HOME
DETAILS

വെറുപ്പിന്റെ വിദ്യാവിപണിഅടച്ചുപൂട്ടണം

  
backup
August 27 2023 | 19:08 PM

the-education-market-of-hate-should-be-closed

ഉത്തർപ്രദേശിലെ മുസഫർ നഗറിലുള്ള നേഹ പബ്ലിക് സ്‌കൂളിൽ അധ്യാപിക, ഏഴുവസുകാരനായ മുസ്‌ലിം വിദ്യാർഥിയെ മതത്തിന്റെ പേരിൽ ആക്ഷേപിക്കുകയും മറ്റു വിദ്യാർഥികളെക്കൊണ്ട് മുഖത്തടിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് രാജ്യം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ പൊലിസ്, അധ്യാപിക തൃപ്ത ത്യാഗിക്കെതിരേ കേസെടുത്തു. അന്വേഷണം പൂർത്തിയാകും വരെ സ്‌കൂൾ അടച്ചുപൂട്ടി. അന്വേഷണത്തിനും കൂടുതൽ നടപടികൾക്കുമായി പൊലിസ് സൂപ്രണ്ടിനും ജില്ലാ മജിസ്‌ട്രേറ്റിനും ദേശീയ ബാലാവകാശ കമ്മിഷൻ നിർദേശം നൽകുകയും ചെയ്തു. സമൂഹത്തിലെ നിരവധി മേഖലകളിൽ നിന്നുള്ളവർ നടപടിയെ ശക്തമായി എതിർത്തു. ബി.ജെ.പി ഒഴികെയുള്ള എല്ലാ പാർട്ടികളും ശക്തമായ നിലപാടെടുത്തു. മനുഷ്യാവകാശ കമ്മിഷനിലും ചിലർ പരാതിപ്പെട്ടു.


അധ്യാപികയ്‌ക്കെതിരേ കൂടുതൽ നടപടി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിനിടയിൽ ഇടപെട്ട കർഷക നേതാവ് നരേഷ് ടിക്കായത്ത്, അടിച്ച കുട്ടികളിലൊരാളെക്കൊണ്ട് നേരിട്ടെത്തി മാപ്പ് പറയിപ്പിച്ചു. രാജ്യത്തെക്കുറിച്ച് പ്രതീക്ഷയ്ക്ക് വകനൽകുന്ന സംഭവങ്ങൾ ഒരു വശത്തുണ്ട്. മറുവശത്ത് ചെയ്ത ക്രൂരതയിൽ ഒട്ടും കുറ്റബോധമോ ലജ്ജയോ ഇല്ലെന്നാണ് അധ്യാപികയുടെ നിലപാട്. തന്റെ ഗ്രാമത്തിലെ എല്ലാവരും തന്നെ പിന്തുണയ്ക്കുന്നുവെന്നാണ് അധ്യാപിക പറയുന്നത്. കുട്ടികളെ നിയന്ത്രിക്കാൻ ഇത്തരം ശിക്ഷാ നടപടികൾ വേണമെന്ന് അധ്യാപിക ആവർത്തിക്കുകയും ചെയ്യുന്നു. ഒരു നിമിഷത്തെ കൈപ്പിഴയല്ല അധ്യാപികയുടെ നടപടിയെന്നുറപ്പാണ്. ഇത്തരത്തിൽ മനോ നിലയുള്ള ഒരാൾക്ക് അധ്യാപികയായിരിക്കാൻ യോഗ്യതയില്ലെന്ന് മാത്രമല്ല, ശിഷ്ടകാലം ജീവിക്കാൻ യോജിച്ച സ്ഥലം ജയിലാണ്.


