പ്രവാസികൾക്ക് തിരിച്ചടി സഊദിയിൽ വിലവർധന; പാർപ്പിട - കെട്ടിട വാടക കുത്തനെ കൂടി, ഭക്ഷ്യവസ്തുക്കൾക്കും ചെലവേറും
പ്രവാസികൾക്ക് തിരിച്ചടി സഊദിയിൽ വിലവർധന; പാർപ്പിട - കെട്ടിട വാടക കുത്തനെ കൂടി, ഭക്ഷ്യവസ്തുക്കൾക്കും ചെലവേറും
റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സഊദി അറേബ്യയില്‍ കെട്ടിട വാടക കുതിച്ചുയർന്നു. 20 ശതമാനത്തിലേറെ വർധനയാണ് ജൂലൈയില്‍ രാജ്യത്തെ പാർപ്പിട കെട്ടിട വാടക ഇനത്തിൽ രേഖപ്പെടുത്തിയത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ജൂലൈ മാസത്തിൽ മാത്രം ഇത്രയധികം വർധന രേഖപ്പെടുത്തിയത്.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് പ്രകാരം, അപ്പാർട്ട്മെൻറുകൾക്കാണ് ഏറ്റവും കൂടുതല്‍ വർധനവ് രേഖപ്പെടുത്തിയത്. 21.1 ശതമാനം വർധനയാണ് അപ്പാർട്ട്മെൻറുകൾക്ക് ജൂലൈയിൽ രേഖപ്പെടുത്തിയത്. സാധാരണ പാർപ്പിട കെട്ടിടങ്ങൾക്ക് 10.3 ശതമാനവും അതിലേറെയും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കടുത്ത ചൂട് അനുഭവപ്പെടുന്ന വേനൽ മാസത്തിൽ തന്നെ വർധന രേഖപ്പെടുത്തിയതിനാൽ സീസൺ ആകുമ്പോഴേക്ക് ഇനിയും കൂടുമെന്നാണ് കണക്കാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികൾക്ക് ഉൾപ്പെടെ തിരിച്ചടിയാകും.
അതേസമയം, ജൂലൈയിൽ ഭക്ഷ്യ വസ്തുക്കളുടെ വിലയിലും വർധനവ് രേഖപ്പെടുത്തി. നിത്യോപയോഗ ഭക്ഷ്യ വസ്തുക്കൾക്ക് 1.4 ശതമാനവും റെസ്റ്റോറന്റ്, ഹോട്ടൽ ഭക്ഷണങ്ങൾക്ക് 2.9 ശതമാനവും വില വർധിച്ചു.
സ്‌കൂളുകളിൽ പുതിയ അധ്യയനവർഷം ആരംഭിക്കുന്ന സമയമായതിനാൽ പഠനോപകരണങ്ങൾക്കും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 1.8 ശതമാനമാണ് പഠനോപകരണങ്ങൾക്ക് വില വർധിച്ചത്. വിനോദ കായികോൽപന്നങ്ങൾക്ക് 1.4 ശതമാനവും വിലവർധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."