ഭൂരിപക്ഷം എന്തിനുമുള്ള ലൈസന്‍സല്ല
കെ.എന്‍.എ ഖാദര്‍
സാമൂഹ്യപരിവര്‍ത്തനം സാധ്യമാക്കുന്നതിന് ബലപ്രയോഗം അനുവദിക്കപ്പെട്ടിട്ടുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഇന്ത്യയിലെ കാര്യമല്ല, ലോകത്ത് എവിടേയും മുതലാളിത്തം തകര്‍ത്ത് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ആ ഉപാധി സ്വീകരിക്കുന്നവരാണ് കമ്യൂണിസ്റ്റാവേണ്ടത്. ഇന്നോളം മനുഷ്യവംശം ആവിഷ്‌കരിച്ചിട്ടുള്ള സകല സിദ്ധാന്തങ്ങളും ലോകത്തെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും താന്‍ സമൂഹത്തെ മാറ്റുന്നതിനുള്ള മാര്‍ഗമാണ് പ്രഖ്യാപിക്കുന്നതെന്നും മാര്‍ക്‌സ് പറഞ്ഞു. ചരിത്രത്തിന്റെ സൂതികര്‍മിണിയാണ് ബലപ്രയോഗമെന്ന് അദ്ദേഹം വ്യക്തമാക്കി. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം, ചരിത്രപരമായ ഭൗതിക വാദം, മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രം എന്നിവയാണ് മാര്‍ക്‌സിസ്റ്റുകളുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍. ഉത്പാദന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശമില്ലാതെ അധ്വാനശക്തി വിറ്റ് ജീവിക്കുന്നവനാണ് തൊഴിലാളി. ഈ നിര്‍വചനമാണ് തൊഴിലാളികള്‍ക്ക് മാര്‍ക്‌സ് നല്‍കിയത്. ഈ വിവരമൊന്നും കേരളത്തിലെ സഖാക്കള്‍ അറിഞ്ഞതായി തോന്നുന്നില്ല. അഥവാ അറിഞ്ഞെന്നു വരികിലും അവയെല്ലാം എന്നേ ഉപേക്ഷിക്കപ്പെട്ടു. വിമര്‍ശനവും സ്വയം വിമര്‍ശനവും വഴി പാര്‍ട്ടിയെ ശുദ്ധീകരിക്കുന്ന പ്രക്രിയ മുടങ്ങി.
ലോകത്ത് ഒരിടത്തും തൊഴിലാളി വര്‍ഗം തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തില്‍ വന്നിട്ടില്ല. ആ മാര്‍ഗം ആദ്യമായി പ്രയോഗിച്ചത് കേരളമെന്ന രാജ്യത്തല്ല, സംസ്ഥാനത്താണ്. അന്നൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാര്‍ക്‌സിസത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് പാര്‍ട്ടിയെ നയിക്കുന്നതും അതിന്റെ ഉള്ളടക്കവും സൈദ്ധാന്തിക തലത്തില്‍ മാര്‍ക്‌സോ ലെനിനോ മാവോയോ വിഭാവനം ചെയ്ത കാര്യങ്ങളല്ല. ഇത്തിരി സ്റ്റാലിനിസവും ഇത്തിരി ഗുണ്ടായിസവും ഇത്തിരി അവനവനിസവും ചേര്‍ന്ന ഒരു കൂട്ടാണ്. അതുകൊണ്ടാണ് ഘടാഘടിയന്മാരായ ഇവര്‍ നാടു ഭരിക്കുന്നത്. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം തന്നെ ഇന്ന് പ്രവര്‍ത്തനക്ഷമമല്ലെന്ന് പാര്‍ട്ടി നേതാക്കള്‍ കണ്ടെത്തുകയും ചെയ്തതാണ്. പാര്‍ട്ടി വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന സര്‍വ ഇടങ്ങളിലും അവയെല്ലാം നഷ്ടമായി. ജനങ്ങളുടെ പ്രതീക്ഷകള്‍ തീര്‍ത്തും അസ്ഥാനത്തായപ്പോള്‍ അവര്‍ ആ പാര്‍ട്ടിയെ തൂത്തെറിഞ്ഞു. ജനാധിപത്യമാര്‍ഗത്തിലേക്ക് പോയി. ശക്തമായി നിലനില്‍ക്കുകയും വളരുകയും ചെയ്തുകൊണ്ടിരിക്കുന്ന മുതലാളിത്തവും സാമ്രാജ്യത്വവും നവ ലിബറല്‍ നയങ്ങളും സ്വീകരിക്കുന്ന രാഷ്ട്രങ്ങളായി പഴയ കമ്യൂണിസ്റ്റ് നാടുകള്‍ മാറി. അത്തരം സാമ്പത്തിക, സാമൂഹ്യ നിലപാടുകളുടെ ഗുണദോഷങ്ങള്‍ അവര്‍ സഹിച്ചു പോരുന്നു. കമ്യൂണിസ്റ്റ് ചൈനയും ക്യൂബയും വിയറ്റ്‌നാമുമൊക്കെ പാര്‍ട്ടിയുടെ ഭരണം നഷ്ടപ്പെടാതെ നോക്കുന്നതിനുവേണ്ടി ചെങ്കൊടിയുടെ തണലില്‍ തന്നെ മുതലാളിത്ത, കോര്‍പറേറ്റ് നയങ്ങള്‍ നടപ്പിലാക്കി ജനങ്ങളെ തൃപ്തരാക്കാന്‍ ശ്രമിച്ചു വരുന്നു. ജനാധിപത്യവും തെരഞ്ഞെടുപ്പും പൗര സ്വാതന്ത്ര്യവും അനുവദിക്കപ്പെടാതെ തന്നെ എപ്രകാരം മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ പിന്തുടരാമെന്ന് ലോകത്തെ പഠിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഈ എക്‌സ് കമ്യൂണിസ്റ്റ് രാജ്യങ്ങള്‍. ഉത്തര കൊറിയ ശക്തമായി ഏകാധിപത്യ നയം പിന്തുടരുന്ന അവശിഷ്ട കമ്യൂണിസ്റ്റ് രാജ്യമാണ്. ഇവിടങ്ങളില്‍ എവിടെയും തെരഞ്ഞെടുപ്പോ പൗര സ്വാതന്ത്ര്യമോ ജനാധിപത്യമോ പ്രതിപക്ഷമോ കമ്യൂണിസ്റ്റ് പാര്‍ട്ടികളല്ലാത്ത മറ്റു രാഷ്ട്രീയ കക്ഷികളോ നിലവില്‍ ഇല്ല. ഇല്ലാത്തതല്ല, അനുവദിക്കപ്പെടുകയില്ല. അതുകൊണ്ട് ഇപ്പോഴും സ്റ്റാലിന്റെയും മാവോയുടെയും തനി പ്രതിഛായയില്‍ അവര്‍ ഭരണം തുടരുന്നു.