പുതുതലമുറയ്ക്ക് വിജ്ഞാനത്തിനൊപ്പം ജനാധിപത്യവും വൈവിധ്യമുള്ള ലോകത്തെക്കുറിച്ച് വെളിച്ചം പകരലും അനുകമ്പയും സഹജീവി സ്‌നേഹമുള്ളവരായി വാർത്തെടുക്കലുമാണ് അധ്യാപകരുടെ ദൗത്യം. മറിച്ച് ഒരു സ്‌കൂൾ, വിദ്വേഷവും വെറുപ്പും അക്രമവും പാഠ്യപദ്ധതിയാക്കുന്നുവെങ്കിൽ, തിരുത്തൽ നടപടികൾ പാഴ്ശ്രമമാകുന്നുവെങ്കിൽ ഒരുനിമിഷം പോലും പാഴാക്കാതെ അത് എന്നേക്കുമായി അടച്ചുപൂട്ടുകയാണ് വേണ്ടത്. വെറുപ്പ് ഉൽപാദിപ്പിക്കുന്ന, മതഭ്രാന്തന്മാരെ സൃഷ്ടിക്കുന്ന ഫാക്ടറികളായി നമ്മുടെ സ്‌കൂളുകൾ മാറിക്കൂടാ. വെറുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നവർ അധ്യാപകരായിരിക്കുകയും ചെയ്യരുത്. കേസ് പിൻവലിക്കാൻ ഗ്രാമത്തിലുള്ളവർ തന്നെ സമ്മർദം ചെലുത്തുന്നുവെന്നാണ് വിദ്യാർഥിയുടെ പിതാവ് പറയുന്നത്. അധ്യാപികയെ പിന്തുണച്ചുള്ള ഹാഷ്ടാഗിന് സമൂഹമാധ്യമമായ എക്‌സിൽ ട്രൻഡിങിൽ ഒന്നാം സ്ഥാനമാണ്.


ചന്ദ്രയാൻ- 3ന്റെ വിജയത്തോടെ രാജ്യത്തിന്റെ പ്രശസ്തി ചന്ദ്രനോളം ഉയർന്നു നിൽക്കുമ്പോഴും ജുഗുപ്‌സാവഹമായ ചിന്തകളുടെ മാലിന്യക്കുഴിയിലാണ് രാജ്യത്തെ ഒരു വിഭാഗം. വെറുപ്പിനും വിദ്വേഷത്തിനും രാജ്യത്ത് ഇപ്പോഴും വിപണിയുണ്ട്. ശാസ്ത്ര നേട്ടങ്ങൾ രാജ്യത്തെ ഒന്നിപ്പിക്കുന്നില്ല. മറിച്ച്, മനസുകളുടെ അകലം കൂട്ടാനുള്ള ചാലകമായി അതിനെ ചിലർ ഉപയോഗിക്കുന്നുണ്ടെന്ന് ഭീതിയോടെ തിരിച്ചറിയേണ്ട സമയം കൂടിയാണിത്.


ആകാശത്തേക്ക് വിരിഞ്ഞു നിൽകുന്ന മനോഹരമായ പുഷ്പമാണെങ്കിലും ഊന്നിനിൽക്കുന്നത് ചെളിക്കുഴിയിലാണെങ്കിൽ എന്തു കാര്യം. അധ്യാപികയുടെ കുടിലതയെ പിന്തുണയ്ക്കുന്ന ഒരാളെങ്കിലും രാജ്യത്തുണ്ടെങ്കിൽ എന്താണ് അതിലേക്ക് നയിച്ച കാരണമെന്ന് കണ്ടെത്തുകയും തിരുത്തുകയും ചെയ്യേണ്ട സമയമാണിത്. അതോടൊപ്പം യു.പിയിലെ സ്‌കൂളുകളുടെ ഗുണനിലവാര പരിശോധന അടിയന്തരമായി നടത്താൻ സർക്കാർ തയാറാകണം.


