കണ്ണ് നിറയിച്ച ഇടറാത്ത വാക്കുകള്‍
'പരാജയപ്പെട്ട ആത്മഹത്യകളുടെ ബാക്കിപത്രമാണ് എന്റെ ജീവിതം'...
ഇങ്ങനെ പറയുമ്പോള്‍ ആനിയുടെ കണ്ണുകളും വാക്കുകളും ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. ആ മിഴികള്‍ ഈറനണിഞ്ഞിരുന്നതേയില്ല. വാക്കുകള്‍ ഇടറിയിരുന്നതേയില്ല. തികഞ്ഞ ആത്മവിശ്വാസമാണ് ആ മുഖത്തു തെളിഞ്ഞു നിന്നത്.
പക്ഷേ, ആനി ശിവ എന്ന പൊലിസ് ഉദ്യോഗസ്ഥ അത്രയും പറയുന്നത് ടെലിവിഷനില്‍ കേട്ടിരുന്ന എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. യൗവനാരംഭത്തില്‍ തന്നെ ആ പെണ്‍കുട്ടി അനുഭവിച്ച കൈയ്‌പേറിയ ജീവിതാനുഭവങ്ങളുടെ വിവരണം ആരുടെയും കരളുരുക്കും. ആ സഹോദരി അത്തരം പ്രതിസന്ധികള്‍ ധീരമായി തരണം ചെയ്തത് ഓര്‍ക്കുമ്പോഴുള്ള ആദരവും കണ്ണിനെ ഈറനണിയിക്കും.
'ആനി ശിവയുടെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാണോ', ചാനല്‍ അവതാരകന്‍ ചോദിച്ചു.
ആനിയുടെ ഉത്തരം ഇങ്ങനെയായിരുന്നു: 'എന്റെ ജീവിതാനുഭവങ്ങള്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് ഉണ്ടാകരുതെന്നാണു പ്രാര്‍ഥന. ഞാനും മകനും അത്രയേറെ സഹിച്ചിട്ടുണ്ട്. എങ്കിലും, ഇത്തരം ദുരിതാവസ്ഥയില്‍ വന്നുപെടുന്ന സഹോദരിമാരോടു പറയാനുള്ളത് ഒരു കാര്യം മാത്രം. തോല്‍വി സമ്മതിച്ചു വിധിക്കു കീഴടങ്ങരുത്. പൊരുതുക. പൊരുതി ജയിക്കുക. മനസ്സുറപ്പുണ്ടെങ്കില്‍ വിജയിക്കും. അക്കാര്യത്തില്‍ എന്റെ ജീവിതം ചെറിയ രൂപത്തിലെങ്കിലും പ്രചോദനമാകുമെങ്കില്‍ സന്തോഷം'.
മാധ്യമങ്ങളില്‍ തുടരെത്തുടരെ വന്നുകൊണ്ടിരുന്ന യുവതികളുടെ ആത്മഹത്യാ വാര്‍ത്തകള്‍ക്കിടയിലാണ് ആനിയുടെ പോരാട്ടവിജയ വൃത്താന്തം സമൂഹത്തിനു മുന്നിലെത്തുന്നത്. അതുതന്നെയാണ് ആ ജീവിതവിജയത്തിന്റെ പ്രസക്തി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും തുടര്‍ച്ചയായി അനുഭവിക്കേണ്ടി വന്ന പീഡനം മൂലമാണല്ലോ വിസ്മയയും സുചിത്രയും ധന്യയും മറ്റും ജീവനൊടുക്കിയത്. തന്റെ ജീവിതം മറ്റുള്ളവരുടെ ധാര്‍ഷ്ട്യത്തിനും ക്രൂരതയ്ക്കും മുന്നില്‍ അടിയറ വയ്‌ക്കേണ്ടതല്ലെന്നു ചിന്തിക്കാനുള്ള മാനസികാവസ്ഥ ഒരു ദുര്‍ബലനിമിഷത്തില്‍ ആ സഹോദരിമാര്‍ക്ക് ഇല്ലാതായിപ്പോയി.
ദുരനുഭവങ്ങള്‍ ഏറെ സഹിക്കേണ്ടി വരുന്ന ഒട്ടേറെ സഹോദരിമാര്‍ ഇപ്പോഴും ഈ സമൂഹത്തില്‍ ആരോരുമറിയാതെ കഴിയുന്നുണ്ടാവാം. തീര്‍ച്ചയായും, അവര്‍ക്കെല്ലാം ഗുണപാഠമാകേണ്ടതാണ് ആനിയുടെ ജീവിതം.
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു കാമുകനൊപ്പം ഇറങ്ങിപ്പോയെന്നതു മാത്രമാണ് ആനി ചെയ്ത 'തെറ്റ് '. കാമുകനെ വിവാഹം കഴിച്ച് ഒപ്പം ജീവിച്ചു. അതിനിടയില്‍ കുഞ്ഞു പിറന്നു. ഭര്‍ത്താവും കുഞ്ഞുമടങ്ങുന്ന കുടുംബവുമായി സ്വസ്ഥമായി ജീവിക്കണമെന്ന ലളിതമായ ആഗ്രഹമേ ആനിക്ക് ഉണ്ടായിരുന്നുള്ളൂ. വിധി അതിനും അനുവദിച്ചില്ല.
