വഖ്ഫ് നിയമനങ്ങൾക്ക് പി.എസ്.സി ഇല്ല
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • സമസ്ത കേരള ജംഇഅത്തുൽ ഉലമക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പു പാലിച്ചു. വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. നിയമസഭയിൽ പാസാക്കിയ ബില്ലിൽ നിയമ ഭേദഗതി കൊണ്ടുവരുമെന്നും വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾക്ക് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മതസംഘടനകളെ പിന്തുണച്ചാണ് മുഖ്യമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്.
മുസ്‌ലിം സംഘടനകളുമായി നടത്തിയ ചർച്ചക്കുശേഷം സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും യോഗത്തിൽ ഉരുത്തിരിഞ്ഞ പൊതു അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി നടത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്ന് വഖഫ് ചുമതല വഹിക്കുന്ന മന്ത്രി അബ്ദുറഹ്മാൻ കഴിഞ്ഞ നിയമസഭയിൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച നടത്തി. വൈകാതെ തീരുമാനമുണ്ടാകുമെന്നും സമസ്തയുടെ ആവശ്യം അനുഭാവപൂർവമായാണ് എടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയും വിശ്വാസവും ഉണ്ടെന്ന് ജിഫ്‌രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. ജിഫ്‌രി തങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ വാക്ക് പാലിക്കുന്നതായിരുന്നു ഇന്നലെ നിയമസഭയിലെ പ്രഖ്യാപനത്തിൽ പ്രകടമായത്.
വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെ വിമർശിക്കുകയും ചെയ്തു. 2016 ലാണ് വഖഫ് ബോർഡ് യോഗം, ഒഴിവ് വരുന്ന നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചത്. ഈ സഭയിൽ തന്നെ അതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തതാണ്. ബിൽ വിശദപരിശോധനക്ക് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടപ്പോഴോ നിയമസഭയിലെ ചർച്ചയിലോ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിൽ ലീഗ് എതിർപ്പറിയിച്ചിരുന്നില്ല. നിലവിൽ വഖഫ് ബോർഡിലുള്ള ജീവനക്കാർക്ക് ആ തൊഴിൽ നഷ്ടപ്പെട്ടുപോകുമെന്നായിരുന്നു അന്ന് ലീഗ് ഉന്നയിച്ച ഏക പ്രശ്‌നം. അവിടെ തുടരുന്ന താൽക്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തുമെന്ന ഉറപ്പ് അന്ന് നൽകി. അതിന് ശേഷമാണ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കിയത്. അത് കഴിഞ്ഞ് കുറച്ചുകാലം പിന്നിട്ട ശേഷമാണ് ഇതൊരു പ്രശ്‌നമായി ലീഗ് ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമനിർമാണത്തെ തുടർന്ന് മുസ്‌ലിം സമുദായ സംഘടനകൾ ചില ആശങ്കകൾ പ്രകടിപ്പിച്ചു. ഇതേ തുടർന്ന് മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. തുറന്ന സമീപനത്തോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ എന്ന് അന്നു തന്നെ വ്യക്തമാക്കിയതാണ്. പങ്കെടുത്ത എല്ലാ സംഘടനകളും സർക്കാർ നിലപാടിനോട് യോജിപ്പറിയിച്ചു. വഖഫ് ബോർഡിലേക്കുള്ള നിയമനം പി.എസ്.സിയിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു തുടർനടപടിയും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സർക്കാർ തത്വത്തിൽ അംഗീകരിക്കുകയായിരുന്നുവെന്നും മുഖ്യമ്രന്തി പറഞ്ഞു.
അതേസമയം, പകരം സംവിധാനം എന്തെന്ന് വ്യക്തമാക്കാത്തതിൽ ആശങ്ക വേണ്ടെന്നാണ് സർക്കാർ നിലപാട്. നിയമസഭയിൽ ബിൽ പാസാക്കിയെങ്കിലും ചട്ടം രൂപീകരിക്കുകയോ തുടർനടപടികളിലേക്ക് പോവുകയോ ചെയ്തിട്ടില്ല. നിയമസഭയിൽ പാസാക്കിയ ബിൽ ആയതിനാൽ നിയമസഭയിലേ പിൻവലിക്കാൻ കഴിയൂ. അതിനാൽ അടുത്ത നിയമസഭ സമ്മേളനത്തിലായിരിക്കും നിയമഭേദഗതി കൊണ്ടുവരിക. നിയമഭേഗഗതി കൊണ്ടുവരും മുമ്പ് മുസ്‌ലിം സമുദായ സംഘടനകളുമായി ചർച്ച നടത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."