പഞ്ചാബിലെഹര്‍ ചിതറിപ്പോയവരുടെ സാന്ത്വനനിലാവ്
ഇന്ത്യാവിഭജനം വലിയൊരു മുറിവായി ഇപ്പോഴും രാഷ്ട്രത്തിന്റെ ആത്മാവില്‍ അവശേഷിക്കുന്നു. രാജ്യത്തെ കീറിമുറിച്ചുകൊണ്ട് 1947ല്‍ ബ്രിട്ടീഷുകാര്‍ സ്ഥലം വിട്ടപ്പോള്‍ അതുവരെ സഹോദരങ്ങളെപോലെ കഴിഞ്ഞിരുന്ന വിവിധ സമുദായങ്ങള്‍ ബദ്ധശത്രുക്കളായി. വര്‍ഗീയകലാപങ്ങളും കൂട്ടരോദനങ്ങളും ഈ മഹാരാജ്യത്തിന്റെ മുഖമുദ്രയായി. കല്‍ക്കത്തയില്‍ തുടങ്ങിയ കലാപം അതിവേഗം ബിഹാറിലേക്കും ഇതരഭാഗങ്ങളിലേക്കും പടര്‍ന്നു. ലഹള ആക്രന്തനമായി. ഇന്ത്യയുടെ നിര്‍മ്മലമായ ഹൃദയത്തില്‍ ചുടുചോര തളംകെട്ടി. വിഭജനം തീര്‍ത്ത നരകത്തീയില്‍ അഞ്ചു ലക്ഷത്തിനും പത്തുലക്ഷത്തിനുമിടയില്‍ മനുഷ്യരുടെ ജീവന്‍ ഹോമിക്കപ്പെട്ടു. പന്ത്രണ്ട് ദശലക്ഷം പേര്‍ അഭയാര്‍ഥികളായി. കൊള്ളയും കൊലയും ബലല്‍സംഗവും നിത്യസംഭവങ്ങളായി തീര്‍ന്ന അസുരകാലമായിരുന്നു അത്.
വിഭജനത്തിന്റെ ഫലമായി പാകിസ്താന്‍ എന്ന പുതിയ രാഷ്ട്രം പിറവിയെടുത്തപ്പോള്‍ അനേകം കുടുംബങ്ങളാണ് ശിഥിലീകൃതമായത്. ഭാര്യക്ക് ഭര്‍ത്താവും സഹോദരന് സഹോദരിയും ചേട്ടന് അനിയനും നഷ്ടമായി. കുറ്റമൊന്നും ചെയ്യാതെ ഇരുരാജ്യങ്ങളിലുമായി അവര്‍ ചിതറിപ്പോയി. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്കും അവിടെനിന്ന് തിരിച്ചും വരുന്ന തീവണ്ടികള്‍ക്ക് മുകളില്‍ അള്ളിപ്പിടിച്ചു കയറിയ നിരാലംബരായ മനുഷ്യര്‍ അക്കാലത്തെ കരളലയിക്കുന്ന കാഴ്ചയായിരുന്നു. അനേകായിരം കുടുംബങ്ങള്‍ക്ക് വിഭജനം തോരാത്ത കണ്ണീര്‍ സമ്മാനിച്ചു. അവര്‍ ജനിച്ചുവളര്‍ന്ന ഗ്രാമങ്ങളില്‍ ഉറ്റവരും ഉടയവരുമുണ്ട്. ഇന്ത്യയും പാകിസ്താനും ശത്രുരാജ്യങ്ങളായതിനാല്‍ വേര്‍പെട്ടു പോയ കുടുംബാംഗങ്ങള്‍ക്ക് അതിര്‍ത്തി കടന്ന് പുനഃസമാഗമം അസാധ്യമായിരുന്നു. പാകിസ്താന്‍ പഞ്ചാബില്‍ താമസിക്കുന്ന നസീര്‍ധില്ലന്‍(38) എന്ന മുസ്ലിംയുവാവിന്റെ കുടുംബം വിഭജനത്തിന്റെ കയ്പുനീര്‍ കുടിച്ച അനേകായിരം കുടുംബങ്ങളില്‍ ഒന്നായിരുന്നു. സ്വന്തം കുടുംബത്തിന്റെ വിഭജനാനുഭവങ്ങള്‍ 'പഞ്ചാബിലെഹര്‍' (പഞ്ചാബി തരംഗം) എന്ന യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ധില്ലന് പ്രേരണയായി.
