സഹോദരനിസവും ഇന്ത്യയുടെ വർത്തമാനഭാവികളും
ഡോ.അജയ്.എസ്.ശേഖർ
ഹിന്ദുക്കളല്ലാത്തോർക്കു സഞ്ചരിക്കാമവർണ
ഹിന്ദുക്കൾക്കില്ല മാമൂലാവഴി സഞ്ചരിക്കാൻ.
ഹിന്ദുസാമ്രാജ്യത്തിൽ നിന്നിങ്ങനെ മറുപടി
ഹന്ത! കേട്ടീലേ പിന്നെയെന്തിനീഹിന്ദുമതം?
(മൂലൂർ-'ചിദംബരംപിള്ളയ്ക്കുള്ള മറുപടി')
1924ൽ വൈക്കം പോരാട്ടഭൂമികയിലെഴുതിയ കവിതയിൽ മുതിർന്ന ഗുരുശിഷ്യനും സരസകവിയുമായ മൂലൂർ നടത്തിയ ചരിത്രപരമായ പ്രയോഗമാണ് ഹൈന്ദവസാമ്രാജ്യം എന്നത്. പിന്നീട് 1942ലെ മറ്റൊരു ഗുരുശിഷ്യനായ ധർമതീർഥരുടെ രണ്ടുഭാഷകളിലിറങ്ങിയ പുസ്തകത്തിലാണ് ഹൈന്ദവസാമ്രാജ്യമെന്ന ഹിന്ദുദുഷ്പ്രഭുത്വത്തെ കൂടുതൽ വികസിപ്പിച്ച് വിമർശിക്കുന്നത്. ഹിന്ദുമതമെന്ന ഒന്നുപോലുമില്ലായെന്നും സ്മൃതികൾ നോക്കിഭരിക്കുന്നവരല്ലോ ഹിന്ദുക്കളെന്നും രാമാദികളുടെ കാലത്തെ ശൂദ്രാദികളായ ശംബൂകന്മാരുടെ ഗതിയെ ഓർമിപ്പിച്ചു ഗുരു 1914ലെ ചരിത്രപ്രസ്താവത്തിൽ. അതിനാൽ സന്യാസം തന്ന നമ്മുടെ ഗുരുക്കന്മാരായി പാശ്ചാത്യ ജ്ഞാനോദയ ആധുനികതയെ ആംഗലഭാഷപോലും പഠിക്കാത്ത ഗുരു അംഗീകരിച്ചു.
ഉച്ചനീചത്വപരവും മനുഷ്യരെ അപമാനവീകരിച്ച് ശ്രേണീകൃത അസമത്തം ചവിട്ടിയുറപ്പിക്കുന്നതുമായ ചാതുർവർണ്യമെന്നും സനാതനധർമമെന്നും ഹിന്ദുമതമെന്നും ഓമനപ്പേരുകളിലറിയപ്പെടുന്ന സനാതന വൈദിക വർണാശ്രമ ധർമവ്യവസ്ഥയെ സമാപ്തീകരിക്കുക എന്നതായിരുന്നു സഹോദരനെന്ന ഗുരുശിഷ്യൻ്റെ പ്രധാന ലക്ഷ്യം. അതിനുവേണ്ടി സാമുദായിക പ്രാതിനിധ്യവും ജനായത്ത രാഷ്ട്രീയവുമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ജാതിമാറി ഭരിച്ചാലേ ജാതിയില്ലാതാവൂ എന്നദ്ദേഹം ജാതിഭാരത്തിലെഴുതി. കുത്തകാധികാര കുലീനശക്തിയായ ഒളിഗാർക്കിയെ തകർത്ത് പ്രാതിനിധ്യമില്ലാത്ത ജനത ഭരണാധികാരത്തിലേറണം. ഗ്രാംഷി സ്വപ്നംകണ്ടപോലെ കീഴാളർ ചരിത്രത്തിലേക്കും അധികാരത്തിലേക്കും കടന്നുവരണം.
