കെ- ഫോൺ പദ്ധതിയിൽ സാമ്പത്തിക നഷ്ടം; 36 കോടിയുടെ നഷ്ടത്തിൽ വിശദീകരണം തേടി സി.എ.ജി, കരാർ വ്യവസ്ഥകൾ പാലിച്ചില്ല
കെ- ഫോൺ പദ്ധതിയിൽ സാമ്പത്തിക നഷ്ടം; 36 കോടിയുടെ നഷ്ടത്തിൽ വിശദീകരണം തേടി സി.എ.ജി, കരാർ വ്യവസ്ഥകൾ പാലിച്ചില്ല
തിരുവനന്തപുരം: കേരള സർക്കാർ നടപ്പിലാക്കിയ കെ- ഫോൺ പദ്ധതിയിൽ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാണിച്ച് സി.എ.ജി. ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വഴിയാണ് സാമ്പത്തിക നഷ്ടം സർക്കാരിന് ഉണ്ടായത്. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന നിലയിൽ നടപ്പിലാക്കിയ പദ്ധതിയിൽ 36.35 കോടി രൂപയുടെ നഷ്ടമാണ് സി.എ.ജി ചൂണ്ടിക്കാണിച്ചത്. സംഭവത്തിൽ സി.എ.ജി സർക്കാരിനോട് വിശദീകരണം തേടി. മൊബിലൈസേഷൻ അഡ്വാൻസ് വ്യവസ്ഥകൾ മറികടന്ന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിശദീകരണം തേടിയത്.
ബെൽ കൺസോർഷ്യത്തെ ഏൽപ്പിച്ച കരാറിലാണ് സി.എ.ജി നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടുന്നത്. പലിശയിനത്തിൽ മാത്രം സർക്കാരിന് നഷ്ടം 36,35,57,844 കോടി രൂപയാണ്. കെ.എസ്.ഇ.ബി ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം അവഗണിച്ചാണ് കരാറുമായി സർക്കാർ മുന്നോട്ട് പോയത്. എസ്.ബി.ഐ നിരക്കിലും മൂന്ന് ശതമാനം കൂട്ടി പലിശ ഈടാക്കണമെന്ന് കെ.എസ്.ഇ.ബി ഫിനാൻസ് അഡ്വൈസറുടെ നിർദേശം. എന്നാൽ ഇത് അവഗണിച്ചാണ് 10 ശതമാനം മൊബിലൈസ്ഷൻ അഡ്വാൻസ് നൽകാൻ കെ.എസ്.ഐ.ടി.എൽ തയ്യാറായത്.
ആദ്യ കരാർ പ്രകാരം മൊബിലൈസ്ഷൻ അഡ്വാൻസ് നൽകാൻ വ്യവസ്ഥയുണ്ടായിരുന്നില്ല. 2013 ലെ സ്റ്റോർ പർചേസ് മാനുവൽ അനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെട്ടതാണ്. പലിശ ഒഴിവാക്കി നൽകണമെങ്കിൽ ആരാണോ കരാർ കൊടുത്തത് അവരുടെ ബോർഡ് യോഗത്തിന്റെ അനുമതി വേണമെന്നാണ് സെൻട്രൽ വിജിലൻസ് കമ്മീഷന്റെയും വ്യവസ്ഥ. അതേസമയം, കെ ഫോണിന്റെ ടെണ്ടറിൽ മൊബിലൈസേഷൻ അഡ്വാൻസിനെ കുറിച്ച് പറയുന്നില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വാക്കാലുള്ള നിർദ്ദേശം പരിഗണിച്ചാണ് സർക്കാർ മൊബിലൈസ്ഷൻ അഡ്വാൻസ് നൽകിയത്.
1531 കോടിക്കായിരുന്നു കെ-ഫോൺ സ്ഥാപിക്കാനുള്ള ടെണ്ടർ ഉറപ്പിച്ചത്. 109 കോടി രൂപയാണ് ഇതിൽ അഡ്വാൻസ് നൽകിയത്. പലിശ ഇല്ലാതെ നൽകിയതിനാൽ സർക്കാരിന് കിട്ടേണ്ട 36 കോടി രൂപ നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."