ഒടുവില്‍ രാജ്കുമാറിന്റെ മക്കള്‍ക്ക് ചിതാഭസ്മം ലഭിക്കും: വഴിയൊരുക്കി കോഴിക്കോട്ടുകാരി താഹിറ
ദുബൈ:പ്രിയപ്പെട്ട പിതാവിന്റെ ചിതാഭസ്മം രണ്ടാണ്ടുകള്‍ക്കു ശേഷം ലഭിക്കുന്നതിലുള്ള ചാരിതാര്‍ഥ്യത്തിലാണ് രാജ്കുമാറിന്റെ മക്കള്‍. അതിന് അവസരമൊരുക്കുന്നത് കോഴിക്കോട്ടുകാരിയും.
യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് വര്‍ഷം മുമ്പ് മരിച്ച തമിഴ്‌നാട് സ്വദേശി രാജ്കുമാറിന്റെ ചിതാഭസ്മമാണ് മക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കാന്‍ പോവുന്നത്. 2020 മെയ് മാസമാണ് അല്‍ ഐനില്‍ കൊവിഡ് ബാധിച്ച് കന്യാകുമാരി സ്വദേശി രാജ് കുമാര്‍ മരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചില്ല. യു.എ.ഇയില്‍ തന്നെ സംസ്‌കരിച്ച ശേഷം ചിതാ ഭസ്മം അജ്മാനിലെ ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചു.
രാജ് കുമാറിന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ കൊവിഡ് ബാധിതയായ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചിരുന്നു. പിതാവിനെ അവസാനമായി ഒന്നു കാണാന്‍ പോലും ഭാഗ്യം ലഭിക്കാതിരുന്ന അദ്ദേഹത്തിന്റെ മക്കള്‍ ചിതാ ഭസ്മമെങ്കിലും ലഭിക്കണമെന്ന ആഗ്രഹത്തില്‍ കഴിയുകയായിരുന്നു.
കോട്ടയം സ്വദേശി സിജോ എന്ന പ്രവാസി ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് രാജ്കുമാറിന്റെ മക്കളുടെ ഈ ആഗ്രഹം അറിഞ്ഞു. അദ്ദേഹം രേഖകള്‍ നാട്ടില്‍ നിന്നും വരുത്തി ആശുപത്രിയില്‍ നിന്ന് ചിതാ ഭസ്മം ഏറ്റുവാങ്ങി സ്വന്തം താമസ സ്ഥലത്ത് സൂക്ഷിക്കുകയായിരുന്നു. രണ്ട് വര്‍ഷമായി ചിതാ ഭസ്മം സൂക്ഷിച്ചെങ്കിലും അത് നാട്ടിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇതിനിടെ കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമാവുകയും ചെയ്തു. നാട്ടിലേക്ക് പോകുന്നവരോടെല്ലാം ചിതാ ഭസ്മം കൊണ്ടുപോകാന്‍ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ചിതാ ഭസ്മം കൊണ്ടുപോകുന്നതിനും നിരവധി നടപടിക്രമങ്ങള്‍പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു.ചിതാഭസ്മം താമസ സ്ഥലത്ത് സൂക്ഷിച്ച സിജോ സുമനസുകളുടെ സഹായം തേടാന്‍ തീരുമാനിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രാജ്കുമാറിന്റെ മക്കളുടെ ആഗ്രഹം പുറത്തു വിട്ടു.
സിജോയുടെ അഭ്യര്‍ത്ഥന അല്‍ ഐന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റായ കോഴിക്കോടുകാരി താഹിറയുടെ ചെവിയിലുമെത്തി. ആവശ്യമായ നടപടിക്രമങ്ങള്‍ നടത്തി ഈദൗത്യം ഏറ്റെടുക്കാന്‍ അവര്‍ തയാറാവുകയായിരുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് എല്ലാം പൂര്‍ത്തീകരിച്ചതായി താഹിറ പറഞ്ഞു. നാട്ടിലേക്ക് പോയി ചിതാ ഭസ്മം രാജ് കുമാറിന്റെ ബന്ധുക്കളെ ഏല്‍പ്പിക്കാനാവുമെന്നാണ് താഹിറയുടെ പ്രതീക്ഷ. പിന്തുണയുമായി ഭര്‍ത്താവ് ഫസല്‍ റഹ്‌മാനും മക്കളും ഒപ്പമുണ്ട്.
സിജോയില്‍ നിന്ന് താഹിറ കഴിഞ്ഞ ദിവസം ചിതാഭസ്മമടങ്ങിയ പെട്ടി ഏറ്റുവാങ്ങി. അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പറക്കുന്ന താഹിറ കന്യാകുമാരിയിലെത്തി ചിതാഭസ്മം രാജിന്റെ മക്കള്‍ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."