ജാതിഭാരതത്തിലൂടെ സഹോദരൻ 1940കളുടെ അന്ത്യത്തിൽ ഭരണഘടനാസഭയിലേക്ക് അംബേദ്കർ കടന്നു വന്നപ്പോൾതന്നെ അദ്ദേഹത്തെ തുറന്നു പുരസ്കരിച്ചുകൊണ്ടെഴുതി. അംബേദ്കറെ പുതുപുത്തനായ നവബുദ്ധനായി ഭാവനചെയ്തത് സഹോദരനാണ്. ആധുനിക മറാഠിയിൽ പോലും അംബേദ്കറൈറ്റ് ദലിത് സാഹിത്യം അന്നുരുവംകൊണ്ടിട്ടില്ല.
അംബേദ്കർക്കുമുമ്പുതന്നെ നിയ
മപരമായി ബൗദ്ധനായി മാറിയ സഹോദരൻ കേരളസംസ്കാര ആധാരമായ അശോകൻ തേരവാദ ബുദ്ധിസത്തെക്കുറിച്ച് ഏറെ എഴുതി. മിതവാദിയും സി.വി കുഞ്ഞുരാമനും മൂലൂരും ആശാനുമെല്ലാം ബുദ്ധിസവുമായി സാംസ്കാരിക-സാമൂഹിക ബന്ധം പുലർത്തി. അയ്യോതിതാസപണ്ഡിതർക്കും അംബേദ്കർക്കും ഇടയിൽ നടന്ന ഇന്ത്യയിലെ രണ്ടാം പുതുപുത്തവാദം സഹോദരനും മിതവാദിയും കേരളത്തിൽ നയിച്ചു. 1934ലെ പദ്യകൃതികളിലെ ബുദ്ധകാണ്ഡത്തിലൂടെ കേരള സംസ്കാരധാരകളിലെ ബുദ്ധവാദത്തെ സഹോദരൻ ജനതയുടെ ഹൃദയത്തിലേക്കു കടത്തി. ഓണപ്പാട്ടിലൂടെ വാമനാദർശം വെടിഞ്ഞിടേണമെന്നും പ്രാക്തന പ്രബുദ്ധജനായത്തമായ മാബലിയുടെ ഭരണം വരുത്തിടേണമെന്നും സഹോദരൻ ജനതയെ ഓർമിപ്പിച്ചു.
നൈതികമായ യുക്തിചിന്തയായിരുന്നു സഹോദരവഴി. യാന്ത്രിക ഭൗതികവാദ യുക്തിയായിരുന്നില്ലത്. കാര്യകാരണ ബന്ധങ്ങളെയും മാറ്റത്തെയും സിദ്ധാന്തീകരിക്കുന്ന കരുണാമയവും മൈത്രീബദ്ധവുമായ പുത്തരുടെ അനിത്യവാദവും സമുദയവാദവുമാണ് അദ്ദേഹം ഗുരുവിൻ്റെ അനുകമ്പാപൂർണവും അരുളാർന്നതുമായ സാഹോദര്യ സമുദായവാദത്തിലൂടെ വായിച്ചെടുത്തത്. നൈതിക യുക്തിചിന്തകനായിരുന്നപ്പോൾ തന്നെ തൻ്റെ ഗുരുവിനെ സ്വാമി തൃപ്പാദങ്ങൾ എന്ന തികഞ്ഞ ബൗദ്ധരീതിയിലാണ് സംബോധനചെയ്തത്.
കൊല്ലുന്ന ദൈവങ്ങൾക്ക് ഒരു ശരണ്യതയുമില്ല എന്ന് ഗുരു ജീവകാരുണ്യപഞ്ചകത്തിൽ വ്യക്തമായെഴുതി. മൃഗത്തിനു തുല്യനവനെന്നു ഗുരു എഴുതി. സഹോദരൻ ഗാന്ധിയോടു ചോദിച്ചു; താങ്കളുടെ ദൈവം ഒരു പരമ്പരക്കൊലയാളിയല്ലേ.
