പണമില്ല, ചെലവുചുരുക്കണം; 'പഞ്ചനക്ഷത്ര' സൗകര്യം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം
പണമില്ല, ചെലവുചുരുക്കണം; 'പഞ്ചനക്ഷത്ര' സൗകര്യം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: ചെലവു ചുരുക്കല്‍ നടപടികളുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും സെമിനാര്‍, ശില്‍പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവ നടത്താന്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പ് ഉത്തരവിട്ടു. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ചെലവുകള്‍ ചുരുക്കണമെന്ന് ധനവകുപ്പ് നിര്‍ദേശം നല്‍കി. നിര്‍ദേശം ലംഘിച്ചാല്‍ ഉദ്യോഗസ്ഥരില്‍നിന്ന് പലിശസഹിതം ചെലവ് തിരികെ പിടിക്കും.
സര്‍ക്കാര്‍ വകുപ്പുകള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ തങ്ങള്‍ക്കു കീഴിലുള്ള സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. സ്ഥാപനങ്ങളുടെ കീഴിലുള്ള സംവിധാനം ഉപയോഗിക്കണം. നിര്‍ദേശത്തിനു വിരുദ്ധമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ചെലവുകള്‍, മുന്‍കൂറുകള്‍ തിരിച്ചടയ്ക്കാന്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരില്‍നിന്നും പലിശ സഹിതം ചെലവുകള്‍ തിരിച്ചു പിടിക്കും. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ വകുപ്പ് സെക്രട്ടറിക്ക് വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാം.
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ട്രഷറികളില്‍ അടക്കം കടുത്ത നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്. ട്രഷറികളില്‍ അഞ്ച് ലക്ഷത്തില്‍ കൂടുതലുള്ള ബില്ലുകള്‍ മാറണമെങ്കില്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."