കാലിക്കറ്റില്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തി; ഫലം മൂന്ന് ദിവസത്തിനകം; സപ്ലിമെന്ററി പരീക്ഷകള്‍ക്കും അവസരം
കാലിക്കറ്റില്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തി; ഫലം മൂന്ന് ദിവസത്തിനകം; സപ്ലിമെന്ററി പരീക്ഷകള്‍ക്കും അവസരം
മലപ്പുറം: കാലിക്കറ്റ് പരീക്ഷാഭവനില്‍ കാണാതായ വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ ഡിഗ്രി ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തി. സംഭവം വിവാദമായതോടെ പരീക്ഷ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഓഫിസ് അലമാരിയില്‍നിന്ന് പരിശോധിക്കാത്ത ഉത്തര പേപ്പറുകള്‍ കണ്ടെത്തിയത്.
അഞ്ച് കെട്ടായാണ് പേപ്പറുകള്‍ അലമാരയില്‍ കണ്ടത്. റഗുലര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം എന്നിവരുടെ ഉത്തര കടലാസുകള്‍ പരീക്ഷ കേന്ദ്രങ്ങളില്‍നിന്ന് ഒരുമിച്ച് നല്‍കിയപ്പോള്‍ പരസ്പരം മാറിപ്പോയതാണെന്നാണ് കരുതുന്നത്.
ഉത്തര കടലാസുകളില്‍ പരിശോധന നടത്തി മൂന്ന് ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുമെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളര്‍ ഡോ.ഗോഡ്‌വിന്‍ സാംരാജ് സുപ്രഭാതത്തോട് പറഞ്ഞു. ഇതില്‍ പരാജയപ്പെട്ടവര്‍ക്ക് ഈ മാസം നാലിന് നടത്തുന്ന പരീക്ഷകള്‍ക്കൊപ്പം സപ്ലിമെന്ററിക്ക് അവസരം നല്‍കും. ഉത്തര പേപ്പറുകള്‍ കാണാതായ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളിലായി വിദൂര വിദ്യാഭ്യാസ വിഭാഗം ഡിഗ്രി പരീക്ഷകളുടെ ഫലം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പേപ്പറില്‍ മാത്രം നൂറിലേറെ വിദ്യാര്‍ഥികളുടെ ഫലം പുറത്ത് വിട്ടിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരീക്ഷ ഭവനില്‍ അന്വേഷിച്ചപ്പോഴാണ് ഉത്തര പേപ്പറുകള്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."