HOME
DETAILS

വാദി പ്രതിയാവുന്ന മറിമായം

  
backup
July 20 2022 | 19:07 PM

561354-2022-july-21

ഡൽഹി നോട്സ്
കെ.എ സലിം

ഗുജറാത്ത് വംശഹത്യക്ക് കാരണമായ 2002 ഫെബ്രുവരി 27ലെ ഗോധ്ര ദുരന്തത്തെക്കുറിച്ചുള്ള ആദ്യ പൊലിസ് റിപ്പോർട്ടിൽ ട്രെയിനിലുണ്ടായിരുന്ന ക്രിമിനലുകളായ കർസേവകർ ഗോധ്ര പ്ലാറ്റ്‌ഫോമിൽനിന്ന് മുസ്‌ലിം പെൺകുട്ടിയെ ബലമായി വണ്ടിയിലെ എസ് 6 കോച്ചിലേക്ക് കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. അയോധ്യയിൽനിന്ന് ടിക്കറ്റ് പോലുമെടുക്കാതെ റിസർവേഷൻ കോച്ചുകളിൽ കയറിയവരായിരുന്നു കർസേവകർ. വഴിയിലുടനീളം ഇവർ പ്ലാറ്റ്‌ഫോമുകളിലെ കച്ചവടക്കാരിൽനിന്ന് ഭക്ഷണങ്ങളും മറ്റു വസ്തുക്കളും പിടിച്ചുപറിക്കുകയും പണം നൽകാതിരിക്കുകയും ചെയ്തു. ഗോധ്രയിലും ഇതാവർത്തിച്ചപ്പോൾ പ്ലാറ്റ്‌ഫോമിലെ മുസ്‌ലിം കച്ചവടക്കാർ ഇളകി. വാക്കേറ്റം കൈയേറ്റമായി. അടികിട്ടി കോച്ചിലേക്ക് തിരിച്ചോടുന്നവരാണ് പെൺകുട്ടിയെ വണ്ടിക്കുള്ളിലേക്ക് വലിച്ചുകയറ്റിയത്. എന്നാൽ കർസേവകർക്കൊപ്പമുണ്ടായിരുന്ന സ്ത്രീകൾ കോച്ചിന്റെ മറ്റൊരു ഭാഗത്തുകൂടി പെൺകുട്ടിയെ പുറത്തിറക്കി വിട്ടു. ഇതു പ്ലാറ്റ്‌ഫോമിൽ നിന്നവർ കണ്ടിരുന്നില്ല. പെൺകുട്ടിയെ തട്ടിയെടുത്തതോടെ കച്ചവടക്കാർ ഇളകി. കോച്ചിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചു. വാതിലടച്ചതോടെ കല്ലേറായി. 1,100 പേർക്ക് മാത്രം കയറാവുന്ന തീവണ്ടിയിൽ രണ്ടായിരത്തിലധികം യാത്രക്കാരുണ്ടായിരുന്നു.