ഇന്ത്യയില്‍ അനേക സംസ്ഥാനങ്ങളില്‍ ചെറിയ തോതിലെങ്കിലും പ്രവര്‍ത്തിച്ചിരുന്നവരും മൂന്നു സംസ്ഥാനങ്ങളില്‍ ഭരിച്ചിരുന്നവരുമായ കമ്യൂണിസ്റ്റ് കക്ഷി ഇനി അവശേഷിക്കുന്ന ഭരണവുമായി കേരളത്തിലും പേരിന് ചെറിയൊരു പാര്‍ട്ടി മാത്രമായി ഏതാനും സംസ്ഥാനങ്ങളിലും തുടരുന്നു. റഷ്യയിലും ചൈനയിലും നടന്നതുപോലെയുള്ളതുമായ വിപ്ലവ മാര്‍ഗങ്ങള്‍ ഇവിടെ അസാധ്യമായിരുന്നുവെന്ന് കാലം തെളിയിച്ചു. അധികാരത്തില്‍ വന്നാലും തൊഴിലാളികളുടെയോ ജനങ്ങളുടെയോ മെച്ചപ്പെട്ട ജീവിതം കൈവരിക്കുക സാധ്യമല്ലെന്നും മനസിലായി. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ സി.പി.എമ്മിനു മുന്നില്‍ ഒരു മാതൃകയില്ല. മാര്‍ക്‌സിയന്‍ വിപ്ലവ സിദ്ധാന്തങ്ങളെ ഗുണ്ടായിസവും കുറ്റകൃത്യങ്ങളും കൊണ്ട് പകരംവച്ചു. തൊഴിലാളി വര്‍ഗത്തിന്റെ മുന്‍നിര പടയാളിയാകേണ്ട പാര്‍ട്ടി കിട്ടാവുന്ന സകല മാലിന്യങ്ങള്‍ക്കും അഭയകേന്ദ്രമായി. അഴിമതിയും സ്വജനപക്ഷപാതവും നിത്യസംഭവമായി. യഥാര്‍ഥത്തില്‍ ഇവിടെ ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്നവരും ഇരുട്ടില്‍ തപ്പുകയാണ്. മുഖ്യമന്ത്രി ചെയ്യുന്നതെന്തും ശരി, പാര്‍ട്ടിയുടെ പേരില്‍ കുറ്റവാളികളും ക്വട്ടേഷന്‍ സംഘങ്ങളും നടത്തുന്നതെല്ലാം ശരി, ആരെന്തു കുറ്റം ചെയ്താലും പാര്‍ട്ടി ന്യായീകരിച്ചു കൊള്ളും. എല്ലാ കുറ്റവാളികളുടെയും അഴിമതിക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും ഒളിസങ്കേതവും അഭയസ്ഥാനവുമായി പാര്‍ട്ടി മാറിക്കഴിഞ്ഞു. അല്ലെന്നു വരുത്താന്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ച് തൃപ്തിപ്പെടുന്നു. തക്ക സമയത്ത് പാര്‍ട്ടിയെ ശുദ്ധീകരിക്കുന്നതിലും നേര്‍വഴിക്ക് നയിക്കുന്നതിലും സംഭവിച്ച ഗുരുതരമായ പാളിച്ചകളും വീഴ്ചകളും ആ പാര്‍ട്ടിയെ തന്നെ നശിപ്പിച്ച നാനാവിധമാക്കി. സദുദ്ദേശ്യത്തോടെ പാര്‍ട്ടിയില്‍ ചേര്‍ന്നവരും സത്യസന്ധരുമായ സകല സഖാക്കളും പിന്തള്ളപ്പെട്ടു. അവര്‍ സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചും പാര്‍ട്ടിയെ ബാധിച്ചിട്ടുള്ള വൈറസ് ബാധയേല്‍ക്കാതെ കഴിയാന്‍ പാടുപെടുകയാണ്. ഒരിക്കലും ഒരു തെറ്റും ഏറ്റുപറയാത്ത ഒന്നും തിരുത്താന്‍ തയാറില്ലാത്ത സകലതിനെയും ന്യായീകരിച്ചുകൊണ്ടേയിരിക്കുന്ന ആളുകള്‍ നയിക്കുന്ന ഭരണം എവിടെ ചെന്ന് അവസാനിക്കും.
തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടി ക്രിമിനല്‍ സംഘങ്ങളുടെ കൈയിലായിക്കഴിഞ്ഞു. ആ മുഖ്യധാരയില്‍ നേതൃത്വം അലിഞ്ഞു ചേര്‍ന്നു. ചിലരെങ്കിലും വിശ്വസിക്കുന്നതുപോലെ ദേശീയതലത്തിലും നമ്മുടെ ജീര്‍ണിതമായ സമൂഹത്തിലും ഒരു തിരുത്തല്‍ ശക്തിയാവാന്‍ കഴിയേണ്ടുന്ന കക്ഷികളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ദേശീയതലത്തിലും സംസ്ഥാനങ്ങളിലും ആ കടമ നിറവേറ്റാന്‍ ഇതര ജനാധിപത്യ മതേതര കക്ഷികളോട് ചേര്‍ന്നുനിന്ന് ശ്രമിക്കുന്നതിനു പകരം കേരളമെന്ന ഒരു കൊച്ചു സംസ്ഥാനത്തിലെ ഭരണം കൈയിലിരിക്കുന്നതുകൊണ്ട് ഇനി എന്തുമാകാമെന്ന് ആരോ ഇവരെ ധരിപ്പിച്ചിരിക്കുന്നു.
എത്രയെത്ര അഴിമതി ആരോപണങ്ങളാണ് ഒന്നാം പിണറായി സര്‍ക്കാരിനെതിരേ ഉയര്‍ന്നു വന്നത്. ഒന്നു പോലും തെറ്റായിരുന്നുവെന്ന് തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ വരവോടെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് ധരിച്ചവര്‍ക്ക് തെറ്റി. തുടര്‍ഭരണത്തോടൊപ്പം അഴിമതിയും അക്രമങ്ങളും സ്വജനപക്ഷപാതവും കൂടുതല്‍ ശക്തമായി തുടരുകയാണ്. സ്വര്‍ണക്കടത്തും വനംകൊള്ളയും രണ്ട് സര്‍ക്കാരിലും വേരാഴ്ത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ഭരണകാലത്തും പ്രതിപക്ഷം ചൂണ്ടിക്കാണിച്ച ഒരഴിമതിയുടെ കാര്യത്തില്‍ പോലും വ്യക്തത വരുത്താനോ അങ്ങനെയൊന്നുമുണ്ടായിട്ടില്ല എന്നു ജനങ്ങളെ ബോധ്യപ്പെടുത്താനോ ഇവര്‍ക്ക് സാധിച്ചിട്ടില്ല.
തങ്ങളെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് അത്തരം അഴിമതികള്‍ ജനങ്ങള്‍ വിശ്വസിക്കാത്തത് കൊണ്ടാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. അഥവാ ജനം തങ്ങള്‍ക്ക് അനുകൂലമായി വീണ്ടും വോട്ട് ചെയ്തും കൂടുതല്‍ സീറ്റ് തന്നും നല്‍കിയ അംഗീകാരത്തിന്റെ തണലില്‍ ഇനിയെന്തുമാവാം എന്നു കരുതിയോ ആവോ? ജനം ചില ഘട്ടങ്ങളില്‍ ആര്‍ക്കും വോട്ട് ചെയ്‌തേക്കാം. പല കാരണങ്ങള്‍ കൊണ്ടാണ് ഏത് പാര്‍ട്ടിയും ജയിക്കുന്നതും തോല്‍ക്കുന്നതും. ജനപിന്തുണയും ഭൂരിപക്ഷവും സത്യത്തിന്റെ അളവുകോലല്ല. നന്മയും തിന്മയും വേര്‍തിരിക്കുന്നത് തെരഞ്ഞെടുപ്പുമല്ല, അത് വേറെ വരും. തുടര്‍ഭരണം നേടാന്‍ നരേന്ദ്ര മോദി സര്‍ക്കാരിനും കഴിഞ്ഞല്ലോ. നല്ല ഭൂരിപക്ഷത്തോടു കൂടി കേന്ദ്രത്തില്‍ തുടര്‍ച്ചയായി അധികാരത്തില്‍ വരാന്‍ മോദിക്ക് കഴിഞ്ഞതും അവരുടെ ഭരണമികവ് കൊണ്ടാണെന്ന് ഇടതുപക്ഷം കരുതുന്നുണ്ടോ? അടുത്ത തെരഞ്ഞെടുപ്പിലും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഇടതുപക്ഷം അവരെ പിന്തുണയ്ക്കുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."