ഒന്നാംവര്‍ഷ ബിരുദത്തിനു പഠിക്കെ കാമുകനൊപ്പം ഇറങ്ങിത്തിരിച്ച ആനി മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയായിരിക്കെ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടു. അതു താങ്ങാനാവാത്ത തിരിച്ചടിയായിരുന്നു. അത്തരമൊരു ഘട്ടത്തില്‍ വീട്ടുകാര്‍ കൈവിടില്ലെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, പിതാവ് കനിഞ്ഞില്ല. നിര്‍ദാക്ഷിണ്യം ആട്ടിയിറക്കി.
ഇത്തരമൊരു പ്രതിസന്ധിയില്‍പ്പെടുന്ന ഇരുപതുകാരി എന്തു ചെയ്യും.
പലരും രണ്ടാമതൊന്ന് ആലോചിക്കില്ല. മരണത്തെ അഭയം പ്രാപിക്കും. അതല്ലെങ്കില്‍ വഴി പിഴച്ചു ജീവിക്കാന്‍ നിര്‍ബന്ധിതയാകും.
അവിടെയാണ് ആനി മാതൃകയാവുന്നത്.
അഭയം തരാതെ തന്നെ ഇറക്കി വിടുമ്പോള്‍, അരുതെന്നു വിലക്കിയവരോട് പിതാവ് പറഞ്ഞ വാക്കുകള്‍ മനസില്‍ അലയടിച്ചു, 'അവളെ ഇത്രവരെ പഠിപ്പിച്ചില്ലേ. ഇനി സ്വയം ജീവിച്ചു തെളിയിക്കട്ടെ'.
തെരുവിലെ ശൂന്യതയിലേയ്ക്കിറങ്ങുമ്പോള്‍ ആ വാക്കുകള്‍ മാത്രമായിരുന്നു മനസില്‍. അതവളെ അധീരയാക്കിയില്ല. ജീവിതം ഒടുക്കാന്‍ പ്രേരണയായില്ല. എന്തുകൊണ്ട് സ്വന്തം കാലില്‍ നിന്നു ജീവിച്ചുകാണിച്ചു കൂടാ എന്ന ചിന്ത മനസിലുണര്‍ന്നു. അതായിരുന്നു ആനിയുടെ ജീവിതത്തിലെ വഴിത്തിരിവ്.
ഭാഗ്യത്തിന് അമ്മൂമ്മയുടെ വീട്ടില്‍ അഭയം കിട്ടി. പക്ഷേ, ജീവിക്കണമെങ്കില്‍ അധ്വാനിക്കണം. അതിനവള്‍ ഒരുക്കമായിരുന്നു. ഹോം ഡെലിവറി, ഡാറ്റാ എന്‍ട്രി, നാരങ്ങാവെള്ളം വില്‍പ്പന തുടങ്ങി പല തൊഴിലും ചെയ്തു. അതിനിടയില്‍ വാശിയോടെ പഠനം പൂര്‍ത്തിയാക്കി ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു.
ഇത്രയും കേള്‍ക്കുമ്പോള്‍ പ്രയാസരഹിതമായിരുന്നു ആനിയുടെ ജീവിതമെന്നു ചിന്തിച്ചുപോകാം. ഇവിടെയാണ് ആനി പറഞ്ഞ വാക്കുകള്‍ ഓര്‍ക്കേണ്ടത്, 'പരാജയപ്പെട്ട ആത്മഹത്യകളുടെ ബാക്കിപത്രമാണ് ' തന്റെ ജീവിതമെന്ന വാക്കുകള്‍. ഭര്‍ത്താവും വീട്ടുകാരും ഉപേക്ഷിച്ച് അശരണയായ യുവതിയോട് സമൂഹത്തിലെ ഞരമ്പുരോഗികളില്‍ നിന്നുണ്ടാകാവുന്ന പ്രതികരണമുണ്ടല്ലോ. അവയെല്ലാം പലപ്പോഴായി അനുഭവിച്ചു.
ഇത്രയേറെ തിക്താനുഭവങ്ങളുണ്ടായിട്ടും ധീരമായി തരണം ചെയ്ത് ഒടുവില്‍ പൊലിസ് ഉദ്യോഗസ്ഥയുടെ കസേരയില്‍ എത്തിച്ചേര്‍ന്നുവെന്നതു തീര്‍ച്ചയായും ജീവിതപ്രയാസങ്ങള്‍ക്കു മുന്നില്‍ തളര്‍ന്നു വീഴുന്ന ഓരോരുത്തര്‍ക്കും ഗുണപാഠം തന്നെയാണ്.