നസീര്‍ധില്ലന്റെ ഉപ്പയും വല്യുപ്പയും ഇന്ത്യന്‍ പഞ്ചാബിലെ അമൃത് സറില്‍ നിന്ന് പാകിസ്താനില്‍ എത്തിപ്പെട്ടവരാണ്. പാകിസ്താനില്‍ പ്രയാസമൊന്നും അനുഭവപ്പെട്ടില്ലെങ്കിലും അവരുടെ മനസ്സ് എപ്പോഴും അമൃത് സറിലെ ജന്മഗ്രാമത്തിലെത്താന്‍ കൊതിച്ചു.
ബന്ധുക്കളെയും അയല്‍ക്കാരെയും കാണാന്‍ അവര്‍ അഭിലഷിച്ചു. ആ അഭിലാഷം സാക്ഷാത്കൃതമാകാതെ അവര്‍ മണ്ണിലേക്ക് മടങ്ങി. ഉപ്പയുടെയും വല്യുപ്പയുടെയും സ്വപ്നം സാക്ഷാത്ക്കരിക്കാനാവാതെ പോയതിന് താനും കാരണക്കാരനാണെന്ന കുറ്റബോധം ധില്ലനെ വേട്ടയാടി. ആ കുറ്റബോധത്തില്‍ നിന്നാണ് പഞ്ചാബിലെഹര്‍ ചാനല്‍ പിറക്കുന്നത്.
വിഭജനത്തില്‍ വേറിട്ടുപോയ രണ്ടുസഹോദരന്മാരെ ദശകങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ജനുവരിയില്‍ ഒന്നിപ്പിക്കാന്‍ കാര്‍മ്മികത്വം വഹിച്ചതോടെയാണ് പഞ്ചാബി ലെഹര്‍ ശ്രദ്ധാകേന്ദ്രമാവുന്നത്. സിക്കാഖാനും സാദിഖ്ഖാനുമാണ് 74 വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയത്. സിക്കാഖാന്‍ ഇന്ത്യയില്‍ ഉമ്മയോടൊപ്പവും സാദിഖ് ഖാന്‍ പാകിസ്താനില്‍ ഉപ്പയോടൊപ്പവുമായിരുന്നു കഴിഞ്ഞുപോന്നത്. തന്റെ ബന്ധുക്കളെ തേടുന്ന സാദിഖിന്റെ അഭ്യര്‍ഥനയടങ്ങുന്ന പഞ്ചാബി ലെഹറിലെ വിഡിയോ സിക്കാ ഖാന്റെ നാട്ടുകാരില്‍ ഒരാളുടെ ശ്രദ്ധയില്‍പെട്ടതാണ് സഹോദരന്മാരുടെ പുനഃസമാഗമത്തിന് വഴിയൊരുക്കിയത്. വികാരഭരിതമായ ആ പുനഃസമാഗമത്തിന്റെ വിഡിയോ പുറത്തിറങ്ങിയതോടെ പഞ്ചാബിലെഹര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു.
ചാനല്‍ തുടങ്ങുന്നതിനുമുന്‍പ് ധില്ലന്‍ ആടിക്കടി സിഖുമത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ നങ്കാനസാഹിബ് സന്ദര്‍ശിച്ചിരുന്നു. അവിടെ വെച്ചാണ് ഭുപിന്ദര്‍സിങ് ലവ് ലി എന്ന പാകിസ്താനി സിഖുകാരനുമായി ചങ്ങാത്തത്തിലായത്. ആ ചങ്ങാത്തം മഹത്തായ ഒരു സംരംഭത്തിന്റെ തുടക്കമായിരുന്നു. ഇരുവരുടെയും ശ്രമഫലമായി പഞ്ചാബിലെഹര്‍ എന്ന യുട്യൂബ് ചാനല്‍ യാഥാര്‍ഥ്യമായി. ഇന്ത്യാവിഭജനത്തിനിടയില്‍ കാണാതായ കുടുംബങ്ങളെ തേടുന്ന നിരവധിപേരെ നങ്കാനസാഹിബില്‍ ധില്ലനും ലവ്‌ലിയും കണ്ടു.
