HOME
DETAILS
MAL
കടയ്ക്കാവൂര്‍ പോക്‌സോ കേസ് പൊലിസിനെതിരേ മാതാവ് രംഗത്ത്
backup
July 01 2021 | 22:07 PM
തിരുവനന്തപുരം: വിവാദമായ കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പൊലിസ് റിപ്പോര്‍ട്ടിനെതിരേ ആരോപണ വിധേയായ മാതാവ് രംഗത്ത്. കേസില്‍ താന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതില്‍ തൃപ്തിയുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ മകനെ കുറ്റക്കാരനാക്കി ചിത്രീകരിച്ചിരിക്കുകയാണെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. കള്ളക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലിസിനെതിരേ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിലവില്‍ മകന്റെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് പൊലിസ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കുട്ടിയുടെ മൊഴി മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഭര്‍ത്താവ് മകനെകൊണ്ട് നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഭര്‍ത്താവിനും അവരുടെയൊപ്പം താമസിക്കുന്ന സ്ത്രീക്കും ഈ കേസില്‍ പങ്കുണ്ട്. അതൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അതിനാല്‍ ഈ കള്ളക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പുറത്തുകൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും മാതാവ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂര്‍ പൊലിസ് തയാറാക്കിയ എഫ്.ഐ.ആര്‍ വ്യാജമാണെന്നും ഇവര്‍ ആരോപിച്ചു. എഫ്.ഐ.ആറില്‍ ആദ്യം ഇന്‍ഫോര്‍മറായി ചേര്‍ത്തിരുന്നത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉദ്യോഗസ്ഥയെയാണ്. എന്നാല്‍ പിന്നീട് പൊലിസ് പറഞ്ഞത് കുട്ടി തന്നെ കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയെന്നാണ്. അതിനാല്‍ പൊലിസ് തയാറാക്കിയ എഫ്.ഐ.ആര്‍. വ്യാജമാണ്. ഈ കേസിന്റെ പേരില്‍ കടയ്ക്കാവൂര്‍ പൊലിസ് മാനസികമായി ഒരുപാട് പീഡിപ്പിച്ചെന്നും മൂന്നാമത്തെ കുട്ടിയെ ഭര്‍ത്താവിന് വിട്ടുകൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്.ഐ. പറഞ്ഞതായും ഇവര്‍ ആരോപിച്ചു.
തന്റെ കൂടെനില്‍ക്കുന്ന മൂന്നാമത്തെ കുട്ടിയെ സ്വന്തമാക്കാന്‍ ഭര്‍ത്താവ് പലകാര്യങ്ങളും ചെയ്തിരുന്നതായും ഇവര്‍ വെളിപ്പെടുത്തി. തന്നെ കേസില്‍പ്പെടുത്തി ജയിലിലാക്കുമെന്ന് ഭര്‍ത്താവ് പലരോടും പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും വലിയ കേസുണ്ടാകുമെന്ന് വിചാരിച്ചില്ലെന്നും പറഞ്ഞിട്ടുണ്ട്. കേസിലെ യഥാര്‍ഥ കുറ്റക്കാരെ പുറത്തുകൊണ്ടുവരണം. പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ജീവിതത്തില്‍ ഒരുപാട് വിഷമങ്ങളുണ്ടായി. പ്രായമേറിയ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. നേരത്തെ ചെറിയ ഒരു ജോലിയുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല. വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും മാതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."