'വെളിച്ചമില്ലാത്ത നാല് ദീപാവലികള്‍, നാല് ഇരുണ്ട പുതുവര്‍ഷങ്ങള്‍; ലോകത്തിന് ഇത് വെറും നാല് വര്‍ഷമാവാം ഞങ്ങള്‍ക്കിത് പോരാട്ടത്തിന്റെ 1462 ദിവസങ്ങളും 35,088 മണിക്കൂറുകളുമാണ്' ഉള്ളം നനക്കുന്ന കുറിപ്പുമായി ശ്വേത സഞ്ജീവ് ഭട്ട്
' വെളിച്ചമില്ലാത്ത നാല് ദീപാവലികള്‍, തീര്‍ത്തും ഇരുണ്ടു പോയ നാല് പുതുവര്‍ഷങ്ങള്‍, നീതി നിഷേധത്തിന്റെ ഒരാണ്ടു കൂടി കടന്നു പോയിരിക്കുന്നു എന്നോര്‍പ്പിക്കാന്‍ വേണ്ടി മാത്രം കടന്നു വന്ന 16 പിറന്നാളുകള്‍, അര്‍ത്ഥശൂന്യമെന്ന് പോലും തോന്നിപ്പിച്ച രണ്ട് ബിരുദങ്ങള്‍ അങ്ങിനെ സഞ്ജീവിന്റെ അസാന്നിധ്യം വല്ലാതെ നോവേറ്റിയ അനന്തമായ നിമിഷങ്ങള്‍...സഞ്ജീവിന്റെ തടവുകാലെ നാലാണ്ട് പിന്നിട്ടെന്ന് ആശങ്കപ്പെടുന്ന ലോകത്തിന് ഇത് വെറും നാലാണ്ട് മാത്രമാണ്. എന്നാല്‍ ഞങ്ങള്‍ക്കിത് 1462 ദിവസങ്ങളും 35,088 മണിക്കൂറുകളുമാണ്. ഈ ദുഷിച്ച ഭരണത്തിനെതിരായ പോരാട്ടത്തിന്റെ 1462 ദിവസങ്ങളും 35,088 മണിക്കൂറുകള്‍'
സഞ്ജീവ് ഭട്ടിന്റെ നാലു വര്‍ഷത്തെ തടവിന്റെ നോവോര്‍മയില്‍ ശ്വേത സഞ്ജീവ് ഭട്ട് ഫേസ്ബുക്കില്‍ കുറിക്കുന്നു. സ്വന്തം കുടുംബമോ കമ്യൂണിറ്റിയോ ഒന്നുമല്ലാത്ത, തനിക്കറിയുക പോലും ചെയ്യാത്ത ഒരു പറ്റം മനുഷ്യര്‍ ഫാസിസത്തിന്റെ കൊടുംക്രൂരതകള്‍ക്കിരയാകുന്നതു കണ്ട് അവര്‍ക്കുവേണ്ടി മര്‍ദ്ദകര്‍ക്കെതിരെ വിരല്‍ചൂണ്ടിയതുകൊണ്ടു മാത്രമാണ് സുഖസ്വാസ്ഥ്യങ്ങളില്‍ കഴിയേണ്ട ഈ മനുഷ്യന്‍ നാലാണ്ടുകളായി തടവറയില്‍ കഴിയുന്നത്.
'2018 സെപ്തംബര്‍ 5ന് ഒരിക്കല്‍ കൂടി എന്നെന്നേക്കുമായി അദ്ദേഹത്തെ നിശബ്ദനാക്കുക എന്ന ലക്ഷ്യത്തോടെ ഈ ഭരണകൂടം അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോയി. അന്നുമുതല്‍ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ തകര്‍ക്കാനും അദ്ദേഹത്തെ അപകീര്‍ത്തിപെടുത്താനും നിശബ്ദനാക്കാനും കിട്ടുന്ന ഒരവസരവും അവര്‍ ഉപേക്ഷിച്ചിട്ടില്ല' ശ്വേത കുറിക്കുന്നു. ഒരു തെളിവുമില്ലാതെ രാഷ്ട്രീയ പ്രേരിതമായ വിചാരണയിലൂടെ ശിക്ഷിക്കപ്പെടുകയായിരുന്നു സഞ്ജീവെന്നും ശ്വേത തന്റെ കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം പോലിസ് വാഹനത്തിന് പുറത്ത് ശ്വേതയെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
ശ്വേതയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ ഏകദേശ വിവര്‍ത്തനം വായിക്കാം
'ഇത് ശ്വേത സഞ്ജീവ് ഭട്ട്
2018 സെപ്തംബര്‍ 5ന് ഒരിക്കല്‍ കൂടി എന്നെന്നേക്കുമായി അദ്ദേഹത്തെ നിശബ്ദനാക്കുക എന്ന ലക്ഷ്യത്തോടെ ഈ ഭരണകൂടം അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോയി. അന്നുമുതല്‍ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ തകര്‍ക്കാനും അദ്ദേഹത്തെ അപകീര്‍ത്തിപെടുത്താനും നിശബ്ദനാക്കാനും കിട്ടുന്ന ഒരവസരവും അവര്‍ ഉപേക്ഷിച്ചില്ല
കള്ളക്കേസുകള്‍ ചുമത്തി തെറ്റായും പ്രതികാരപരമായും സഞ്ജീവ് തടവിലാക്കപ്പെട്ടിട്ട് ഇന്ന് നാലുവര്‍ഷം തികയുന്നു... തെളിവിന്റെ ഒരു കണിക പോലും ഇല്ലാതെ, തീര്‍ത്തും രാഷ്ട്രീയ പ്രേരിതമായ വിചാരണയിലൂടെയാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്.
ലോകത്തിന് ഇത് കേവലം നാലു വര്‍ഷമായിരിക്കാം.. പക്ഷേ, ഞങ്ങള്‍ക്ക് ഇത് ദുഷിച്ച ഭരണത്തിനെതിരായ രാവും പകലും നീണ്ട പോരാട്ടത്തിന്റെ 1462 ദിവസങ്ങളും 35,088 മണിക്കൂറുകളുമാണ്.
ഒരു കുടുംബമായി ഞങ്ങള്‍ ഒന്നിച്ചിട്ട് നാലു വര്‍ഷം പിന്നിട്ടിരിക്കുന്നു. വെളിച്ചമില്ലാത്ത നാല് ദീപാവലികള്‍, തീര്‍ത്തും ഇരുളിലായിപ്പോയ പുതുവര്‍ഷങ്ങള്‍, നീതി ലഭിക്കാത്ത മറ്റൊരു വര്‍ഷം കൂടി കടന്നു പോയതിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമായി വര്‍ത്തിച്ച 16 ജന്മദിനങ്ങള്‍, അര്‍ത്ഥശൂന്യമായി തോന്നിയ 2 ബിരുദങ്ങള്‍. ഇങ്ങനെ സഞ്ജീവ് ഞങ്ങളുടെ ജീവിതത്തില്‍ ഇല്ലെന്ന് ഓര്‍മിപ്പിച്ച അനന്തമായ നിമിഷങ്ങള്‍.
സഞ്ജീവ് പറയും പോലെ, 'ഇത് അവസാനത്തിലേക്കുള്ള പോരാട്ടമാണ്', നീതി ലഭിക്കും വരെ ഞങ്ങള്‍ പോരാടും.
ഇന്നേക്ക് 4 വര്‍ഷം തികയുന്നു... തകരാതെ, വളയാതെ, കുനിയാതെ കുനിഞ്ഞിരിക്കാതെയും... ആത്മാവിലും നിശ്ചയദാര്‍ഢ്യത്തിലും എന്നത്തേക്കാളും ശക്തനായി സഞ്ജീവ് നില്‍ക്കുമ്പോള്‍ ... ഈ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."