തുടക്കത്തില്‍ ചാനലിനെ കുറിച്ചൊന്നും ധില്ലനും ലവ്‌ലിയും ആലോചിക്കുകയുണ്ടായില്ല. നങ്കാനസാഹിബില്‍ പരിചിതരായ, കുടുംബാംഗങ്ങളെ തേടുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് സ്വന്തം സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തു. അതുവഴി കുറെകുടുംബങ്ങളെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞു. ആ ശ്രമങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. വലിയ പ്രശംസയും കിട്ടി. അങ്ങനെയാണ് ദൗത്യം വിപുലമാക്കുന്നതിന് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ആലോചിക്കുന്നത്. 2016ല്‍ പഞ്ചാബിലെഹര്‍ യാഥാര്‍ഥ്യമായി. അതോടെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ തേടുന്നവരുടെ അപേക്ഷകള്‍ നിറയാന്‍ തുടങ്ങി. ഓര്‍മ്മകളില്‍ നിറയുന്ന തറവാട് വീടുകളും ഗുരുദ്വാരകളും അന്വഷിക്കുന്നവരുടെ പ്രവാഹമായി.
ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി പങ്കിടുന്ന കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി 2019ല്‍ നിലവില്‍ വന്നതോടെ പഞ്ചാബി ലെഹറിന്റെ അധ്വാനഭാരം കുറഞ്ഞു. ചിതറിപ്പോയവരെ കൂട്ടിമുട്ടിക്കുക എളുപ്പമായി. കര്‍ത്താര്‍പൂര്‍ ഇടനാഴിയിലൂടെ വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയും എന്നതായിരുന്നു അനുഗ്രഹം. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഇവിടെ സ്ഥിതിചെയ്യുന്ന, ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന ഗുരുദ്വാരയിലെത്താം. ഖാന്‍ സഹോദരന്മാരടക്കം നിരവധി പേരുടെ പുനഃസമാഗമത്തിന് കര്‍ത്താര്‍പൂര്‍ ഇടനാഴി സാക്ഷ്യം വഹിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ അന്വഷിക്കുന്നവര്‍ ഇപ്പോള്‍ എഴുപതുവയസ്സ് പിന്നിട്ടവരാണ്. ജന്മനാടിന്റെ പാരമ്പര്യം മുതിര്‍ന്നവരില്‍ നിന്ന് അറിഞ്ഞവരാണവര്‍.
പഞ്ചാബിലെഹറിന് ഇപ്പോള്‍ ആറ് ലക്ഷം വരിക്കാരുണ്ട്. സന്നദ്ധപ്രവര്‍ത്തകരടങ്ങുന്ന ഒരു സംഘം ചാനലിനെ സഹായിക്കുന്നു. ഇതിനകം നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാന്‍ ചാനലിന് കഴിഞ്ഞിട്ടുണ്ട്. ഉറ്റവരെ ഒന്നിപ്പിക്കുന്നതിനെക്കാള്‍ മറ്റൊരു പണ്യകര്‍മ്മം ഇല്ലെന്നാണ് ധില്ലന്‍ പറയുന്നത്. ഇതൊക്കെയാണെങ്കിലും അമൃത് സറിലെ തന്റെ മുന്‍ഗാമികളുടെ ഗ്രാമം സന്ദര്‍ശിക്കാന്‍ ധില്ലന് കഴിഞ്ഞിട്ടില്ല. വിസയ്ക്ക് അപേക്ഷിച്ചെങ്കിലും തള്ളി. എപ്പോഴെങ്കിലും തന്റെ ആഗ്രഹം പൂവണിയുമെന്ന് നസീര്‍ധില്ലന്‍ പ്രത്യാശിക്കുന്നു.മഹാദൗത്യവുമായി പഞ്ചാബിലെഹര്‍ പ്രയാണം തുടരുമ്പോള്‍ ആയിരക്കണക്കിനാളുകളിലാണ് പ്രതീക്ഷ നിറയുന്നത്.
(അവലംബം:ബിബിസി ന്യൂസ്)
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."