കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന കേരള ഗ്രാമങ്ങളുടെ പേര് മാറ്റരുത്
ബംഗളുരു: കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന കേരളത്തിലെ ഗ്രാമങ്ങളുടെ പേരുകള്‍ മലയാളത്തിലേക്ക് മാറ്റരുതെന്നഭ്യര്‍ത്ഥിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കത്ത്.
പല ഗ്രാമങ്ങളുടെയും പേരുകള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ചരിത്രപ്രാധാന്യമുള്ളതുമാണ്. മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ കന്നഡയും സംസാരിക്കുന്ന ഗ്രാമങ്ങളുടെ പേരുകള്‍ മികച്ച പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ്. ഇവയുടെ കന്നഡ, തുളു ഭാഷകളിലുള്ള പേരു മാറ്റുന്നത് പ്രദേശവാസികള്‍ക്കു വൈകാരിക പ്രയാസമുണ്ടാക്കും. പേരുമാറ്റം കന്നഡ, മലയാളം ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ക്കിടയിലെ ഐക്യം, സൗഹാര്‍ദം, സാഹോദര്യം എന്നിവയെ ബാധിക്കും.
പേരു മാറ്റുന്നതിനെതിരേ നിരവധി കന്നഡ സാംസ്‌കാരിക സംഘടനകളുടെ നിവേദനം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് പേരു മാറ്റാനുദ്ദേശമില്ലെങ്കിലും തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏകപക്ഷീയമായി എടുത്തതാകാം. പ്രദേശവാസികള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കാതെയാണിത്. ഗ്രാമങ്ങളുടെ പേരുമാറ്റം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തും. വളരെക്കാലമായി നിലവിലുള്ള കന്നഡ, തുളു സംസ്‌കാരത്തെ നശിപ്പിക്കും. ഈ സാഹചര്യത്തില്‍ പേരുമാറ്റം തടയണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. പേരു മാറ്റാന്‍ പോകുന്ന 11 ഗ്രാമങ്ങളുടെ പട്ടികയും കത്തിലുണ്ട്. പേരുമാറ്റം തടയണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയും പിണറായി വിജയന് കത്തെഴുതിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."