വൈദ്യുതരംഗം പ്രതിസന്ധിയിലേക്ക്
ജേക്കബ് ജോസ്
1987 വരെ വൈദ്യുതി മിച്ച സംസ്ഥാനമായിരുന്ന കേരളം ഇന്ന് ആവശ്യമുള്ളതിന്റെ എഴുപത്തിമൂന്ന് ശതമാനം വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഉപയോഗിച്ച 25,125 മില്യണ്‍ യൂനിറ്റ് വൈദ്യുതിയില്‍, 18,267 മില്യണ്‍ യൂനിറ്റും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരികയായിരുന്നു. ഈ ആവശ്യത്തിന് കെ.എസ്.ഇ.ബി മുടക്കിയ തുകയാകട്ടെ 8680 കോടി രൂപയും. ഈ രീതിയില്‍ മുന്നോട്ടു
പോവുകയാണെങ്കില്‍ വലിയ പ്രതിസന്ധിയാണ് കേരളത്തെ കാത്തിരിക്കുന്നത്. ഓരോ വര്‍ഷവും ചുരുങ്ങിയത് 1600 കോടിയുടെ നഷ്ടമുണ്ടാക്കുന്ന കെ.എസ്.ഇ.ബി ഇനിയെങ്കിലും ഇവിടെത്തന്നെ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പരിശ്രമിക്കണം. അതിരപ്പിള്ളി പോലുള്ള വന്‍കിട പദ്ധതികള്‍ക്ക് പിന്നാലെ സമയം നഷ്ടപ്പെടുത്താതെ, മുടങ്ങിക്കിടക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കണം. ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് അണക്കെട്ടോ, ജലസംഭരണിയോ ആവശ്യമില്ലാത്തതിനാല്‍ അവയുടെ പരിസ്ഥിതി ആഘാതം തുലോം കുറവാണ്.
പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം
കെ.എസ്.ഇ.ബിയുടെ നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം. 2007ല്‍ പണി തുടങ്ങിയ പദ്ധതി 2011ല്‍ പൂര്‍ത്തീകരിച്ച് കമ്മിഷന്‍ ചെയ്യേണ്ടതായിരുന്നു. ഇപ്പോള്‍ തന്നെ പതിനാലു വര്‍ഷം പിന്നിട്ടിരിക്കുന്ന ഈ പദ്ധതി എന്ന് പൂര്‍ത്തിയാവുമെന്ന് കെ.എസ്.ഇ.ബിക്കും നിശ്ചയമില്ല. മണ്ണിന്റെ ഘടനയിലുള്ള മാറ്റം നിമിത്തം ടണല്‍ ഇടിയുന്നു എന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്. പവര്‍ഹൗസിന്റെ പണിക്ക് ചൈനീസ് എന്‍ജിനീയര്‍മാര്‍ വരാന്‍ വിസമ്മതിക്കുന്നു എന്നാണ് പുതിയ തൊടുന്യായം. 2010ല്‍ ഇറക്കുമതി ചെയ്ത മെഷിനറിയുടെ ഗ്യാരന്റി 2014ല്‍ തീര്‍ന്നു. ഇത് അറിയാമെങ്കിലും, കരാറുകാരെ കുഴപ്പിക്കാനും പദ്ധതി കൂടുതല്‍ താമസിപ്പിക്കാനും വേണ്ടിയാണ് പ്രസ്തുത നിബന്ധന എഴുതിച്ചേര്‍ത്തത്. ഈ ചെറിയ പവര്‍ഹൗസ് ഇന്ത്യന്‍ സാങ്കേതികശേഷി ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കുക മാത്രമാണ് ഏക പോംവഴി.
ഓരോ ദിവസവും 1.44 മില്യണ്‍ യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയാണിത്. ഇവിടെ വൈദ്യുതിയെടുത്തതിനുശേഷം പുറത്തേക്കൊഴുകുന്ന വെള്ളംകൊണ്ട് ചെങ്കുളം പവര്‍ഹൗസിലും തത്തുല്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാം. അതുകൊണ്ട് പദ്ധതി വൈകുന്തോറും സാമ്പത്തിക നഷ്ടം കുമിഞ്ഞു കൂടുകയാണ്. യൂനിറ്റിന് 3.5 രൂപവച്ച് കണക്കു കൂട്ടിയാല്‍ പോലും ദിവസം ഒരു കോടിയുടെ നഷ്ടം. ആരാണിതിന് ഉത്തരം പറയേണ്ടത്?
പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം മുടങ്ങിയതിനാല്‍ മറ്റൊരു വലിയ ദുരന്തവും നമ്മെ തുറിച്ചു നോക്കുകയാണ്. പഴയ പവര്‍ഹൗസിലേക്ക് പോകുന്ന നാല് ചെറിയ പെന്‍സ്റ്റോക്ക് പൈപ്പുകളുടെ പ്രായം 83 വര്‍ഷമായി. കാലപ്പഴക്കത്താല്‍ പൈപ്പുകള്‍ തുരുമ്പ് പിടിച്ച് ചോര്‍ന്നൊലിക്കുകയാണ്. ഇവ ഏതു നിമിഷവും പൊട്ടാവുന്ന സ്ഥിതിയിലാണ്. നൂറുകണക്കിന് നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ട്. ഇക്കാരണത്താല്‍ കെ.എസ്.ഇ.ബി 37.5 മെഗാവാട്ട് ശേഷിയുള്ള പഴയ പവര്‍ഹൗസ് വെറും 17.5 മെഗാവാട്ട് ശേഷിയിലാണ് ഓടിക്കുന്നത്. കെ.എസ്.ഇ.ബിയുടെ എല്‍.ഡി.സി വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം പണി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പഴയ പവര്‍ഹൗസിലേക്കുള്ള 1.6 മീറ്റര്‍ വ്യാസമുള്ള പൈപ്പിന്റെ പണിയും പൂര്‍ത്തിയാക്കി പഴയ നാല് പൈപ്പുകള്‍ ഒഴിവാക്കാന്‍ സാധിക്കൂ.
വഞ്ചിയം
വടക്കേ മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതിയായിരുന്നു മൂന്ന് മെഗാവാട്ട് ശേഷിയുള്ള വഞ്ചിയം. കണ്ണൂര്‍ ജില്ലയിലെ ചന്ദനക്കാംപാറയിലുള്ള ഈ പദ്ധതി നിര്‍മാണം 1993 ലാണ് തുടങ്ങിയത്. മൂന്നു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഈ പദ്ധതി ഇപ്പോഴും നിലച്ചു കിടക്കുകയാണ്. വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന വിശദാംശങ്ങളനുസരിച്ച്, പദ്ധതി നിലവില്‍ കെ.എസ്.ഐ.ഡി.സിക്ക് കൈമാറിയിരുക്കുകയാണ്. പക്ഷേ, വഞ്ചിയത്തെ പദ്ധതി പ്രദേശത്ത് ഒരു നിര്‍മാണവും നടക്കുന്നില്ല. ദീര്‍ഘമായ ഈ കാലയളവില്‍ കെ.എസ്.ഇ.ബിക്ക് ചുരുങ്ങിയത് 150 കോടി രൂപയുടെ വൈദ്യുതി ഈ ചെറിയ പദ്ധതിയില്‍നിന്ന് ഉല്‍പാദിപ്പിക്കാമായിരുന്നു. നൂറുകണക്കിന് വിദഗ്ധ തൊഴിലാളികള്‍ക്കും അനേകം എന്‍ജിനീയര്‍മാര്‍ക്കും ജോലി ലഭിക്കാവുന്ന വഞ്ചിയം പദ്ധതി ഇനിയെങ്കിലും നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചെമ്പുകടവ്
ഈ പദ്ധതിയുടെ മൂന്നാംഘട്ടത്തിനുവേണ്ടി 28 കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള 15 ഏക്കര്‍ സ്ഥലം കെ.എസ്.ഇ.ബി ഏറ്റെടുത്തിട്ട് 16 വര്‍ഷമായി. ഇതുവരെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല. ആറ് മെഗാവാട്ട് ശേഷിയുള്ള ചെമ്പുകടവ് മൂന്നാംഘട്ട പദ്ധതിയടക്കം 157 മെഗാവാട്ട് ശേഷിയുള്ള 14 ചെറുകിട ജല വൈദ്യുത പദ്ധതികള്‍ കോഴിക്കോട് ജില്ലയില്‍ മാത്രം മുടങ്ങിക്കിടക്കുന്നു. എന്നാല്‍, ഈ പദ്ധതികള്‍ക്കുവേണ്ടി വിന്യസിച്ചിരിക്കുന്ന സിവില്‍ എന്‍ജിനീയര്‍മാര്‍ വര്‍ഷങ്ങളായി വെറുതെ ഇരുന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പറ്റുകയാണ്.
മുന്നോട്ടുള്ള പാത
നിലവില്‍ മുടങ്ങിക്കിടക്കുന്ന 104 ചെറുകിട ജല വൈദ്യുത പദ്ധതികളുടെ ശേഷി 785 മെഗാവാട്ടാണ്. കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇവയില്‍ 185 മെഗാവാട്ട് ശേഷിയുള്ള പദ്ധതികളുടെ പണി താരതമ്യേന വേഗത്തില്‍ നടക്കുന്നുണ്ട്. ശേഷിക്കുന്ന 600 മെഗാവാട്ട് പദ്ധതികളില്‍ പകുതിയെങ്കിലും ബി.ഒ.ടി വ്യവസ്ഥയില്‍ സ്വകാര്യ സംരംഭകര്‍ക്ക് നല്‍കാവുന്നതാണ്. ഇപ്പോള്‍ തന്നെ കോടഞ്ചേരിയിലുള്ള പതങ്കയം(6 മെഗാവാട്ട്), ഇരുട്ടുകാനത്തുള്ള വിയ്യാറ്റ് (3 മെഗാവാട്ട്) തുടങ്ങി അനേകം സ്വകാര്യ ജല വൈദ്യുത പദ്ധതികള്‍ നല്ല രീതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ പദ്ധതികള്‍ പുനഃസംഘടിപ്പിച്ചാല്‍ ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ 500 മെഗാവാട്ട് ഉല്‍പാദനശേഷി വര്‍ധിപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."