വണ്ടി നീങ്ങിയെങ്കിലും ആരോ ചെയിൻ വലിച്ചു. വണ്ടി നിന്നത് തൊട്ടടുത്തുള്ള ഗാഞ്ചി മുസ്‌ലിം കൾ താമസിക്കുന്ന കോളനിക്ക് മുന്നിലാണ്. കോളനിയിൽ നിന്നുള്ള ആൾക്കൂട്ടം കല്ലെറിഞ്ഞു. എസ് 6 കോച്ച് മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്നാണ് പൊലിസ് റിപ്പോർട്ടിലുള്ളത്. കർസേവകർ പെൺകുട്ടിയെ തട്ടിയെടുത്ത് വണ്ടിയിൽ കയറ്റിയതു മുതൽ വണ്ടിക്കെതിരേ കോളനിയിൽ കല്ലേറ് നടന്നതുവരെ സത്യമാണ്. അതിനു വിശ്വസനീയമായ സാക്ഷികളുമുണ്ട്. എന്നാൽ കോളനിക്കാർ വണ്ടിക്കുള്ളിലേക്ക് മണ്ണെണ്ണയെറിഞ്ഞ് തീകൊളുത്തിയെന്ന വാദം അവിശ്വസനീയമായിരുന്നു. ഉയർന്ന സ്ഥലത്തായിരുന്നു വണ്ടി നിന്നത്. അവിടെ നിന്ന് അടച്ചിട്ട വണ്ടിയിൽ പുറത്തുനിന്ന് മണ്ണെണ്ണയെറിയൽ അസാധ്യമായിരുന്നു. മാത്രമല്ല, അതിനു സാക്ഷികളുമുണ്ടായിരുന്നില്ല. കോളനിക്കാർ മണ്ണെണ്ണയെറിയുന്നത് കണ്ടുവന്നതിന് പൊലിസ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരായ കള്ള സാക്ഷികളെയാണ് ഹാജരാക്കിയത്. ഗുജറാത്ത് വംശഹത്യയിലെ വാദി പ്രതിയാവുന്ന മറിമായം അവിടെയാണ് തുടങ്ങുന്നത്. അതാകട്ടെ വംശഹത്യയിലെ ഇരകൾക്ക് നീതി ലഭിക്കാൻ വേണ്ടി പ്രവർത്തിച്ച ടീസ്റ്റ സെതൽവാദ്, ആർ.ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരെ കള്ളക്കേസിൽ ജയിലടച്ചത് വരെ എത്തിനിൽക്കുന്നു.


ഗോധ്ര കേസിൽ അഹമ്മദാബാദ് ഫോറൻസിക് ലബോറട്ടറിയുടെ റിപ്പോർട്ട് പുറത്തുനിന്നുള്ള ആൾക്കൂട്ടം തീവണ്ടി കത്തിച്ചുവെന്ന സിദ്ധാന്തത്തെ തള്ളിക്കളയുന്നുണ്ട്. ഈ റിപ്പോർട്ടും കേസ് രേഖകളുടെ ഭാഗമാണ്. 60 ലിറ്റർ ഇന്ധനമെങ്കിലും കോച്ച് കത്തിക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നും ഇതു പുറത്തുനിന്ന് സാധ്യമാകില്ലെന്നും റിപ്പോർട്ട് പറയുന്നു. 72ാം നമ്പർ സീറ്റിനടുത്തുള്ള ആരോ ആയിരിക്കാം തീ കൊളുത്തിയത്. അവർ പുറത്തല്ല, അകത്താണുണ്ടായിരുന്നത്. ഏഴടി ഉയരത്തിലുള്ള തീവണ്ടിയിലേക്ക് ഇത്രയും ലിറ്റർ മണ്ണെണ്ണയോ മറ്റു കത്തുന്ന ദ്രാവകങ്ങളോ വലിച്ചെറിയാൻ സാധിക്കില്ല. ട്രാക്കിന് സമാന്തരമായി 14 അടി ദൂരത്തിൽ മൂന്നടി ഉയരമുള്ള കുന്നുണ്ട്. ഈ കുന്നിനു മുകളിൽനിന്ന് ഇന്ധനം എറിഞ്ഞാലും അകത്തെത്തുക 10-15 ശതമാനം ഇന്ധനം മാത്രമാണ്. ബാക്കിയുള്ള ഇന്ധനം പുറത്തേക്ക് വീഴുകയും പുറത്ത് ട്രാക്കിലും സമീപത്തും നിൽക്കുന്നവർക്ക് പൊള്ളലേൽക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ല. കോച്ചിന്റെ പുറത്തെ പെയിന്റിന് പോലും കാര്യമായ പ്രശ്‌നമില്ല. പുറത്തുനിന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയാൽ പുറംഭാഗമായിരിക്കും ആദ്യം കത്തുക. ഇവിടെ അങ്ങനെയുണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ മന്ത്രാലയം നിയോഗിച്ച ബാനർജി കമ്മിഷൻ റിപ്പോർട്ടിലും ഇക്കാര്യം പറയുന്നുണ്ട്. ബാനർജി കമ്മിഷന് മുന്നിൽ പൊലിസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഇതിലെ ഗൂഢാലോചനയെക്കുറിച്ച് സംശയം ഉന്നയിച്ച പ്രധാനിയായിരുന്നു അക്കാലത്ത് ഗുജറാത്ത് എ.ഡി.ജി.പിയായിരുന്ന ആർ.ബി ശ്രീകുമാർ.