ഹിംസയെക്കുറിച്ച് ഹിന്ദുമത ഗ്രന്ഥങ്ങളെന്ത് പറയുന്നു എന്നും അദ്ദേഹം ഗാന്ധിയോടു ചോദിച്ചു. വൈക്കത്ത് തൻശിഷ്യഗണം വെയിലത്ത് പട്ടിണി കിടന്നു നിലയില്ലാവെള്ളത്തിൽ മുങ്ങി തപശക്തി പരീക്ഷിക്കുമ്പോൾ വിശ്വവന്ദിതനായ ഗാന്ധി കന്യാകുമാരി ക്ഷേത്രത്തിൽ പോയി തീണ്ടാപ്പാടകലെനിന്നു തൊഴുതു മടങ്ങി. ബ്രാഹ്മണ പൗരോഹിത്യ ശാസന അനുസരിച്ച് തൻവൈശ്യത്വം അംഗീകരിച്ച് നല്ലഹിന്ദുവായി സനാതനിയായ ഗാന്ധി വർണാശ്രമധർമം എന്ന സ്വധർമം ശിരസാവഹിച്ചു മടങ്ങിപ്പോന്നു.
അപ്പോഴും ഈഴവരും ദലിതരും പട്ടിണിക്ക് വെയിലത്തു നിൽക്കുകയായിരുന്നു. ആ പാവങ്ങളെ വെയിലത്തും മഴയത്തും മഞ്ഞിലും പേമാരിയിലും 1924ലെ വലിയ വെള്ളപ്പൊക്കത്തിലും മാസങ്ങളും വർഷങ്ങളും വലയ്ക്കാതെ നല്ല തപശ്ശക്തിയുള്ള ഒരാളവിടെ സത്യഗ്രഹം ഇരുന്നാൽ മതിയല്ലോ എന്നു ഗുരു ചോദിച്ചു. ആടുമാടുകളെപ്പോലെ മുറിവേലിപ്പത്തലെന്നു മൂലൂരെഴുതിയ ബാരിക്കേഡിനു മുന്നിൽ പോയി നിൽക്കാതെ അതു കടന്ന് അമ്പലത്തിലും മനുഷ്യനെ തൊട്ടാലശുദ്ധിയാണെന്നു പറയുന്നിടങ്ങളിലെല്ലാം കടന്നുകയറണമെന്നും മൂടിവച്ചിരിക്കുന്ന പാൽപ്പായസം എടുത്ത് യഥേഷ്ടം കുടിക്കണമെന്നും ഗുരുവരുളി.
ജനങ്ങളിൽനിന്ന് തട്ടിയെടുത്ത് ജാതിഹിന്ദുക്കൾ കുത്തകയാക്കിയിരിക്കുന്ന രാഷ്ട്രീയപ്രാതിനിധ്യ ജനായത്താധികാരത്തെയാണ് പായസ രൂപകത്തിലൂടെ നീതിക്കുവേണ്ടി ദാഹിച്ചുപോരാടിയ ജനസഞ്ചയത്തിലേക്കു ഗുരു പകർന്നത്.
ഇതിനെതിരേ ഗാന്ധി യങ് ഇന്ത്യയിൽ എഴുതിയത് തീയന്മാരുടെ ആത്മീയഗുരു കലാപാഹ്വാനം നടത്തുന്നു, ഹൈന്ദവ ക്ഷേത്രങ്ങളിൽ കടന്നുകയറാനും തകർക്കാനുമുള്ള ആഹ്വാനംപോലുമായത് മാറാമെന്നുമാണ്. തിരുവിതാംകൂർ പൊലിസ് കമ്മിഷണറായ സായിപ്പും 1924ൽ മേലാവിലേക്കു കൊടുത്ത രഹസ്യ റിപ്പോർട്ടിൽ ഹിന്ദുയിസത്തെത്തന്നെ ഇല്ലാതാക്കുന്ന സമഗ്ര വിപ്ലവത്തിന് വൈക്കം,
ചേർത്തല താലൂക്കുകളിലെ ഈഴവർ തയാറെടുക്കുന്നതായി എഴുതുന്നു. ഗുരു സി.ഒ കേശവനുമായി നടത്തിയ സംഭാഷണം ഉടനെ 'ഹിന്ദു', 'സുദേശിമിത്രൻ' തുടങ്ങിയ പത്രങ്ങളിലും പരിഭാഷപ്പെടുത്തി വന്നിരുന്നു. ഗാന്ധി അതിനെ ദുരുപയോഗം ചെയ്യുന്നതിന് തടയിടാനായി ഗുരു അത് തിരുത്തി വിശദീകരിച്ചു. അതു കലാപ-ഹിംസാഹ്വാനമല്ലെന്നും മനുഷ്യാവകാശ സ്ഥാപനത്തിനായുള്ള പ്രസ്താവനയാണെന്നും അദ്ദേഹം വിശദമാക്കി.
