കൊവിഡ് മരണം: പട്ടികയില്‍ പൊളിച്ചെഴുത്ത് അനിവാര്യം
കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി പറഞ്ഞത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പിച്ചത്. കേസിന്റെ തുടക്കം മുതല്‍ നഷ്ടപരിഹാരം നല്‍കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകനയമായിരുന്നു സ്വീകരിച്ചിരുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ കൊവിഡ് ബാധിച്ചു മരിച്ചതിനാല്‍ അവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം താങ്ങാന്‍ കഴിയാത്ത ബാധ്യതയായിരിക്കുമെന്നു പറഞ്ഞായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പ്രതിരോധം തീര്‍ത്തിരുന്നത്. കൊവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ ദുരന്തനിവാരണ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരം മഹാമാരി ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് ബാധ്യതയുണ്ടെന്നു പറഞ്ഞായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. സാമ്പത്തിക ബാധ്യത പറഞ്ഞ് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ജസ്റ്റിസ് എം.ആര്‍ ഷാ പറഞ്ഞതും കേന്ദ്ര സര്‍ക്കാരിനുള്ള തിരിച്ചടിയാണ്. വിധിവന്ന പശ്ചാത്തലത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം നീതിയോടെ വിതരണം ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം.
നാലുലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. തുക സര്‍ക്കാരിന് നിശ്ചയിക്കാമെന്ന വിധി സര്‍ക്കാരിന് ആശ്വാസം നല്‍കുമെങ്കിലും കൊവിഡ് മൂലം രാജ്യത്തു മരിച്ച നാലു ലക്ഷം പേരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.
കൊവിഡിന്റെ ആരംഭത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ തികഞ്ഞ ഉദാസീനത കാണിച്ച സര്‍ക്കാരിന് കിട്ടിയ ശിക്ഷയായും ഇതിനെ വിലയിരുത്താവുന്നതാണ്. പാത്രം കൊട്ടിയും ചാണക ചികിത്സ നടത്തിയും കൊവിഡിനെ അകറ്റാമെന്ന പ്രചാരണം നടത്തി ജനങ്ങളെ വഞ്ചിക്കാതെ, വാക്‌സിന്‍ കയറ്റി അയക്കാതെ, യഥാസമയം ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ ആശ്രിതര്‍ക്ക് കോടികള്‍ വരുന്ന നഷ്ടപരിഹാരം കൊടുക്കേണ്ടിവരുമായിരുന്നില്ല.
നാലു ലക്ഷം പേരാണ് ഔദ്യോഗിക കണക്കെങ്കിലും പല കൊവിഡ് മരണങ്ങളും രേഖപ്പെടുത്താതെ പോയിട്ടുണ്ട്. അവര്‍ നിയമനടപടിയുമായി കോടതിയെ സമീപിച്ചാല്‍ അവര്‍ക്കുകൂടി നഷ്ടപരിഹാരത്തുക നല്‍കേണ്ടി വരും. നഷ്ടപരിഹാരത്തുക നല്‍കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ ചുമലില്‍വച്ചു കൊടുത്താല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം അത് കനത്ത ബാധ്യത തന്നെയായിരിക്കും. ബിഹാര്‍ ഇപ്പോള്‍ തന്നെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. മധ്യപ്രദേശ് സര്‍ക്കാര്‍ ഒരു ലക്ഷവും നല്‍കിവരുന്നു. ഈ മാതൃക മുന്‍പിലുള്ളപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടിവച്ച് കൈയൊഴിയാനാണ് സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാതെ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാര്‍ മൂക്കറ്റം കടത്തില്‍ മുങ്ങിക്കിടക്കുമ്പോഴാണ് കൊവിഡ് മരണ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയും വരുന്നത്. ഇതിനെ തരണം ചെയ്യാന്‍ കൊവിഡ് മരണം കുറച്ചു കാണിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ല. കൊവിഡ് അനുബന്ധ രോഗത്താല്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളും നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് കോടതി വിധിച്ചിരിക്കുന്നതിനാല്‍ കൊവിഡ് കാരണത്താല്‍ മരിച്ചവര്‍ക്കുമാത്രം നഷ്ടപരിഹാരമെന്ന് തീരുമാനിക്കാനും സര്‍ക്കാരിനു കഴിയില്ല.
കൊവിഡ് നെഗറ്റീവായതിനുശേഷം ബ്ലാക്ക് ഫംഗസ് ബാധിച്ചും ആളുകള്‍ മരിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ ചികിത്സാ രേഖകളുമായി കോടതിയെ സമീപിച്ചു അനുകൂലമായ വിധി സമ്പാദിച്ചാല്‍ അവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടി വരും.
കേരളത്തില്‍ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചവര്‍ ഇരുപത്തി അയ്യായിരത്തിലധികം വരുമെന്നാണ് അനുമാനിക്കുന്നത്. 13,359 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കണക്കില്‍പെടാതെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നിരിക്കെ, മരണസംഖ്യ കുറച്ചു കാണിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണം. കൊവിഡ് മരണക്കണക്ക് പുറത്തു വിടുന്നതില്‍ പൊരുത്തക്കേടുണ്ടെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പിനെതിരേയുള്ള ആരോപണമാണ്. ജില്ലകളില്‍നിന്നു നല്‍കുന്ന മരണക്കണക്കില്‍ സംസ്ഥാന തലത്തില്‍ തിരുത്തലുകള്‍ വരുത്തുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നുവന്നതാണ്. കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയില്‍ കേരളത്തില്‍ പ്രതിദിനം നാനൂറിലധികം മരണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഔദ്യോഗിക രേഖകളില്‍ ഇതിന്റെ പകുതി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇതിനെതിരേ പ്രതിപക്ഷം അടക്കമുള്ളവരില്‍നിന്നും കനത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കൊവിഡ് മരണം നിര്‍ണയിക്കുന്നത് സംസ്ഥാന ഓഡിറ്റ് കമ്മിറ്റിയില്‍നിന്നും ജില്ലാതല ഓഡിറ്റ് കമ്മിറ്റികളിലേക്കു മാറ്റിയത്. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ മരണകാരണം നിര്‍ണയിച്ചു രേഖ നല്‍കണമെന്ന് ഒരുവിഭാഗം വിദഗ്ധരും ആവശ്യപ്പെട്ടതാണ്. ഈയൊരവസരത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെയും കൊവിഡ് അനുബന്ധ രോഗത്താല്‍ മരിച്ചവരുടെയും യഥാര്‍ഥ കണക്ക് പ്രസിദ്ധീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാക്കിയിരിക്കുകയാണ് സുപ്രിംകോടതി വിധി.
സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക ആലംബം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വലിയൊരാശ്വാസമായിരിക്കും. ഈ വിഷയത്തിലെല്ലാം പുനഃപരിശോധന നടത്തി മരണപ്പെട്ടവരുടെ അര്‍ഹരായ ആശ്രിതര്‍ക്കെല്ലാം നഷ്ടപരിഹാരം ലഭ്യമാക്കണം. കൊവിഡ് കാലത്ത് കിറ്റു നല്‍കി ജനങ്ങളെ ചേര്‍ത്തുപിടിച്ചു എന്നഭിമാനിക്കുന്ന സര്‍ക്കാര്‍ കൊവിഡിനാല്‍ മരണപ്പെട്ടവരുടെ ആശ്രിതരെയും ചേര്‍ത്തുപിടിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."