ഒരു അന്വേഷണ ഏജൻസിയും ഗൂഢാലോചന കണ്ടെത്താൻ ശ്രമിച്ചില്ലെന്ന് മാത്രമല്ല, സീൻ റിക്രിയേറ്റ് ചെയ്യുക പോലും ചെയ്തില്ലെന്ന് ശ്രീകുമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ കൊല്ലപ്പെട്ട 59 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാതെ വിശ്വഹിന്ദു പരിഷത്തിന് നൽകിയതായിരുന്നു ഗൂഢാലോചനയുടെ രണ്ടാംഘട്ടം. ഇത്തരം സംഭവങ്ങളിൽ മൃതദേഹം ബന്ധുക്കൾക്ക് മാത്രമേ വിട്ടുനൽകാവൂ എന്നാണ് ചട്ടം. എന്നാൽ വിശ്വഹിന്ദു പരിഷത്ത് നേതാവിന് വിട്ടുനൽകുക മാത്രമല്ല മൃതദേഹങ്ങളുമായി അഹമ്മദാബാദ് നഗരത്തിലൂടെ വിലാപയാത്ര നടത്താൻ അനുവദിക്കുകയും ചെയ്തു. ആർ.ബി ശ്രീകുമാർ ഇതിനെ എതിർത്തെങ്കിലും ഫലമുണ്ടായില്ല. രോഷം വംശഹത്യയായി വളർന്നത് ഇതോടെയാണ്. 27ന് രാത്രി മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ ഹിന്ദുക്കൾ അവരുടെ രോഷം തീർക്കട്ടെയെന്നും അതിനായി പൊലിസിനെയും സർക്കാർ സംവിധാനങ്ങളെയും നിശ്ചലമാക്കാനും നിർദേശം നൽകിയത് മോദിയാണ്. യോഗത്തിലുണ്ടായിരുന്ന ഇന്റലിജൻസ് മേധാവി സഞ്ജീവ് ഭട്ടാണ് ഈ വിവരം പുറത്തുപറഞ്ഞത്. ഗുജറാത്ത് വംശഹത്യ അന്വേഷിച്ച നാനാവതി-മേത്ത കമ്മിഷൻ മുമ്പാകെ ഭട്ട് ഇക്കാര്യം മൊഴി നൽകുകയും ചെയ്തു. അന്ന് യോഗത്തിൽ പങ്കെടുത്ത ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയും കമ്മിഷൻ വിസ്തരിച്ചെങ്കിലും യോഗത്തിലെ തീരുമാനം ഓർമയില്ലെന്ന മറുപടിയാണ് അവരെല്ലാം നൽകിയത്. പിന്നീട് ഗുജറാത്ത് സർക്കാർ വിവിധ പദവികൾ നൽകി അവരോട് പ്രത്യുപകാരം ചെയ്യുകയും സഞ്ജീവ് ഭട്ട് ജയിലിലാകുകയും ചെയ്തു.


