കെട്ടിട നിര്‍മാണം: പെര്‍മിറ്റിന് സ്വയംസാക്ഷ്യപ്പെടുത്തിയാല്‍ മതി
തിരുവനന്തപുരം: സംസ്ഥാനത്തെ കെട്ടിടനിര്‍മാണ പെര്‍മിറ്റിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് സര്‍ക്കാര്‍.
പെര്‍മിറ്റുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കും മറ്റുമായി സമയം കളയുന്നത് ഒഴിവാക്കി വേഗത്തില്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുംവിധമാണ് നടപടികള്‍ ലഘൂകരിച്ച് ഉത്തരവിറക്കിയത്.
എം പാനല്‍ഡ് ലൈസന്‍സികള്‍ മുഖേന തദ്ദേശ സ്ഥാപനത്തില്‍ അപേക്ഷ നല്‍കിയതിനു ശേഷം സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ഉടമയ്ക്ക് കെട്ടിട നിര്‍മാണം ആരംഭിക്കാനാകും. ലോ റിസ്‌ക്ക് വിഭാഗത്തിലുള്ള 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍,
100 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, 200 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, മതപരമായ കെട്ടിടങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചത്.
ഈ വിഭാഗത്തിലുള്ള കെട്ടിട നിര്‍മാണത്തിനായി ലൈസന്‍സികള്‍ നിശ്ചിത ഫോമില്‍ ഫീസ് അടച്ച് തദ്ദേശസ്ഥാപനത്തില്‍ പ്ലാനുകള്‍ ഉള്‍പ്പെടെ നല്‍കണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ പെര്‍മിറ്റ് ലഭിച്ചതായി കണക്കാക്കും.
അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ സെക്രട്ടറി ഈ നടപടി പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. തുടര്‍ന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിര്‍മാണ പെര്‍മിറ്റില്‍ അപേക്ഷകന്‍ രേഖപ്പെടുത്തിയ തീയതിയില്‍ തന്നെ നിര്‍മാണം ആരംഭിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."