1925 മാർച്ചിൽ ഗാന്ധി ഗുരുവിനെ വർക്കലക്കുന്നിൽ കണ്ടപ്പോഴും അദ്ദേഹം നിലപാടു വിശദീകരിച്ചു. ജാതിവിരുദ്ധമായ സഞ്ചാര സ്വാതന്ത്ര്യ, മിശ്രഭോജന സമരങ്ങളിൽ ശുദ്ധമായ അഹിംസാമാർഗങ്ങൾ പലപ്പോഴും അപ്രായോഗികമാണെന്നു ഗുരു വീണ്ടും വ്യക്തമാക്കി. ഗുരുവിൻ്റെ ഈ പ്രഖ്യാപിതവും സുചിന്തിതവും നൈതികധീരവുമായ ജാതിവിരുദ്ധ ചിന്തയും സാമൂഹികപ്രയോഗവുമാണ് പെരിയോറെ ആകർഷിച്ചതും മനുഷ്യർ കടന്നാൽ അശുദ്ധമാകുന്ന ദൈവത്തെ വൈക്കത്തിനും ലോകത്തിനും വേണ്ടെന്നും അതു നിരന്തരം ശുദ്ധീകരിക്കാനായി അലക്കു കല്ലാക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മനുഷ്യരെ തൊട്ടാലശുദ്ധിയാകുന്നവരെ ഒരുപന്തിയിലുമിരുന്നൊന്നും ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ഗുരുവിൻ്റെ 1924ലെ വിഖ്യാതമായ പ്രഖ്യാപനം.
1919ലാണ് സഹോദരനും ബോധാനന്ദരുംകൂടി ആശാനെക്കൊണ്ട് സിംഹനാദം എന്ന കവിത എഴുതിവാങ്ങി കൊച്ചിശീമയിലെ ചേലൂർ, ആറാട്ടുപുഴ, താന്നിശേരി ജാതിവിരുദ്ധപ്പോരാട്ടങ്ങൾ സാധ്യമാക്കിയത്. 1922ൽ തലയോലപ്പറമ്പിലെ അടിയത്ത് നടന്ന സഞ്ചാര സ്വാതന്ത്ര്യസമരത്തിൽ ആശാൻ്റെ സിംഹനാദം പാടി കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ചാണ് കെ.ആർ നാരായണനെയും 56 പേരെയും അറസ്റ്റുചെയ്തത്. 1923 ലായിരുന്നു ആശാൻ്റെ ദളവാക്കുളം രക്തസാക്ഷികളെക്കുറിച്ചുള്ള വടയാർ പ്രസംഗം. 1806ലാണ് തങ്ങളുടേതായ വൈക്കത്തെ ബൗദ്ധമായപള്ളിയും അശോകൻ സംഘാരാമമായ പനച്ചിക്കൽകാവും വീണ്ടെടുക്കാനായിരുന്നു കരിപ്പണിക്കരും കുന്നേൽചേന്നിയും മാലുത്തണ്ടാരുമടക്കമുള്ള എട്ടുചിറപ്പണിക്കന്മാരും ഇരുനൂറോളം ഈഴവ യുവാക്കളുമെത്തിയത്. മുൻകൂട്ടി പ്രഖ്യാപിച്ച് നിർഭയരും നിരായുധരുമായിവന്ന അവരെ ദളവാവേലുത്തമ്പിയുടെ കിങ്കരന്മാരായ കുഞ്ചുക്കുട്ടിപ്പിള്ളയും പപ്പനാവപിള്ളയും കുതിരപ്പക്കിയും അടങ്ങുന്ന തിരുവിതാംകൂർ നായന്മാരുടെ പടവെട്ടിത്തള്ളി കിഴക്കേനടയിലെ കുളത്തിലിട്ടു
