ഇന്ത്യ-സഊദി വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി
റിയാദ്: ഇന്ത്യക്കും സഊദി അറേബ്യക്കും പൊതുവായി താത്പര്യമുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍ സംയുക്തമായി പ്രവര്‍ത്തിക്കാനും ഉഭയകക്ഷി ചര്‍ച്ചകളും ഏകോപനവും മെച്ചപ്പെടുത്താനും റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍ ധാരണയായി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് കഴിഞ്ഞ ദിവസം സൗദിയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഇന്നലെ സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരനുമായി നടത്തിയ ചര്‍ച്ചയിലാണ് പരസ്പരം സഹകരിച്ചു മുന്നോറാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്രതലത്തില്‍ സമാധാനവും സുരക്ഷയും വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യക്കും സൗദി അറേബ്യക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളുടെ പ്രാധാന്യവും ഇരുവരും ചര്‍ച്ച ചെയ്തു. രണ്ട് സൗഹൃദ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും ഇരുവുരുടേയും ചര്‍ച്ചയില്‍ ഇടം നേടി. സ്വീകരണച്ചടങ്ങില്‍ സൗദി വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടര്‍സെക്രട്ടറി അംബാസഡര്‍ ഡോ. സഊദു സ്വാത്തി ഇന്ത്യയിലെ സൗദി അറേബ്യന്‍ സ്ഥാനപധി സ്വലാഹ് ഹുസൈനിയും സംബന്ധിച്ചു.
വിദേശകാര്യ മന്ത്രിയായ ശേഷം ഡോ. എസ് ജയശങ്കര്‍ ആദ്യമായാണ ്‌സഊദിയിലെത്തുന്നത്. മൂന്ന് ദിവസത്തെ ഔദ്യോഗിക പര്യടനത്തിന് റിയാദിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ ശനിയാഴ്ച രാത്രി ദറഇയ ഗേറ്റ് വികസന അതോറിറ്റി പദ്ധതി മേഖല സന്ദര്‍ശിച്ചു. സൗദി അറേബ്യയുടെ പൗരാണിക ഭരണസിരാകേന്ദ്രമായിരുന്ന ദറഇയ ചരിത്രനഗരത്തിന്റെ സംരക്ഷണത്തിന് രൂപവത്കരിച്ച അതോറിറ്റിയാണ് ദറഇയ ഗേറ്റ്. നഗരത്തില്‍ പ്രവേശിച്ച മന്ത്രിക്ക് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉപദേശകന്‍ അബ്ദുല്ല അല്‍ഗാനം പദ്ധതിയെയും ചരിത്രനഗരത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിശദീകരിച്ചുകൊടുത്തു.
അതിന് ശേഷം ഡോ. എസ്. ജയശങ്കര്‍ അതോറിറ്റി അധികൃതര്‍ക്കും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സല്‍വ കൊട്ടാരവും ദറഇയ ഗാലറിയും ത്രീഡി മാപ്പിങ് ഷോയും കണ്ടു. ഡോ. എസ്. ജയശങ്കര്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ആസ്ഥാനം സന്ദര്‍ശിക്കുകയും സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് മുബാറക് അല്‍ഹജ്‌റഫുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നിലവിലെ പ്രാദേശിക, ആഗോള സാഹചര്യങ്ങളെക്കുറിച്ചും അത്തരം സന്ദര്‍ഭത്തില്‍ ഇന്ത്യ-ജി.സി.സി സഹകരണത്തിന്റെ പ്രസക്തിയെക്കുറിച്ചും വീക്ഷണങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."