്വാതന്ത്ര്യം പ്രയോഗിക്കുന്നവരെ നിശബ്ദരാക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. ഈ വൈരുധ്യങ്ങള്‍ക്ക് നടുവിൽ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നത് അര്‍ഥരഹിതമാണെങ്കിലും ജനാധിപത്യപ്രക്രിയയിൽ തിരുത്താനുള്ള സാധ്യത നിലനിൽക്കുന്നുവെന്നത് പ്രതീക്ഷനല്‍കുന്നു. അടുത്ത സ്വാതന്ത്ര്യദിനത്തിൽ ആ പ്രതീക്ഷ നിറവേറ്റപ്പെടുമോയെന്നതാണ് ഇന്ത്യ ഇന്ന് നേരിടുന്ന പ്രധാനപ്പെട്ട ചോദ്യം.

(മദ്രാസ് യൂനിവേഴ്സിറ്റിയിലെ മലയാളം വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ് ലേഖകൻ)

Content Highlights:Today's Article aug 15 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago