സുജിതയെ കാണ്‍മാനില്ലെന്ന വാര്‍ത്തകള്‍ വിഷ്ണു ഫേസ്ബുക്കില്‍ പങ്കുവെച്ചു; തെരച്ചിലിലും സജീവ പങ്കാളിയായി, നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയിലും പ്രധാനി
സുജിതയെ കാണ്‍മാനില്ലെന്ന വാര്‍ത്തകള്‍ വിഷ്ണു ഫേസ്ബുക്കില്‍ പങ്കുവെച്ചു; തെരച്ചിലിലും സജീവ പങ്കാളിയായി, നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയിലും പ്രധാനി
തുവ്വൂര്‍: തുവ്വൂരില്‍ കൊല്ലപ്പെട്ട സുജിതക്കായി തെരച്ചില്‍ നടക്കുമ്പോള്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിഷ്ണു സംഘത്തിന്റെ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നതായി നാട്ടുകാര്‍. സുജിതയെ കാണാതായ സംഭവത്തില്‍ ഇടപെടല്‍ ശക്തമാക്കുന്നതിനായി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അവിടെയും സജീവമായിരുന്നു. കൂടാതെ തന്റെ ഫേസ്ബുക്ക് പേജില്‍ സുജിതയെ കാണാനില്ല എന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു വിഷ്ണു.
സുജിതയെ കാണാതായതുമായി ബന്ധപ്പെട്ട് ഈ മാസം 17ന് കരുവാരകുണ്ട് പൊലിസിന്റെ പേരിലുള്ള ഫെയ്‌സ്ബുക് പേജില്‍ 'കാണ്‍മാനില്ല' എന്ന പേരില്‍ അറിയിപ്പ് നല്‍കിയിരുന്നു. ഇത് വിഷ്ണു പങ്കുവെച്ചു. അതിന് മുമ്പ് ആഗസ്റ്റ് 14ന് സുജിതയെ കാണ്മാനില്ലെന്ന മറ്റൊരറിയിപ്പും വിഷ്ണു പങ്കുവെച്ചിരുന്നു. ഫേസ്ബുക്കില്‍ ഒട്ടും സജീവമല്ല എന്നിരിക്കെയാണ് കഴിഞ്ഞ ദിവസങ്ങളിലെ ഈ ഷെയറിങ്. 2021 ഡിസംബര്‍ 27നാണ് അതിന് മുമ്പ് വിഷ്ണു ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുന്നത്. ഈ മാസം 11ന് കാണാതായ സുജിതയ്ക്കായി അന്വേഷണം നടക്കുമ്പോഴായിരുന്നു ഈ സോഷ്യല്‍ മീഡിയ ഇടപെടല്‍.
സുജിതയെ കാണാതാകുന്നതിനു തൊട്ടുമുന്‍പ് ഏറ്റവും ഒടുവില്‍ അവരുടെ ഫോണിലേക്ക് എത്തിയ കോള്‍ വിഷ്ണുവിന്റേതായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ഫോണ്‍കോളിനു ശേഷം സുജിതയുടെ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് വിഷ്ണുവിന്റെ ഫോണില്‍നിന്നും കുറേ നേരത്തേക്ക് മറ്റു കോളുകളൊന്നും പോയിരുന്നില്ല. ഇത്തരം സൂചനകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു കസ്റ്റഡിയിലായതും പിന്നീട് അറസ്റ്റ് ചെയ്തതും.
തുവ്വൂര്‍ കൊലപാതകം: വീട്ടുടമയും പിതാവും സഹോദരങ്ങളും ഉള്‍പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക കാരണങ്ങളെന്ന് പൊലിസ് കസ്റ്റഡിയിലുള്ള പ്രതി വിഷ്ണു മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവന്‍ താല്‍ക്കാലിക ജീവനക്കാരിയുമായ സുജിതയും പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ വിഷ്ണുവും അടുത്ത പരിചയക്കാരായിരുന്നു. സുജിതയുടെ ആഭരണം കവരാന്‍ കൂടിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. സുജിതയെ കാണാതാകുന്നതിനു മുന്‍പേ വിഷ്ണു പഞ്ചായത്തിലെ ജോലി ഉപേക്ഷിച്ചിരുന്നതായും പറയുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയാണ് വിഷ്ണു.
സുജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിഷ്ണുവിനൊപ്പം കുടുംബാംഗങ്ങളും കസ്റ്റഡിയിലാണ്. വിഷ്ണുവിന്റെ പിതാവ് മുത്തു എന്ന കുഞ്ഞുണ്ണി, സഹോദരന്‍മാരായ വൈശാഖ്, വിവേക് (ജിത്തു), ഇവരുടെ സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുജിതയെ കാണാതായ 11നു തന്നെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. വിഷ്ണുവിന്റെ അമ്മ നേരത്തെ മരിച്ചതാണെന്നു നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ ഒപ്പമുള്ളത് രണ്ടാനമ്മയാണ്. വിഷ്ണുവിന്റെ ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടില്‍ പോയിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."