ചവിട്ടിത്താഴ്ത്തി. 1539 ലാണ് ബൗദ്ധവിഹാരത്തെ വ്യാഘ്രപാദ ഋഷി ശൈവാലയമാക്കി മാറ്റിയതെന്നാണ് സ്റ്റെല്ല ക്രാംറിച്ചും എൻ.കെ ജോസുമെല്ലാം എഴുതുന്നത്. 1545ലാണ് അമ്പലപ്പുഴ ബൗദ്ധപ്പള്ളിയെ വില്വമംഗലംചാമിയാർ ചെമ്പകശേരി രാജാവിലൂടെ മുരളീഗാനമവിടെ കേൾക്കുന്നതായിപ്പറഞ്ഞ് വൈഷ്ണവമാക്കി അമ്പനാട്ടുപണിക്കരുടെ ഭൂമിയും വിഹാരവും ചതിയിൽ കവരുന്നത്. വൈക്കത്തമ്പലത്തിന് തൊട്ടു വടക്കുപടിഞ്ഞാറ് കിടക്കുന്ന ഈഴവരുടെ കാലാക്കൽകാവുപോലെ അമ്പനാട്ടു പണിക്കരുടേതായിരുന്നു അമ്പലപ്പുഴ-ആലപ്പുഴദേശങ്ങളും പ്രാചീന വിഹാരവും.
മാബലിയെ വാമനനെന്നപോലെ ചതിയിൽ ചവിട്ടിത്താഴ്ത്തുന്ന വർണ-ജാതിബദ്ധമായ മനുഷ്യവിരുദ്ധ മതാഭാസമായ ഹിന്ദുമതത്തെ സമാപ്തീകരിക്കുകയാണ് മാനവികതയെയും സത്യനീതികളെയും ജനായത്തത്തെയും വീണ്ടെടുക്കാൻ ഇന്ത്യയിലും കേരളത്തിലും മാർഗം
എന്നാണ് തികഞ്ഞ ഗുരുശിഷ്യനായ സഹോദരൻ അംബേദ്കറെപ്പോലെ വിശദീകരിച്ചത്. തൊട്ടുകൂടാത്തവരായി വെട്ടിനീക്കപ്പെട്ട അടിസ്ഥാന അവർണ ബഹുജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനായി സാമുദായിക സംവരണമാണ് സാമൂഹിക ജനായത്തത്തിനാവശ്യമെന്ന് അദ്ദേഹം നവബുദ്ധരായ അംബേദ്കറെന്നപോലെ മാർഗദർശനംചെയ്തു. സംഘത്തിലേക്ക് ജാതി-മതഭേദംകൂടാതെ എല്ലാ മനുഷ്യരെയും സ്വാഗതം ചെയ്യണമെന്ന ഗുരുവിൻ നീതിചിന്തയും ഇവിടെയീഴമെന്ന ബുദ്ധസംഘങ്ങളോളം ചരിത്രഗഹനമാണ്. പ്രാതിനിധ്യ ജനായത്തവും ഭരണഘടനയും സാമൂഹികനീതിയും സവർണ സാമ്പത്തിക സംവരണത്തിലൂടെ അട്ടിമറിക്കപ്പെട്ട കേരളത്തിലും ഇന്ത്യയിലുമാണ് ഇൗ മാനവിക ജനായത്ത ചിന്തയുടെ നിർണായകത്തം.
(കാലടി സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും സെൻ്റർഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് കോഡിനേറ്ററുമാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."