തൃപ്ത ത്യാഗി ചെയ്ത കാര്യങ്ങൾ യു.പിയിലെ സ്‌കൂളുകളുടെ പൊതുരീതിയല്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യതയുണ്ട്. വിഭാഗീയതയ്ക്കും അപരവത്കരണത്തിനും ആക്കംകൂട്ടുന്ന നടപടികൾ രാജ്യത്തെ ഒരു സ്‌കൂളിലുമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. അടുത്ത തലമുറയിലെങ്കിലും ഈ രാജ്യത്തിനു പ്രതീക്ഷ വേണം. അതോടൊപ്പം അടിയേറ്റ ഏഴുവയസുകാരനും അവന്റെ സഹപാഠികൾക്കും കൗൺസലിങ് നൽകാനുള്ള നടപടി വേണം. അടിയേറ്റ ബാലൻ മാത്രമല്ല, അടിച്ച കുട്ടികളും തുല്യമായി ഇരകളാണ്. അധ്യാപികയുടെ തെറ്റായ അധ്യാപനമാണ് തന്റെ സഹപാഠിയുടെ മുഖത്തടിക്കാൻ അവരെ സങ്കോചമില്ലാത്തവരാക്കിയത്. ദീർഘമായ കൗൺസലിങ്ങിലൂടെ മാത്രമേ ഈ മനോനില തിരുത്താനാവൂ. അതിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണ്.


2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 17ാം വകുപ്പിന്റെയും 2015ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ അവകാശവും സംരക്ഷണവും) നിയമത്തിലെ 75ാം വകുപ്പിന്റെയും അടിസ്ഥാനത്തിൽ അധ്യാപികയ്‌ക്കെതിരേ കേസെടുക്കണം. അഞ്ചു വർഷത്തെ കഠിന തടവും അഞ്ചു ലക്ഷം പിഴയും ചുമത്താവുന്ന കുറ്റമാണ് ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പിന്റെ ലംഘനം. യു.പിയിലെമ്പാടുമുള്ള സ്‌കൂളുകളിലെ അധ്യാപകരുടെ യോഗ്യതയും മനോനിലയും പരിശോധിക്കപ്പെടണം.
മതഭ്രാന്ത് പരത്തുന്നവർക്ക് അധ്യാപകരായിരിക്കാൻ യോഗ്യതയില്ല. വിദ്യാർഥികൾ ഏറെ സ്‌നേഹിച്ചിരുന്ന ഒരു അധ്യാപകൻ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയപ്പോൾ ജന്മദിനം ആഘോഷിക്കാൻ അനുമതി തേടി അദ്ദേഹത്തെ കുട്ടികൾ സമീപിച്ചു. എന്നാൽ, എന്റെ ജന്മദിനം ആഘോഷിക്കുകയല്ല, അന്നേ ദിവസം അധ്യാപകദിനം ആചരിച്ചാൽ അതായിരിക്കും തനിക്ക് നൽകുന്ന ഏറ്റവും വലിയ അംഗീകാരമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


രാജ്യത്തെ രണ്ടാമത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനായിരുന്നു അത്. അന്ന് മുതലാണ് സെപ്റ്റംബർ അഞ്ച് രാജ്യം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്. രാഷ്ട്രപതിയെന്ന പദവിയിലല്ല, രാഷ്ട്രപതിയാകും മുമ്പ് വഹിച്ചിരുന്ന അധ്യാപകനെന്ന പദവിയിലാണ് എക്കാലത്തും അദ്ദേഹം അഭിമാനം കൊണ്ടിരുന്നത്. അധ്യാപക പദവിയുടെ ഔന്നത്യത്തെക്കുറിച്ച് ഡോ. രാധാകൃഷ്ണന് ബോധ്യമുണ്ടായിരുന്നു. ഇനിയൊരു സെപ്റ്റംബർ അഞ്ചിലേക്ക് ഏതാനും ദിവസങ്ങളെയുള്ളൂ. തിരുത്തൽ നടപടികൾക്ക് വേഗത കൂട്ടാൻ സർക്കാർ തയാറാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago