'രാജ്പഥ്' ഇനി മുതല്‍ 'കര്‍ത്തവ്യ പഥ്'
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പ്രധാന പാതയായ രാജ്പഥ് ഇന്നുമുതല്‍ കര്‍ത്തവ്യ പഥ്. സെന്‍ട്രല്‍വിസ്ത പദ്ധതിക്ക് തുടക്കം കുറിച്ച്, ഇന്ത്യാ ഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന് വരെ നീളുന്ന നവീകരിച്ച കര്‍ത്തവ്യ പഥിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഇന്ത്യാഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി ചടങ്ങില്‍ അനാച്ഛാദനം ചെയ്തു.
കര്‍ത്തവ്യ പഥ് വെറും ഇഷ്ടികയും കല്ലും നിറഞ്ഞ പാതയല്ല. അത് ഇന്ത്യയുടെ ജനാധിപത്യ ഭൂതകാലത്തിന്റെയും ആദര്‍ശങ്ങളുടെയും പാതയാണ്. രാജ്യത്തെ ജനങ്ങള്‍ ഇവിടെ വരുമ്പോള്‍ നേതാജിയുടെ പ്രതിമയും ദേശീയ യുദ്ധസ്മാരകവും അവര്‍ക്ക് പ്രചോദനം നല്‍കും.- മോദി പറഞ്ഞു. രാജ്യത്തെ ഓരോ പൗരനേയും പുതുതായി നിര്‍മിച്ച കര്‍ത്തവ്യ പഥ് കാണാന്‍ ക്ഷണിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
ചടങ്ങിന് മുന്നോടിയായി തലസ്ഥാന നഗരത്തില്‍ വൈകീട്ട് ആറു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കര്‍ത്തവ്യ പഥ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത അവന്യൂ പുതുക്കിപ്പണിതത്. പൊതുജനങ്ങള്‍ക്കായി കാല്‍നടപ്പാത, ശുചിമുറികള്‍ അടക്കം കൂടുതല്‍ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതുവരെ രാജ്പഥ് എന്നറിയപ്പെട്ടിരുന്ന വീഥിയുടെ പുനര്‍നാമകരണത്തിന് കഴിഞ്ഞ ദിവസമാണ് ന്യൂഡല്‍ഹി കോര്പറേഷന് അംഗീകാരം നല്‍കിയത്.
രാജ്പഥ് എന്ന പേരിന് ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനമുള്ളതിനാലാണ് പേരുമാറ്റം. ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോര്‍ജ് അഞ്ചാമന് രാജാവിനോടുള്ള ബഹുമാന സൂചകമായാണ് രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്സ് വേ എന്ന് നേരത്തെ പേരിട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം അത് രാജ്പഥ് ആയി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."