എവിടെപ്പോകും മലബാറിലെ കുട്ടികള്‍?
ഈ വര്‍ഷവും മലബാറിനെ അലട്ടിയ പ്രധാന ചോദ്യമായിരുന്നു പ്ലസ് വണ്‍ പഠനത്തിനായി മലബാറിലെ കുട്ടികള്‍ എവിടെപ്പോകുമെന്ന് ? എല്ലാ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വന്നുകഴിഞ്ഞാല്‍ മലബാറിലെ കുട്ടികള്‍ക്ക് പ്ലസ് വണ്‍ സീറ്റിനായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. തനിയാവര്‍ത്തനം തന്നെയാണ് ഇത്തവണയും. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി സീറ്റില്ലാതായിരിക്കുന്നു. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ച കുട്ടികള്‍ വരുന്നില്ലെങ്കില്‍ ആ ഒഴിവിലേക്ക് മാത്രമേ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഒഴിവുണ്ടാകൂ. അതാകട്ടെ വളരെ കുറച്ചു സീറ്റുകള്‍ മാത്രമായിരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ 28,945 പേര്‍ സീറ്റ് കിട്ടാതെ പുറത്തുനില്‍ക്കുകയാണ്. മലപ്പുറത്ത് മാത്രം 10,440 കുട്ടികളാണ് ഫുള്‍ എ പ്ലസ് വാങ്ങിയിട്ടും പുറത്തുനില്‍ക്കുന്നത്. ഉന്നതപഠനത്തിന് അവര്‍ എവിടെപ്പോകും ? അതേസമയം കോട്ടയത്ത് 3144 സീറ്റുകളും പത്തനംതിട്ടയില്‍ 1524 സീറ്റുകളും എറണാകുളത്ത് 1175 സീറ്റുകളും കുട്ടികള്‍ ഇല്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ഒരു തവണയാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ ഒറ്റപ്പെട്ടസംഭവം എന്ന് പറഞ്ഞു സമാധാനിക്കാമായിരുന്നു.
എല്ലാ വര്‍ഷവും മലബാറിലെ കുട്ടികള്‍ മാത്രം പുറത്തുനില്‍ക്കേണ്ടി വരിക എന്നതിനെയും തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനെയും എന്ത് പേരിട്ടാണ് വിളിക്കേണ്ടത്.
ഇത്തരമൊരു സ്ഥിതിവിശേഷം കഴിഞ്ഞ വര്‍ഷം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ അടിയന്തരപ്രമേയത്തിലൂടെ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞ മറുപടി, സീറ്റുകള്‍ അനുവദിക്കുന്നത് ജില്ലാ അടിസ്ഥാനത്തിലല്ല സംസ്ഥാനാടിസ്ഥാനത്തിലാണെന്നായിരുന്നു. സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റുകള്‍ നിര്‍ണയിക്കുമ്പോള്‍ എല്ലാ വര്‍ഷവും മലബാറില്‍ മാത്രം സീറ്റുകള്‍ കുറഞ്ഞുപോകുന്നത് എങ്ങനെയാണ്? തെക്കന്‍ ജില്ലകളില്‍ കുട്ടികളില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് എന്തുകൊണ്ടാണ്? ഇത് വിശദമാക്കേണ്ട ബാധ്യത മന്ത്രി വി. ശിവന്‍കുട്ടിക്കുണ്ട്. മലബാറിലെ കുട്ടികള്‍ ജില്ല മാറി പഠിക്കാന്‍ തയാറവാത്തതുകൊണ്ടാണ് അവര്‍ക്ക് സീറ്റ് കിട്ടാതെ പോകുന്നതെന്ന വിചിത്രവും അപക്വവുമായ മറുപടിയും കഴിഞ്ഞവര്‍ഷം മന്ത്രിയില്‍ നിന്നുണ്ടായി. മലബാറിലെ കുട്ടികള്‍ക്ക് മാത്രമുള്ള വിധിയാണോ ജില്ല മാറി പഠിക്കുക എന്നത്? തെക്കന്‍ ജില്ലകളിലെ കുട്ടികള്‍ക്ക് ഇത് ബാധകമല്ലേ.
എസ്.എസ്.എല്‍.സി പരീക്ഷ എ പ്ലസോടെ പാസാകുന്ന മലബാറിലെ കുട്ടികളില്‍ പലരും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചാണ് മികച്ച വിജയം നേടുന്നത്. അവരില്‍ പലരും ദരിദ്രമായ ചുറ്റുപാടില്‍ നിന്ന് വരുന്നവരുമായിരിക്കും. കാസര്‍കോട്ടുള്ള അത്തരമൊരു വിദ്യാര്‍ഥിയോടാണ്, സീറ്റൊഴിവുള്ള പത്തനംതിട്ടയിലും കോട്ടയത്തും പോയി പഠിക്കാന്‍ മന്ത്രി ഉപദേശിക്കുന്നത്. ഇവര്‍ക്ക് താമസിച്ചു പഠിക്കാനുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കുമോ ? പോംവഴികള്‍ നിര്‍ദേശിക്കുമ്പോള്‍ യാഥാര്‍ഥ്യ ബോധത്തോടെയായിരിക്കണം.
ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞതിനുശേഷം തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ആയിരക്കണക്കിന് കുട്ടികളാണ് സീറ്റ് കിട്ടാതെ പുറത്തുനില്‍ക്കുന്നത്. പാലക്കാട് 4273, കോഴിക്കോട് 3633, തൃശൂര്‍ 2039, ആലപ്പുഴ 1638, കാസര്‍കോട് 1596, കണ്ണൂര്‍ 1522, കൊല്ലം 887, വയനാട് 583 എന്നിങ്ങനെയാണ് പ്രവേശനം കിട്ടാത്ത വിദ്യാര്‍ഥികളുടെ കണക്ക്. ഈ കുട്ടികളെയെല്ലാം അധിക സീറ്റ് നല്‍കി കുത്തിനിറയ്ക്കാനാണോ സര്‍ക്കാര്‍ ഉദേശിക്കുന്നത്. പ്ലസ് വണ്‍ ക്ലാസില്‍ 60 കുട്ടികളിലധികം പാടില്ലെന്നാണ് വ്യവസ്ഥ. 65ല്‍ കൂടുതല്‍ പാടില്ലെന്ന് കോടതി വിധിയുമുണ്ട്. അറുപത്തിയഞ്ച് തന്നെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പീഡനമാണ്. അധികം കുട്ടികളെ പ്ലസ് വണ്‍ ക്ലാസില്‍ കുത്തിനിറക്കുമ്പോള്‍ എങ്ങനെയാണ് കുട്ടികള്‍ക്ക് നേരാംവണ്ണം പഠിക്കാനാവുക. എങ്ങനെയാണ് അധ്യാപകര്‍ക്ക് എല്ലാ കുട്ടികളേയും ഒരേപോലെ പരിഗണിക്കാനാവുക.
ഇനി കാശുമുടക്കി പഠിക്കാമെന്ന് വച്ചാലും മലബാറിലെ കുട്ടികള്‍ക്ക് രക്ഷയില്ല. അണ്‍എയ്ഡഡ് ഉള്‍പ്പെടെ പ്ലസ് വണ്‍ സീറ്റുകളുടെ ആകെ എണ്ണം കഴിഞ്ഞ വര്‍ഷം 56,015 ആയിരുന്നു. അന്നും 19,539 കുട്ടികള്‍ പുറത്തുനില്‍ക്കേണ്ടി വന്നു. ഈ പ്രാവശ്യമാകട്ടെ 28, 945 പേരാണ് പുറത്തുനില്‍ക്കുന്നത്.
മലപ്പുറം ജില്ലയിലെ സ്‌കൂളുകളില്‍ അധികം പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ മൂന്നിയൂര്‍ എച്ച്.എസ്.എസ് സ്‌കൂള്‍ സുപ്രിം കോടതിയെ സമീപിക്കുകയുണ്ടായി. അധിക ബാച്ചുകള്‍ക്കുള്ള സാമ്പത്തിക ബാധ്യത വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കോടതി കഴിഞ്ഞമാസം അപേക്ഷ തള്ളുകയുണ്ടായി. എന്നാല്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ ആവശ്യകത പരിഗണിച്ച് കൂടുതല്‍ എയ്ഡഡ്, അണ്‍എയ്ഡഡ് പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് സമയബന്ധിതമായി തീരുമാനമെടുക്കണമെന്നും സുപ്രിം കോടതി വിധിന്യായത്തില്‍ അനുബന്ധമായി എടുത്തുപറഞ്ഞിരുന്നു. കോടതി പറഞ്ഞത് പ്രകാരം സമയബന്ധിതമായി സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. അതിനാലാണ് മലപ്പുറം ജില്ലയില്‍ മാത്രം 10,985 കുട്ടികള്‍ സീറ്റിനായി പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നിരിക്കുന്നത്.
പ്ലസ് വണ്‍ സീറ്റിന് അപേക്ഷിച്ചവര്‍ക്കെല്ലാം പഠനത്തിന് സൗകര്യമൊരുക്കുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി നല്‍കിയ ഉറപ്പ്. നിലവില്‍ അത്തരത്തിലുള്ള സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത വൃത്തങ്ങള്‍ കഴിഞ്ഞദിവസം നല്‍കിയ സൂചന. സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ക്ക് ശേഷവും സീറ്റ് ലഭിക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവരുടെ കാര്യത്തില്‍ സര്‍ക്കാരിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 73,350 പേരാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിച്ചത്. അതില്‍ 43863 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ബാക്കിവന്ന, അര്‍ഹരായ മലബാറിലടക്കമുള്ള വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിന് എവിടെപ്പോകണം. സര്‍ക്കാര്‍ വ്യക്തമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."