ആനി മാത്രമല്ല, അവളുടെ ജീവിതകഥയിലെ മാതൃക, മറ്റു പലരുമുണ്ട്. അതില്‍ ആദ്യമായി പറയേണ്ടത് എല്ലാവരും കൈവെടിഞ്ഞ അവസ്ഥയിലും അവള്‍ക്ക് മാര്‍ഗനിര്‍ദേശകനും പിതൃതുല്യനും സഹോദരനും സുഹൃത്തും സഹായിയുമാകാന്‍ തയാറായ ബന്ധു കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഷാജിയാണ്. ആനിക്ക് ഭ്രഷ്ട് ഭയമില്ലാതെ കയറിച്ചെല്ലാവുന്ന വീട് ഷാജിയുടേതായിരുന്നു.
പി.എസ്.സി ആദ്യമായി വനിത എസ്.ഐ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ അക്കാര്യം ആനിയുടെ ശ്രദ്ധയില്‍ പെടുത്തിയതും അപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതും ഷാജിയായിരുന്നു.
ഷാജിയോട് ആനിക്ക് എത്രമാത്രം ആദരവുണ്ടെന്നു വ്യക്തമാക്കുന്നതാണ് എസ്.ഐ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ലഭിച്ച സ്റ്റാര്‍ തോളില്‍ കുത്താതെ അവള്‍ മൂന്നു ദിവസം കാത്തുനിന്നത്. പാസ്സിങ് ഔട്ട് ദിവസം എത്താനാവാതിരുന്ന പിതൃതുല്യനായ ഷാജിയെ കാത്തിരിക്കുകയായിരുന്നു ആനി. അദ്ദേഹം വന്നു തോളില്‍ സ്റ്റാര്‍ കുത്തിയ ശേഷമാണ് ആ മുഖം തെളിഞ്ഞത്. അശരണര്‍ക്കു കൈത്താങ്ങാവുകയെന്നത് തീര്‍ച്ചയായും മാതൃകാപരമായ ജീവിതം തന്നെയല്ലേ.
മാതൃഹൃദയത്തിന്റെ ഉദാത്ത മാതൃക തീര്‍ച്ചയായും ആനിയിലുണ്ട്. മകനുവേണ്ടി മാത്രമായാണ് ആനി ജീവിച്ചത്, ജീവിക്കുന്നത്. മകന്റെ അച്ഛനും അമ്മയും സഹോദരിയും കൂട്ടുകാരനും എല്ലാമാണ് ആനി. അതുപോലെ നമ്മെ ആകര്‍ഷിക്കുന്ന മാതൃഹൃദയം ആനിയുടെ മാതാവിന്റേതാണ്. പിതാവ് ആദ്യം മകളെ പടിക്കു പുറത്താക്കിയപ്പോള്‍, ആദ്യം നീറുന്ന ഹൃദയത്തോടെയെങ്കിലും ഭര്‍ത്താവിനെ ധിക്കരിക്കാതെ നിന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പൊലിസ് കോണ്‍സ്റ്റബിളായ മകള്‍ കൊച്ചുകുട്ടിയുമായെത്തി അവന് കുറച്ചുനാള്‍ അഭയം നല്‍കുമോ എന്നു ചോദിച്ചിപ്പോള്‍ അതും അനുവദിക്കാന്‍ ഭര്‍ത്താവ് തയാറാകുന്നില്ലെന്നു കണ്ട് ആ കൈക്കുഞ്ഞിനു താങ്ങാകാന്‍ വീടുവിട്ടവളാണ് ആ അമ്മ. മക്കളുടെ ഏതു തെറ്റും പൊറുക്കാന്‍ മാതൃഹൃദയത്തിനു കഴിയും, കഴിയണം.
പിതാവിനെക്കുറിച്ച് ആനി പറഞ്ഞ വാക്കുകള്‍ ഇവിടെ അവതരിപ്പിച്ച് അവസാനിപ്പിക്കാം. 'ഇനി അച്ഛന്‍ വന്നു വിളിച്ചാല്‍ വീട്ടിലേയ്ക്കു പോകുമോ' എന്ന ചാനല്‍ അവതാരകന്റെ ചോദ്യത്തിന് ആനി നല്‍കിയ ഉത്തരം ഹൃദയാവര്‍ജകമാണ്.
'എന്നെ ഐ.പി.എസ്സുകാരിയാക്കണമെന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞില്ലെന്ന മനോവിഷമമുണ്ട്. അച്ഛന്റെ മുന്നില്‍ നില്‍ക്കാനുള്ള ധൈര്യം ഇപ്പോഴുമില്ല, എങ്കിലും എന്റെ അച്ഛനല്ലേ'.
ജീവിതാനുഭവങ്ങളോടേ ആനി പ്രതികാരം ചെയ്തുള്ളൂ.
വ്യക്തികള്‍ അവള്‍ക്ക് പ്രിയപ്പെട്ടവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."