നാനാവതി-മേത്ത കമ്മിഷൻ മുമ്പാകെ ആർ.ബി ശ്രീകുമാറും നിരവധി സത്യവാങ്മൂലങ്ങൾ സമർപ്പിച്ചിരുന്നു. വംശഹത്യയിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ചുള്ള തെളിവുകൾ ഈ സത്യവാങ്മൂലത്തിലുണ്ടായിരുന്നു. വംശഹത്യ ആരംഭിച്ച ഫെബ്രുവരി അവസാനത്തിൽത്തന്നെ ഗുജറാത്തിലേക്ക് എത്തിയതാണ് ടീസ്റ്റ സെതൽവാദ്. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ വോളണ്ടിയർമാരെ നിയോഗിച്ച് വിവരങ്ങൾ ശേഖരിച്ചു. അഭയാർഥി ക്യാംപുകളിലായ ഇരകൾക്ക് ധൈര്യം പകർന്ന് പൊലിസ് കേസുകൾ രജിസ്റ്റർ ചെയ്യാൻ സഹായിച്ചു. തെളിവുകൾ ശേഖരിക്കുന്നതിനും മൊഴികൾ രേഖപ്പെടുത്തുന്നതിനും അന്വേഷണ സംഘങ്ങൾക്കൊപ്പം നിന്നു. അന്വേഷണ കമ്മിഷനുകൾക്ക് മുന്നിൽ മൊഴികൾ നൽകി. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 9 കേസുകളിൽ ആറിലും പ്രതികൾ ശിക്ഷിക്കപ്പെട്ടതിൽ ടീസ്റ്റ സെതൽവാദിന്റെ പങ്കാളിത്തമുണ്ട്. ഗുൽബർഗ് സൊസൈറ്റി, ബെസ്റ്റ് ബേക്കറി കേസുകൾ നിരവധി വെല്ലുവിളികൾ നേരിട്ടാണ് ടീസ്റ്റ നടത്തിയത്. ടെലിവിഷൻ ചാനലുകളിൽ ഇരകൾക്ക് വേണ്ടി സംസാരിച്ചു. സെമിനാറുകളിൽ പങ്കെടുത്തു. വംശഹത്യയിൽ എന്തു നടന്നെന്ന് പുറംലോകമറിയിച്ചു. വൈകാതെ ടീസ്റ്റയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം തുടങ്ങി. ബെസ്റ്റ് ബേക്കറി കേസിൽ വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണമുയർന്നു. തെളിവു നശിപ്പിച്ചുവെന്ന ആരോപണവുമുയർന്നു.രണ്ടും വസ്തുതയല്ലെന്ന് പിന്നീട് തെളിഞ്ഞു.


ഗുൽബർഗ് സൊസൈറ്റിയിൽ ഇരകൾക്കായി സ്മാരകം പണിയുന്നതിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ഗുജറാത്ത് പൊലിസ് കേസെടുത്തു. അന്വേഷണത്തിൽ കള്ളക്കേസാണെന്ന് തെളിഞ്ഞിരുന്നു. വിദേശത്ത് നിന്ന് പണം വാങ്ങിയെന്ന ആരോപണമുയർന്നു. അതും അടിസ്ഥാനമില്ലാത്തതാണെന്ന് തെളിഞ്ഞു.അവരുടെ സ്വന്തം അക്കൗണ്ടും അവരുടെ സംഘടനയായ സിറ്റീസൺ ഫോർ പീസ് ആന്റ് ജസ്റ്റിസിന്റെ അക്കൗണ്ടും ആറു വർഷം മരവിപ്പിച്ചു. ഇരകൾക്ക് ലഭിച്ച സഹായം തട്ടിയെടുത്തെന്ന പ്രചാരണമുണ്ടായി. എന്നിട്ടും അവർ കേസുകളിൽ നിന്ന് പിൻമാറിയില്ല. ഒടുവിൽ ഇരകളുടെ നീതിക്ക് വേണ്ടി 20 വർഷത്തിലധികം നിലകൊണ്ട സെതൽവാദിനെയാണ് ഗുജറാത്ത് സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഗുൽബർഗ് സൊസൈറ്റിയിൽ കൊല്ലപ്പെട്ട ഇഹ്‌സാൻ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നുമുള്ള കേസിൽ ജയിലിലടച്ചിരിക്കുന്നത്. വാദി പ്രതിയാകുന്ന ഇന്ത്യയിലെ മറിമായത്തിന്റെ അവസാനത്തെ കണ്ണിയാണ് ടീസ്റ്റ, ശ്രീകുമാർ, സഞ്ജീവ് ഭട്ട് കേസ്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ അതിനിയും തുടരുമെന്ന് കരുതണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago